എസ് ദുര്‍ഗയ്ക്കും ന്യൂഡിനും വിലക്ക്: ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാന്‍ രാജിവച്ചു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 14th November 2017 08:19 AM |
Last Updated: 14th November 2017 08:19 AM | A+A A- |

ന്യൂഡല്‍ഹി: 48മത് ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മലയാള ചിത്രം എസ് ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും പ്രദര്‍ശിപ്പിക്കേണ്ടെന്ന കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലായത്തിന്റെ തീരുമാനത്തിന് പിന്നാലെ ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവച്ചു.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്‍പ്പെടുത്തിയിരുന്ന ഈ രണ്ടുചിത്രങ്ങള്‍ ഒഴിവാക്കുകയാണെന്ന് ഒമ്പതിനാണ് വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചത്. ഇതിനെതിരെ ജൂറി അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രമാണ് സെന്‍സര്‍ ബോര്‍ഡിന്റ കത്തിക്കിരയായി എസ് ദുര്‍ഗയായി ഫിലിം ഫെസ്റ്റിവലിനെത്തിയത്. രവി ജാദവാണ് ന്യൂഡിന്റെ സംവിധായകന്‍. ജൂറി അംഗങ്ങളോട് ആലോചിക്കാതെയായിരുന്നു ചിത്രങ്ങളെ വാര്‍ത്താ വിതരണ മന്ത്രാലയം ഒഴിവാക്കിയത്. ഇതാണ് സുജോയ് ഘോഷിനെ ചൊടിപ്പിച്ചതും രാജിയിലേക്ക് നയിച്ചതെന്നും അറിയുന്നു.
ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധമുണ്ടെന്ന് സനല്‍കുമാര്‍ ശശിധരനും രവി ജാദവും പറഞ്ഞു. സമകാലീന സിനികളില്‍ മികച്ച ചിത്രങ്ങളാണ് സെക്‌സി ദുര്‍ഗയും ന്യൂഡും. ഇപ്പോഴത്തെ ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ വ്യക്തമായി വരച്ചുകാട്ടുന്ന ചിത്രങ്ങളാണ് ഇവയെന്ന് ജൂറി മെമ്പറായ അപൂര്‍വ്വ അസ്രാണി ട്വീറ്റ് ചെയ്തു. അഞ്ച് മുഖ്യധാരാ ചിത്രങ്ങള്‍ ഉള്‍പ്പെടെ 26 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ തെരഞ്ഞെടുത്തിരുന്നത്. 153 എന്‍ട്രികളില്‍ നിന്നാണ് ഇവ തെരഞ്ഞെടുത്തത്.