റാണി പദ്മാവതി രാഷ്ട്രമാതാവ്; പ്രതിമ സ്ഥാപിക്കും; പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍

സംസ്ഥാന തലത്തില്‍ രാഷ്ട്രമാതാ പദ്മാവതി പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു
റാണി പദ്മാവതി രാഷ്ട്രമാതാവ്; പ്രതിമ സ്ഥാപിക്കും; പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍:സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര ചിത്രം പദ്മാവതിയുടെ റിലീസ് മാറ്റിവെക്കണം എന്ന ഹിന്ദു സംഘടനകളുടെ ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, റാണി പദ്മാവതിയെ രാഷ്ട്രമാതാവായി പ്രഖ്യാപിച്ചു. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തില്‍ രാഷ്ട്രമാതാ പദ്മാവതി പുരസ്‌കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. 

ചിത്രം കണ്ടു സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സെന്‍സര്‍ ബോര്‍ഡ് തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പെയാണു ശിവരാജ് സിങ് ചൗഹാന്റെ തീരുമാനം വന്നത്. രജപുത്ര നേതാക്കന്മാരും കര്‍ണിസേനയുടെ പ്രതിനിധികളുമായും ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. ചെറുപ്പംമുതല്‍ രാജ്ഞിയുടെ ത്യാഗത്തിന്റെ കഥ നമ്മള്‍ കേട്ടുവരുന്നുണ്ടെന്നു പറഞ്ഞ ചൗഹാന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത് സഹിക്കില്ലെന്നും പറഞ്ഞു. ഇത്തരം രംഗങ്ങള്‍ മാറ്റിയാലെ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പദ്മാവതിക്ക് എതിരെയുള്ള ബിജെപി നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കവുമായി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയിരിക്കുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെയും പദ്മാവതിയായി അഭിനയിക്കുന്ന ദീപികാ പദുക്കോണിന്റെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി ഇനാമാണ് ഹരിയാനയിലെ ബിജെപി നേതാവ് സുരാജ് പാല്‍ അമു പ്രഖ്യാപിച്ചത്. 

രജപുത്ര രാജ്ഞി ആായിരുന്ന റാണി പദ്മാവതിയുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടെയും കഥ പറയുന്ന ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാമുകിയായി പദ്മാവതിയെ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് രജപുത് സംഘടനകള്‍ ആണ് ആദ്യം രംഗത്തെത്തിയത്. ഇത് പിന്നീട് തീവ്ര ഹിന്ദു സംഘടനകള്‍ ഏറ്റെടുക്കുകയും ബിജെപി രാഷ്ട്രീയ ആയുധമാക്കി മാറ്റുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com