എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിലേക്ക്

സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നു രണ്ടു ദിവസമായിട്ടും എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടികളൊന്നും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയമോ ചലച്ചിത്ര മേള അധികൃതരോ സ്വീകരിച്ചിരുന്നില്ല
എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിലേക്ക്

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ച് വിധിയോ ചോദ്യം ചെയ്ത് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. 

സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നു രണ്ടു ദിവസമായിട്ടും എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടികളൊന്നും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയമോ ചലച്ചിത്ര മേള അധികൃതരോ സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തുവന്നിരുന്നു. മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന വിധിക്കൊപ്പം രാജ്യാന്തര ചലച്ചിത്ര മേള ഡയറക്ടര്‍ക്ക് മെയില്‍ അയച്ചതായി ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള സനല്‍കുമാര്‍ ശശിധരന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഗവണ്‍മെന്റ് പ്ലീഡറും ഇക്കാര്യം അവരെ അറിയിച്ചുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ വിധി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം സ്വീകരിക്കുന്നതെന്ന് സനല്‍ കുറ്റപ്പെടുത്തി.


കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് മേളയില്‍നിന്ന് ഒഴിവാക്കിയ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ ചൊവ്വാഴ്ചയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ജൂറിയുടെ നിര്‍ദേശം തള്ളി ചിത്രം ഇന്ത്യന്‍ പനോരമയില്‍നിന്ന് ഒഴിവാക്കിയ കേന്ദ്ര നടപടി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. മേളയില്‍ ചിത്രത്തിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് പ്രദര്‍ശിപ്പിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

പതിമൂന്നംഗ ജൂറി നിര്‍ദേശിച്ച 26 ചിത്രങ്ങളുടെ പട്ടികയില്‍ എസ് ദുര്‍ഗ എന്നു പേരുമാറ്റിയ സെക്‌സി ദുര്‍ഗ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ചിത്രം ഒഴിവാക്കി. ഇതോടൊപ്പം പനോരമയുടെ ഉദ്ഘാടന ചിത്രമായി ജൂറി നിര്‍ദേശിച്ച രാജിവ് ജാദവിന്റെ ന്യൂഡും പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിനെതിരെ നേരത്തെ തന്നെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. സെക്‌സി ദുര്‍ഗ എന്ന പേരിന്റെ പേരിലായിരുന്നു ഇവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നു മാറ്റുകയായിരുന്നു. സുജോയ് ഘോഷിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ജൂറിയാണ് എസ് ദുര്‍ഗ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. ജൂറി നല്‍കിയ പട്ടികയില്‍നിന്ന് സനല്‍ കുമാര്‍ ശശിധരന്റെ ചിത്രവും രാജിവ് ജാദവിന്റെ ന്യൂഡും ഒഴിവാക്കിക്കൊണ്ടാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അന്തിമ പട്ടിക പുറത്തിറക്കിയത്. ഇതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേരള ഹൈക്കോടതിക്ക് ഈ ഹര്‍ജി കേള്‍ക്കാന്‍ അധികാരമില്ലെന്ന മന്ത്രാലയത്തിന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

ജൂറി അധ്യക്ഷനെയോ അംഗങ്ങളെയോ അറിയിക്കാതെയാണ് മന്ത്രാലയം പട്ടികയില്‍ മാറ്റം വരുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനും ഏതാനും അംഗങ്ങളും രാജിവയ്ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com