ആരു തടയില്ല; പത്മാവതിയെ സ്വാഗതം ചെയ്ത് മമത ബാനര്‍ജി

പത്മാവതി ചിത്രം നിര്‍ഭയമായി ബംഗാളില്‍ പ്രദര്‍ശിപ്പിക്കാം - ആരും തടയില്ല - പ്രദര്‍ശനത്തിനുവേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മമത
ആരു തടയില്ല; പത്മാവതിയെ സ്വാഗതം ചെയ്ത് മമത ബാനര്‍ജി

കൊല്‍ക്കത്ത: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിയുടെ പ്രദര്‍ശനത്തിന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ നിരോധിച്ചതിനും പിന്നാലെ ബംഗാളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയറപ്രവര്‍ത്തരെ ക്ഷണിച്ച്  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

മറ്റു സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് ചിത്രം പ്രദര്‍ശിപ്പിക്കാനാവുന്നില്ലെങ്കില്‍ ചിത്രം ഇവിടെ പ്രദര്‍ശിപ്പിക്കാം. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും ഇവിടെ ചെയ്തുതരുമെന്നും മമത പറഞ്ഞു. ഇക്കാര്യത്തില്‍ ബംഗാളിന് സന്തോഷം മാത്രമെ ഉണ്ടാകൂ. 

ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിംഗ് ഡിസംബര്‍ ഒന്നിനെന്ന് പ്രഖ്യാപിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് റിലീസ് മാറ്റിയിരുന്നു. 

രജപുത്ര ഇതിഹാസങ്ങളിലെ ഏറ്റവും ധീരവനിതകളില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണു ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയത്.  ഒരു വര്‍ഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മ്മിച്ചത്. ഡിസംബര്‍ ഒന്നിനു രാജ്യമൊട്ടാകെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.

ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ മൂക്കു ചെത്തുമെന്നു കര്‍ണി സേന രാജസ്ഥാന്‍ പ്രസിഡന്റ് മഹിപാല്‍ സിങ് മക്രാന അഭിപ്രായപ്പെട്ടിരുന്നു. സിനിമ റിലീസ് ചെയ്താല്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലവെട്ടുമെന്നും ഭീഷണിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മമതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ബംഗാളില്‍ പ്രദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും നല്‍കുമെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com