തൊടുപുഴ വാസന്തി ചേച്ചിയോട് മാപ്പിരന്ന് കുഞ്ചാക്കോ ബോബന്‍

തൊടുപുഴ വാസന്തി ചേച്ചിയോട് മാപ്പിരന്ന് കുഞ്ചാക്കോ ബോബന്‍

ആവശ്യമുള്ള സമയത്ത് സഹായം നല്‍കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

അന്തരിച്ച ചലച്ചിത്ര നടി തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ആവശ്യമുള്ള സമയത്ത് സഹായം നല്‍കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

'തൊടുപുഴ വാസന്തി ചേച്ചി..... അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു'- കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗുരുതരരോഗങ്ങള്‍ പിടിപെട്ട് ചികിത്സയിലായിരുന്ന വാസന്തി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ചതോടെ വലതുകാല്‍ നഷ്ടമാവുന്നതോടയാണ് ദുരിതങ്ങള്‍ തുടങ്ങുന്നത്. പിന്നീട് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചതോടെ ജീവിതം അവരെ വീണ്ടും പ്രതിസന്ധിയിലാക്കുകയായിരുന്നു. 450ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച ഈ പഴയകാല നടിയുടെ അവസാനകാലം വളരെ ദുരിതപൂര്‍ണ്ണമായിരുന്നു.

ധര്‍മക്ഷേത്ര കുരുക്ഷേത്ര എന്ന സിനിമയില്‍ അഭിനയിച്ചായിരുന്നു തൊടുപുഴ വാസന്തിയുടെ സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. എന്റെ നീലാകാശം എന്ന സിനിമയില്‍ ആദ്യ കഥാപാത്രം. ആലോലം എന്ന സിനിമയിലെ ജാനകി എന്ന കഥാപാത്രം വാസന്തിയെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാക്കി. 1982ലായിരുന്നു ഇത്. 2016ല്‍ പുറത്തിറങ്ങി ഇത് താന്‍ട പൊലീസ് എന്ന സിനിമയിലൂടെയായിരുന്നു അവസാനമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. 

രോഗത്തിന്റെ അവശതകള്‍ക്കിടയിലും ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥയിലായ വാസന്തിയുടെ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോള്‍ സഹായിക്കാനൊരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്റ്റീവ് രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് വാസന്തി ചേച്ചി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com