ഇത് മഹത്വമുള്ള സിനിമയാണ്, ലോകം കാണേണ്ട സിനിമയും; ഈമയൗവിനെപ്പറ്റി  എസ് ഹരീഷ്

നമ്മുടെ സിനിമ ഇതുവരെ കാണിച്ചുതന്ന കടലും തീരവും കാറ്റുമല്ല ഈ മാ യൗവില്‍
ഇത് മഹത്വമുള്ള സിനിമയാണ്, ലോകം കാണേണ്ട സിനിമയും; ഈമയൗവിനെപ്പറ്റി  എസ് ഹരീഷ്

മരണത്തിന്റെ ദുരന്ത ജീവിതദര്‍ശനമാണ് ഈമയൗ എന്ന സിനിമയെന്ന് കഥാകൃത്ത് എസ് ഹരീഷ്. കണ്ണു നനയിച്ച് നമ്മളെ വിമലീകരിക്കുന്ന ചിത്രം മഹത്വമുള്ള സിനിമയാണെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഹരീഷ് പറയുന്നു.

ഈമയൗവിനെക്കുറിച്ചുള്ള ഹരീഷിന്റെ കുറിപ്പ്: 

ഈ മ യൗ മഹത്വമുള്ള സിനിമയാണ്. ഇന്നലെ അതിന്റെ പ്രിവ്യൂ ഷോ കാണാനിടയായി. മഹത്വമെന്നത് തീര്‍ച്ചയായും കരുതലോടെ ഉപയോഗിക്കേണ്ട വാക്കാണ്. പക്ഷേ ഈ സിനിമ കാണുമ്പോള്‍ ബുഡന്‍ബ്രൂക്ക്‌സ് വായിക്കുന്നതുപോലെ ജീവിതത്തിന്റെ ഒരേയൊരു തീര്‍പ്പായ മരണം നമ്മളെ ഉരുമ്മിപ്പോകും. പിംഗള കേശിനിയായ മരണം വരുമ്പോള്‍ ജീവന്‍ മശായ് പരമാനന്ദ മാധവാ എന്നു പറയുന്നതുപോലെയാണ് ഇതിലെ കറുത്തമോളിയും മറ്റു സ്ത്രീകളും ഈശോ മറിയം യൗസേപ്പേ എന്നു വിളിക്കുന്നത്. മരണത്തിന്റെ ദുരന്ത ജീവിതദര്‍ശനമാണ് ഈ സിനിമ നല്കുന്നത്. കണ്ണു നനയിച്ച് നമ്മളെ വിമലീകരിക്കുന്നു. ഇരുട്ടിന്റെ പുണ്യവാളന്മാരോടും വിശേഷവുദ്ധിയില്ലാത്ത ജീവികളോടുമൊപ്പം കടലിരമ്പത്തില്‍ അനിവാരയമായതിനെ നമ്മള്‍ കാത്തു നില്ക്കുന്നു. ലോകത്തിലെ ഏറ്റവും ആഴവും പല മാനങ്ങളുള്ളതുമായ ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണ്. മകന്‍ അച്ഛന്‍ തന്നെയാണ്. ഒരേസമയം എതിരാളിയും പിന്തുടര്‍ച്ചക്കാരനും. അപുത്രയത്തിലൂടെ സത്യജിത് റായിയും കാരമസോവിലൂടെ ദസ്തയേവ്‌സ്‌കിയും പറയുന്നതു തന്നെ. ഓരോ അച്ഛനും വാവച്ചനെപ്പോലെ മകന്റെ മുന്നില്‍ അവസാനനാടകമാടിയാണ് പോകുന്നത്. ഓരോ മകന്റെയുള്ളിലും അച്ഛനിരുന്ന് എടാ ഈശിയേ നീ എവിടെയാടാ എന്ന് ചോദിക്കുന്നു. ഞാന്‍ ഇവിടെയുണ്ടപ്പാ ഞാന്‍ വരുന്നെന്ന് മകന്റെ മറുപടി. മകന്‍ അച്ഛനായി മാറുന്ന അപൂര്‍വ്വ രംഗമുണ്ടിതില്‍. അപ്പന്റെ മരണാനന്തരം ഈശി അപ്പനേയും അപ്പന്റപ്പനേയും പോലെ തന്നെത്താന്‍ വര്‍ത്തമാനം പറയുന്നു. സ്ത്രീകളെ പോലെ വികാരപ്രകടനത്തിന് ഭാഗ്യമുള്ളവരല്ല മിക്ക പുരുഷന്മാരും. അവര്‍ ആത്മ ഭാഷണം നടത്തുന്നവരും പകുതി ഭ്രാന്തന്മാരുമാണ്. നമ്മുടെ സിനിമ ഇതുവരെ കാണിച്ചുതന്ന കടലും തീരവും കാറ്റുമല്ല ഈ മാ യൗവില്‍. പി എഫ് മാത്യൂസിന്റെ എഴുത്ത് ദീവിതത്തിന്റെ ഊര്‍ജ്ജവും അതിനെ പതന്മടങ്ങാക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഭയുമാണ് ഈ സിനിമ. മാത്യൂസ് ചേട്ടനുള്ള ഉമ്മ ഞാനിന്നലെ നേരിട്ടു നല്കി. ദേശിയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തിനെക്കൊണ്ട് അടുത്ത സിനിമയ്‌ക്കെഴുതിക്കാന്‍ ഒന്‍പത് വര്‍ഷത്തിനുശേഷം ലിജോ വേണ്ടിവന്നത് നമ്മുടെ സിനിമാലോകത്തിന്റെ നന്മ വെളിവാക്കുന്നു. ആമേനിലും അങ്കമാലിയിലും നിന്ന് ഒരുപാട് മുന്നോട്ടുപോയ സംവിധായകനാണ് ഈ മാ യൗവിന്റേത്. താരങ്ങളെ അയാള്‍ തന്റെ സിനിമയില്‍ നിന്ന് കുടഞ്ഞുകളഞ്ഞിരിക്കുന്നു. നല്ല സിനിമ ചെയ്യാന്‍ അയാള്‍ക്ക് ചെമ്പനും വിനായകനും കൈനകരി തങ്കരാജും ദിലീഷ് പോത്തനും പെണ്ണമ്മയും സെബേത്തും മതി. ഷൈജുഖാലിദിന്റെ ക്യാമറയാണ് ഈ സിനിമയുടെ മറ്റൊരു ഭാഗ്യം. ഈ മാ യൗ ലോകം കാണേണ്ട സിനിമയാണ്. അങ്ങിനെത്തന്നെ സംഭവിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com