ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കാതെ, ജീവന്‍ പോയീന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു ; കൂട്ടിക്കല്‍ ജയചന്ദ്രന്‍ 

അബി മിമിക്രിയിലേക്കുള്ള പ്രചോദനമായിരുന്നെന്ന് നടനും മിമിക്രി കലാകാരനുമായ അബിയുടെ സുഹൃത്ത് കൂട്ടിക്കല്‍ ജയകൃഷ്ണന്‍
ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കാതെ, ജീവന്‍ പോയീന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു ; കൂട്ടിക്കല്‍ ജയചന്ദ്രന്‍ 

നടനും മിമിക്രി താരവുമായ പ്രതിഭാശാലിയായ കലാകാരന്‍ അബിയുടെ വിയോഗത്തില്‍ വികാരനിര്‍ഭരമാണ് സിനിമാലോകം. സിനിമയേക്കാളുപരി വേദികളില്‍ നിറഞ്ഞുനിന്ന പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ അബി മിമിക്രിയിലേക്കുള്ള പ്രചോദനമായിരുന്നെന്ന് നടനും മിമിക്രി കലാകാരനുമായ അബിയുടെ സുഹൃത്ത് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞു. 'ജീവിക്കുമ്പോള് അംഗീകരിക്കാതെ, ജീവന്‍ പോയീന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു', അബിയുടെ വിയോഗത്തില്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ. 

'വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി, ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം, മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി...അബി...',ജയചന്ദ്രന്‍ കുറിച്ചു.

വേദികളെ ഇളക്കിമറിച്ച അബി സിനിമയില്‍ എങ്ങും എത്തിപ്പെടാതെപോയെന്ന ആരാധകരുടെ പ്രതികരണങ്ങള്‍ക്കിടെയാണ് സിനിമാമേഖലയില്‍ നിന്നുതന്നെ ഒരാള്‍ ഇത്തരത്തില്‍ ഒരു പ്രതികരണവുമായി എത്തുന്നത്. മുമ്പ് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെകുറിച്ച് അബിയോട് തന്നെ ചോദിച്ചപ്പോള്‍ തനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ സംവിധായകരുടെ അടുത്ത് ഇല്ലായിരിക്കാം അതുകൊണ്ടാവും എന്നെ വേഷങ്ങള്‍ക്കായി വിളിക്കാത്തത് എന്നായിരുന്നു അബി നല്‍കിയ മറുപടി. താന്‍ ആരോടും അവസരം ചോദിച്ച് പോകാരില്ലെന്നും കിട്ടുന്നത് ചെയ്യു എന്ന് മാത്രമേ ഉള്ളു എന്നും അബി പറഞ്ഞിരുന്നു. കൂടുതലും കുടുംബവുമായി ഒതുങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും സിനിമയില്‍ തനിക്ക് സൗഹൃദങ്ങള്‍ കുറവാണെന്നും അബി പറഞ്ഞിട്ടുണ്ട്. 

സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതോര്‍ത്ത് വിഷമം തോന്നിയിട്ടില്ലെന്നും ഒരു തികഞ്ഞ വിശ്വാസിയായ താന്‍ അത് തനിക്ക് വിധിക്കാത്തതുകൊണ്ടാകാം തേടിവരാത്തത് എന്നാണ് കരുതാറെന്നും അബി പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com