സംവിധായകന്‍ അറിയാതെ സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട്: നിര്‍മാതാവ് 

നേരത്തെ ചിത്രം എഡിറ്റ് ചെയ്തതിനെതിരെ സംവിധായകന്‍ ബിജോയ് നമ്പ്യാരും നായകന്‍ ദുല്‍ഖര്‍ സല്‍മാനും രംഗത്ത് വന്നിരുന്നു. 
സംവിധായകന്‍ അറിയാതെ സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട്: നിര്‍മാതാവ് 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ബഹുഭാഷാ ചിത്രം സോളോയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സംവിധായകന്‍ അറിയാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റിയത് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് എബ്രഹാം മാത്യു.  നാല് ചിത്രങ്ങളുടെ ആന്തോളജിയാണ് സോളോ. വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക്, വേള്‍ഡ് ഓഫ് രുദ്ര എന്നീ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതില്‍ രുദ്രയുടെ ക്ലൈമാക്‌സ് ആണ്  മാറ്റിയത്.

ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് വേള്‍ഡ് ഓഫ് രുദ്രയുടെ ക്ലൈമാക്‌സ് മാറ്റാന്‍ സംവിധായകന്‍ ബിജോയ് നമ്പ്യാരോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അതിന് സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്നാണ് താന്‍ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തതെന്നും എബ്രഹാം പറയുന്നു. 

സോളോ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ കഥകളുടെ ഓര്‍ഡര്‍ മാറ്റാന്‍ ഞാന്‍ പലവട്ടം സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. 
ചിത്രം കണ്ടപ്പോള്‍ പൊതുവില്‍ എനിക്കുണ്ടായ ഒരു അനുഭവം കൊണ്ടാണ് അപ്പോള്‍ അങ്ങനെ ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല. 

പ്രേക്ഷകരുടെ നെഗറ്റീവ് റിയാക്ഷന്‍സ് പരിധിവിട്ടപ്പോള്‍ വീണ്ടും അദ്ദേഹത്തോട് നാല് കഥകളില്‍ നല്ല ക്ലൈമാക്‌സ് ഉള്ള ത്രിലോക് അവസാനം ഇട്ട് ഓര്‍ഡര്‍ തിരുത്താനും അതോടൊപ്പം രുദ്ര ക്ലൈമാക്‌സ് എഡിറ്റ് ചെയ്യാനും സാധിക്കുമോ എന്ന് ചോദിച്ചു. 
പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. പക്ഷെ അദ്ദേഹം ഒരു തരത്തിലും വഴങ്ങാതെ വന്നപ്പോളാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്.

ദുല്‍ഖര്‍ എന്ന നടന്റെ കരിയറിലെ മികച്ച നാല് കഥാപാത്രങ്ങളും അതിനായി  അദ്ദേഹം എടുത്ത കഠിന പ്രയത്‌നവും പ്രേക്ഷകര്‍ കൂകി തോല്‍പ്പിക്കുന്നത് വേദനാജനകമായി അതു കൊണ്ട് ക്ലൈമാക്‌സില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി.മാറ്റിയ ക്ലൈമാക്‌സിനോട് പ്രേക്ഷകര്‍ നല്ല പ്രതികരണമാണ് നല്‍കുന്നതെന്നും നിര്‍മ്മാതാവ് പറയുന്നു. 

നേരത്തെ ചിത്രം എഡിറ്റ് ചെയ്തതിനെതിരെ സംവിധായകന്‍ ബിജോയ് നമ്പ്യാരും നായകന്‍ ദുല്‍ഖര്‍ സല്‍മാനും രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com