നമ്മളൊക്കെ ജീവിക്കുന്നത് സേഫ് സോണില്‍: മോഹന്‍ലാല്‍

നിങ്ങള്‍ക്കു പറയാന്‍ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ നിങ്ങള്‍ പറയുക, അതിനൊരു സെലിബ്രറ്റി ആകണമെന്നൊന്നുമില്ല
നമ്മളൊക്കെ ജീവിക്കുന്നത് സേഫ് സോണില്‍: മോഹന്‍ലാല്‍

മ്മളൊക്കെ വളരെ സേഫ് സോണിലാണ് ജീവിക്കുന്നതെന്ന് നടന്‍ മോഹന്‍ലാല്‍. നമുക്കറിയാത്ത ഒരുപാടു കാര്യങ്ങള്‍ പട്ടാളക്കാര്‍ ചെയ്യുന്നുണ്ട്. കേരളത്തിലൊന്നും അറിയുന്നില്ല. ഇന്റേണല്‍ പൊളിറ്റിക്‌സും കാര്യങ്ങളും ഒക്കെയുണ്ടെങ്കിലും വെളിയില്‍നിന്നും ആരും വന്നു നമ്മളെ ശല്യപ്പെടുത്തുന്നില്ല. ഇതൊക്കെ മനസ്സിലാക്കി കഴിഞ്ഞാല്‍, സ്റ്റേറ്റിനകത്തുള്ള യുദ്ധമാണ് നമ്മള്‍ നിര്‍ത്തേണ്ടതെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. സമകാലിക മലയാളവുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍.  

അഭിമുഖത്തില്‍നിന്ന്.

സൈന്യത്തിലെ അനുഭവം

ബറ്റാലിയന്‍ ഉള്ള ഇടങ്ങളിലൊക്കെ പോകാറുണ്ട്, മൂന്നും നാലും മാസം അവര്‍ക്കൊപ്പം താമസിക്കാറുണ്ട്. തീര്‍ച്ചയായും അതൊരു പ്രൗഡ് മൊമന്റാണ്. അവരുടെയൊരു ഭാഗമായി മാറി എന്നത്. അവര്‍ നമുക്കറിയാന്‍ കഴിയാത്ത എന്തുമാത്രം കാര്യങ്ങളാണ് ചെയ്യുന്നത്. കേരളത്തിലൊന്നും അറിയുന്നില്ല. നമ്മളൊക്കെ വളരെ സേഫ് സോണിലാണ് ജീവിക്കുന്നതെന്നു വിശ്വസിക്കുന്നു. ഇന്റേണല്‍ പൊളിറ്റിക്‌സും കാര്യങ്ങളും ഒക്കെയുണ്ടെങ്കിലും വെളിയില്‍നിന്നും ആരും വന്നു നമ്മളെ ശല്യപ്പെടുത്തുന്നില്ല. ഇതൊക്കെ മനസ്സിലാക്കി കഴിഞ്ഞാല്‍, സ്റ്റേറ്റിനകത്തുള്ള യുദ്ധമാണ് നമുക്കു നിര്‍ത്തേണ്ടത്. 

രാഷ്ട്രീയ പ്രതികരണം

അതും നിങ്ങളുടെ ചോയിസാണ്, നമ്മള്‍ പലപ്പോഴും ബ്‌ളോഗുകളില്‍ എഴുതുന്ന പല കാര്യങ്ങളും ആളുകള്‍ തെറ്റിദ്ധരിക്കാം, ചില ആളുകള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാം, നിങ്ങള്‍ക്ക് ഇഷ്ടമെന്നു കരുതുന്ന കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മറ്റൊരാളുടെ ഇഷ്ടം നോക്കിയിട്ടല്ലല്ലോ ഒരാള്‍ സംസാരിക്കുന്നത്. ഇപ്പോള്‍ കമലഹാസനു കാര്യം പറയാന്‍ തോന്നിയാല്‍ പറയും, അത് അയാളുടെ ഇഷ്ടമാണ്. നിങ്ങള്‍ക്കു പറയാന്‍ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ നിങ്ങള്‍ പറയുക, അതിനൊരു സെലിബ്രറ്റി ആകണമെന്നൊന്നുമില്ല. പിന്നെ സെലിബ്രിറ്റികള്‍ പറയുമ്പോള്‍ അതിനു കൂടുതല്‍ ശ്രദ്ധകിട്ടും, കൂടുതല്‍ വിമര്‍ശിക്കപ്പെടാനും സാധ്യതയുണ്ട്. 

ആത്മീയത 

അതു വളരെ പേഴ്‌സണലാണ്. ഞാന്‍ എനിക്കു വരുന്ന ചിന്തകള്‍ പറയുമ്പോള്‍ നിങ്ങളും പറയുന്ന കാര്യങ്ങളില്‍ ആത്മീയതയുണ്ടാകാം, അത് ആത്മീയ ചിന്താഗതിയല്ല, നമ്മള്‍ വളര്‍ന്നുവന്ന കുടുംബം, സാഹചര്യം, നമ്മുടെ ഗുരുക്കന്മാര്‍ അവരെല്ലാം കൂടി കള്‍ട്ടിവേറ്റ് ചെയ്‌തെടുത്ത ഒരു ക്യാരക്ടറാണ് എനിക്കുണ്ടാകുന്നത്. അതില്‍ ഇത്തരം ആശയങ്ങള്‍ പണ്ടുമുതലേ നമ്മുടെ മനസ്സിനെ സ്വാധീനിച്ചിരിക്കാം, അവരെ ലഭിക്കുമ്പോള്‍ പറയുന്നുവെന്നേ ഉള്ളു. പിന്നെ നിങ്ങള്‍ ഒരു ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പ്‌ളാന്‍ ചെയ്‌തൊന്നുമല്ലല്ലോ പ്രതികരിക്കുന്നത്, അത് എന്റെ മനസ്സില്‍ അപ്പോള്‍ വരുന്ന ഉത്തരമാണ്. അതിന് എന്ത് ഡെഫിനിഷന്‍ വേണമെങ്കിലും കൊടുക്കാം. 

സ്വകാര്യത 

40 വര്‍ഷമായി ഇതുതന്നെയാണല്ലോ, അതുകൊണ്ട് എനിക്കു ദുഃഖമൊന്നുമില്ല, ഒന്നിലും ദുഃഖമില്ല. പ്രൈവസി എന്നൊക്കെ പറയുന്നതു നിങ്ങള്‍ ക്രിയേറ്റ് ചെയ്യുന്നൊരു സ്‌പെയിസാണ്. അത്തരമൊരു സ്‌പെയിസ് ഞാന്‍ ആഗ്രഹിച്ചാല്‍ പിന്നെ ആരു വന്നാലും ഞാനതില്‍നിന്നു മാറില്ല. എനിക്കു പ്രൈവസി വേണമെന്ന് തോന്നുമ്പോളൊക്കെ ഞാന്‍ പ്രൈവസിയിലേക്കു പോകാറുണ്ട്. ഒരു സിനിമാതാരത്തിനും അങ്ങനെ ഈസിയായി റോഡിലിറങ്ങി നടക്കാന്‍ സാധിക്കില്ല. അങ്ങനെ വേണമെങ്കില്‍ നമ്മളെയറിയാത്ത നാട്ടില്‍ പോയി നടക്കണം. അതുകൊണ്ട് അതിലൊന്നും വിഷമമില്ല.

പ്രചോദനമായ കഥാപാത്രങ്ങള്‍

അങ്ങനെ പറയാന്‍ പറ്റില്ല, ആരോ ഒരാള്‍, അയാളുടെ തലച്ചോറില്‍ തോന്നുന്ന ഒരു ഐഡിയ എഴുതി അതു സ്‌ക്രിപ്റ്റാക്കി കൊണ്ടുവരുന്ന ക്യാരക്ടറിലേക്കു നമ്മളാണ് മാറേണ്ടത്, അല്ലാതെ ക്യാരക്ടര്‍ ഇങ്ങോട്ടല്ലല്ലോ വരുന്നത്. നമ്മള്‍ ചെയ്യുന്ന ആ കഥാപാത്രത്തിനെ പ്രേക്ഷകര്‍ ചിലപ്പോള്‍ ഭയങ്കരമയി കൊണ്ടുനടന്നേക്കാം. പക്ഷേ, നമ്മുടെ യാത്രയില്‍ ആ കഥാപാത്രം കഴിഞ്ഞു. അതിനെവിട്ട് വേറൊന്നിലേക്കു പോകുകയാണ്. നമ്മളെ ഭയങ്കരമായി ഇന്‍ഫ്‌ളുവന്‍സ് ചെയ്യുകയോ... അങ്ങനയൊന്നും പറയാന്‍ പറ്റില്ല. 

സൃഷ്ടിക്കപ്പെടുന്ന നടന്‍ 

അതൊരു ഡിബേറ്റാണ്, നമുക്കറിയില്ലല്ലോ, സിനിമ എന്നു പറയുന്നതു വേറൊന്നാണ്, സ്റ്റേജ് വേറൊന്നാണ്, ആക്ടിങ്ങിനു പലപല സ്‌കൂളുകളുണ്ട്. നമുക്കുള്ളിലെ നടന്‍ ക്രിയേറ്റ് ചെയ്യപ്പെടുകയായിരിക്കാം. നമുക്കത് ഉള്ളിലുണ്ടെങ്കിലും നമ്മുടെ കൂടെയുള്ള അസോസിയേഷനകത്തുള്ള നന്മകളും കാര്യങ്ങളും കൊണ്ടു നമുക്കറിഞ്ഞൂടാത്ത പലരും സഹായിക്കുന്നു ആ പ്രോസസില്‍. എത്ര ട്രെയിന്‍ഡ് ഫുട്‌ബോളറായാലും അവിടെച്ചെന്നു ഗോളടിക്കാന്‍ വേറൊരു എക്‌സ്‌റ്റേണല്‍ എനര്‍ജിയുടെ ഹെല്‍പ്പും വേണം. അതു നിങ്ങളുടെ കാലുകളിലെത്തി, ഗോളായി മാറും. നമുക്കു പോലും വിശ്വസിക്കാന്‍ സാധിക്കില്ല ഇങ്ങനെയൊരു ഗോളടിച്ചുവെന്ന്. അത്തരമൊരു എക്‌സ്‌റ്റേണല്‍ എനര്‍ജിയുടെ ഹെല്‍പ്പോടുകൂടി ഒരു നടന്‍ സൃഷ്ടിക്കപ്പെട്ട്, അയാള്‍ മികച്ചൊരു നടനായി മാറുകയാണ് എന്നാണ് എന്റെ വിശ്വാസം. ആ എനര്‍ജി ആരാണെന്നെനിക്കറിയില്ല, അതു കണ്ടുപിടിക്കേണ്ട കാര്യവും എനിക്കില്ല.

മകന്റെ സിനിമ

ഏറ്റവും നല്ലതായി മാറണം എന്നല്ലേ ആഗ്രഹിക്കുള്ളു, അയാളുടെ ഈ സിനിമ നന്നാകട്ടേ, അടുത്ത സിനിമ നന്നാകട്ടേ എന്നു പ്രാര്‍ത്ഥിക്കാം. അല്ലാതെ എന്റെ മകനായതുകൊണ്ടു വലിയ നടനാകണമെന്നില്ല, അയാള്‍ കള്‍ട്ടിവേറ്റ് ചെയ്‌തെടുക്കുന്ന ഒരു സ്വഭാവം, വേറെ സിനിമകള്‍ സെലക്ട് ചെയ്യുന്നതിലുള്ള രീതി, എല്ലാം ശരിയാക്കാന്‍ അയാള്‍ തന്നെയാണ് ശ്രമിക്കേണ്ടത്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ഇതുപോലെ തന്നെയായിരുന്നു. സിനിമകള്‍ക്കുവേണ്ടി കൂടുതലായി ഞാനൊന്നും വര്‍ക്ക് ചെയ്യാറില്ല. ലെറ്റ് ഹിം കള്‍ട്ടിവേറ്റ് ഹിസ് ഓണ്‍ ഫീല്‍ഡ്. 

റോള്‍ മോഡല്‍ 

അതൊന്നും എനിക്കു പറയാന്‍ പറ്റില്ല, ഓരോരുത്തര്‍ക്കും ഓരോ രീതിയാണല്ലോ, ഒരാള്‍ക്ക് ഒരു ഫുട്‌ബോളറെയായിരിക്കും, ഒരാള്‍ക്ക് ഒരു വയലിനിസ്റ്റിനെയായിരിക്കും. അത് അവര്‍തന്നെ സെലക്ട് ചെയ്‌തെടുക്കുകയാണ്. എനിക്കങ്ങനെ റോള്‍ മോഡല്‍ ഒന്നുമില്ല. റോള്‍ മോഡലുകളെ അനുകരിക്കാതെ, യു ഹാവ് ടു ഡെവലപ് യുവര്‍ ഓണ്‍ സിസ്റ്റം, യുവര്‍ ഓണ്‍ സ്‌റ്റൈല്‍. മറ്റവരെ ഇഷ്ടപ്പെടാം, അതുപോലെ അനുകരിക്കുക എന്നത് ഒരോരുത്തരുമാണ് ഡിസൈഡ് ചെയ്യേണ്ടത്. 

ഒടിയനും രണ്ടാമൂഴവും

ക്യാരക്ടറിനു വേണ്ടിയുള്ള പ്രിപ്പറേഷനെല്ലാം അതിന്റെ ഭാഗമായി നടന്നുപോകും. അതിനുവേണ്ടി ഒരു പ്രിപ്പറേഷന്‍ എന്നൊന്നും പറയാന്‍ പറ്റില്ല. ഒടിയന്‍ സിനിമ തുടങ്ങി. ഫ്‌ളാഷ്ബാക്കിലേക്കു പോകുമ്പോള്‍ ഭാരം കൂട്ടാനോ കുറയ്ക്കാനോ ഒക്കെയുണ്ടെങ്കില്‍ ആ സമയത്തു ചെയ്യും. രണ്ടാമൂഴം തുടങ്ങുന്ന സമയത്ത് ആ സിനിമയ്ക്കു വേണ്ടിയുള്ള കാര്യങ്ങള്‍ പഠിക്കും. അതില്‍ ഒരുപാട് ആയുധ അഭ്യാസങ്ങള്‍ ഒക്കെ ചെയ്യേണ്ടതുണ്ട്, അതു പഠിക്കും. ഒടിയനില്‍ത്തന്നെ മൃഗങ്ങളെ ഇമിറ്റേറ്റ് ചെയ്തുകൊണ്ടുള്ള കാര്യങ്ങളൊക്കെയുണ്ട്. അതൊക്കെ ആ ഷൂട്ടിങ്ങിന്റെ കൂടെയങ്ങ് പഠിച്ചുപോകും.

സിനിമയുടെ ട്രെന്റ് 

സിനിമ മാത്രമല്ല, നമ്മളുപയോഗിക്കുന്ന ഡ്രസ്, ഫോണ്‍ എല്ലാത്തിന്റെയും ട്രെന്റ് മാറുകയാണ്. ആ മാറ്റത്തിന്റെ കൂടെ നമ്മളും പോകുന്നു. നല്ല സിനിമകള്‍ ഉണ്ടാകട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com