'എന്റെ വിവാഹം കഴിഞ്ഞു എന്നുവരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു'

പ്രണയത്തെക്കുറിച്ചു പ്രത്യേകിച്ച് ഒന്നും പറയാനില്ല.
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

ബാലതാരമായി സിനിമയിലെത്തിയതാണ്. എന്നാല്‍, ഇന്ന് പ്രായത്തിലും തികഞ്ഞ പക്വതയോടെയാണ്  സനുഷയുടെ പെരുമാറ്റം. വാക്കുകളിലും അതു പ്രകടം. മലയാളത്തിന്റേയും തമിഴകത്തിന്റേയും മനം കവര്‍ന്ന് 'കൊടിവീരന്‍' തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിയിരിക്കുന്നു. ഈ ചിത്രത്തില്‍ പുതിയ രൂപത്തിലെത്തിയതിന്റെ ത്രില്ലിലാണ് സനുഷ. സാരിയുടുത്ത്, മുല്ലപ്പൂ ചൂടി ആടിപ്പാടി നടക്കുന്ന തനി തമിഴ്‌നാട്ടുകാരി പെണ്‍കൊടി. പുതിയ വിശേഷങ്ങള്‍ സനുഷ പങ്കുവെയ്ക്കുന്നു.

സിനിമയില്‍ ഒരു ഇടവേള 
സിനിമയില്‍ അഭിനയിക്കുമ്പോഴും പഠനത്തിനു പ്രാമുഖ്യം നല്‍കണമെന്നത് വീട്ടുകാരുടെ നിര്‍ബന്ധമായിരുന്നു. ഒരിക്കലും അത് ഉപേക്ഷിച്ചുമില്ല. ഇപ്പോള്‍ അതുകൊണ്ടുതന്നെ സെലക്ടീവായാണ് അഭിനയം. കൂടുതല്‍ സമയം പഠിക്കുന്നു. ശരിക്കു പറഞ്ഞാല്‍, സിനിമയില്‍നിന്നു ചെറിയൊരു ഇടവേളയെടുത്തു എന്നു പറയാം. ഇക്കാലത്ത് നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ മാത്രം സ്വീകരിക്കാനായിരുന്നു തീരുമാനം. കാത്തിരിക്കുകയാണ്, മികച്ച വേഷങ്ങള്‍ക്കു വേണ്ടി. 2017ല്‍ ഒരേയൊരു സിനിമ മാത്രമാണ് ചെയ്തത്. കൊടിവീരന്‍ എന്ന ആ തമിഴ് ചിത്രം നല്ല അഭിപ്രായം നേടിത്തരികയും ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ എം.എ സോഷ്യോളജിക്കു പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

കൊടിവീരന്‍ വിശേഷങ്ങള്‍
ശശിസാറിന്റെ (ശശികുമാര്‍) സഹോദരി പാര്‍വ്വതി എന്ന കഥാപാത്രത്തെയാണ് കൊടിവീരനില്‍ ചെയ്തത്. വളരെ ബോള്‍ഡ് ആന്‍ഡ് ബബ്ലി ആയൊരു വേഷം. മൂന്നു സഹോദരന്മാരുടേയും മൂന്നു സഹോദരിമാരുടേയും കഥയാണ് ഈ സിനിമയെന്നു പറയാം. ആസ്വദിച്ചു ചെയ്‌തൊരു വേഷമായിരുന്നു അത്. ഇതുവരെ ചെയ്യാതിരുന്നതുകൊണ്ട് ത്രില്ലിലായിരുന്നു ലൊക്കേഷനിലെത്തിയത്. ശശിസാറിന്റെ പിന്തുണ കൂടി കിട്ടിയപ്പോള്‍ നന്നായി ചെയ്തു. ഇനിയും ഇത്തരം വേഷങ്ങള്‍, മികച്ച സംവിധായകര്‍ക്കൊപ്പം ചെയ്യാന്‍ കഴിയണം. അതിനാണ് കാത്തിരിക്കുന്നത്.

ഈ ചിത്രത്തിലെ ഗെറ്റപ്പ്
മധുരയിലുള്ള ഒരു തനി നാടന്‍ തമിഴ് പെണ്‍കുട്ടിയാണ് ഞാന്‍ അവതരിപ്പിച്ച പാര്‍വ്വതി എന്ന കഥാപാത്രം. സാരിയൊക്കെയുടുത്ത് മുല്ലപ്പൂ ചൂടിയ ഒരു നാടന്‍ പെണ്‍കുട്ടി. പുതിയ ലുക്കിനായി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയില്ല. തമിഴ്‌നാട്ടില്‍ കണ്ടതും കേട്ടതുമൊക്കെ അഭിനയത്തില്‍ കൊണ്ടുവന്നു എന്നതല്ലാതെ, ബാക്കിയൊക്കെ അങ്ങനെ വന്നുപോയതാണ്. കോസ്റ്റ്യൂം കാര്യമായി ഗുണം ചെയ്തു.

ശശികുമാര്‍
ശശികുമാര്‍ സാറിന്റെ മധുരയിലുള്ള വീടിനടുത്താണ് കൊടിവീരന്റെ ചിത്രീകരണം നടന്നത്. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ലൊക്കേഷന്‍. എല്ലാവരും നല്ലതു പോലെ സഹകരിച്ചു. ശശിസാറിന്റെ ചിത്രത്തിലുണ്ടാകാറുള്ള അച്ചടക്കവും പ്ലാനിങ്ങുമൊക്കെ കൊടിവീരനിലും കാണാനുണ്ടായിരുന്നു. മൊത്തത്തില്‍ ശശിസാര്‍ സ്‌പെഷ്യലൈസ്ഡ് ലൊക്കേഷനായിരുന്നു എന്നു പറയാം. എല്ലായിടത്തും ശശിസാറിന്റെ കണ്ണെത്തും. ലൊക്കേഷനിലെ ഭക്ഷണം പിടിക്കാതെ വന്നതോടെ എനിക്കു ചില ശാരീരിക അസ്വസ്ഥതകളുണ്ടായി. അപ്പോള്‍ ശശിസാറിന്റെ വീട്ടില്‍നിന്നാണ് ആഹാരം കൊണ്ടുതന്നത്. സെറ്റിലും അവിടെയുണ്ടായിരുന്നവരെല്ലാം സിനിമയിലെ കഥാപാത്രമായ പാര്‍വ്വതി എന്ന നിലയ്ക്കാണ് എന്നെ കണ്ടത്. അതൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല. 

മലയാളം പ്രൊജക്ടുകള്‍
വേട്ട, നിര്‍ണ്ണായകം, ഒരു മുറൈ വന്തു പാര്‍ത്തായ എന്നീ സിനിമകളിലാണ് ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. പഠനത്തിന്റെ തിരക്കിലായതുകൊണ്ട് ചില ചിത്രങ്ങള്‍ ഒഴിവാക്കി. ഇപ്പോള്‍ ഒന്നുരണ്ടു കഥകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഒന്നും തീരുമാനിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ പഠനവും സിനിമയും ഒപ്പം കൊണ്ടുപോകാനാണ് നീക്കം.  എന്നാല്‍ ഒന്നും ഫൈനലൈസ് ചെയ്തു കരാറായിട്ടില്ല. ഇനി കുറച്ചു ചൂസിയാകാനാണ് തീരുമാനം. 

ഇതര ഭാഷാചിത്രങ്ങള്‍
ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയിലും അഭിനയിച്ചു എന്നു പറയാം. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡയിലും അഭിനയിച്ചു. 'ബംഗാരം', 'ജീനിയസ്' എന്നീ തെലുങ്ക് ചിത്രങ്ങളിലും 'സന്തയല്ലി നിന്ന കബൈറ' എന്ന കന്നഡ ചിത്രത്തില്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറിന്റെ നായികയായും അഭിനയിച്ചു. സിനിമയില്‍ അന്യഭാഷ ചിത്രങ്ങള്‍ എന്ന വേര്‍തിരിവുകളൊന്നുമില്ല. അഭിനയം നല്ലതാണെങ്കില്‍ എല്ലായിടത്തു നിന്നും അവസരങ്ങള്‍ ലഭിക്കും. വേഷത്തിന്റെ പ്രാധാന്യം മാത്രമാണ് ഞാന്‍ നോക്കാറുള്ളത്. എനിക്ക് ചെയ്യാന്‍ പറ്റിയതാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും.

കുടുംബവിശേഷം
വീട് കണ്ണൂരാണ്. അച്ഛന്‍ സന്തോഷ്, അമ്മ ഉഷ, സഹോദരന്‍ സനൂപ്. അനിയന്‍ കണ്ണൂര്‍ ശ്രീപുരം സ്‌കൂളില്‍ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. 

ആരാധകര്‍
ആരാധകരുടെ പിന്തുണ ഏറെയുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ഞാന്‍ ആശവിനിമയം നടത്താറുണ്ട്. ഫേസ്ബുക്കില്‍ ഇടയ്ക്കിടെ ഞാന്‍ വരാറുണ്ട്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലാണ് സജീവം. സിനിമയെപ്പറ്റി ക്രിയാത്മകമായ അഭിപ്രായം രേഖപ്പെടുത്തുന്നവരുണ്ട്. അത്തരക്കാരുടെ ചില കമന്റുകള്‍ കാണുമ്പോള്‍ നമുക്കു മറുപടി നല്‍കാന്‍ തോന്നും. അപ്പോള്‍ത്തന്നെ മറുപടിയും കൊടുക്കും. പിന്നെ ഒരു പണിയുമില്ലാതെയിരിക്കുന്നവര്‍ ചെയ്യുന്ന ഒരാവശ്യവുമില്ലാത്ത കമന്റുകള്‍ മൈന്‍ഡ് ചെയ്യാറേയില്ല. 

സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍നിന്ന് നല്ല പിന്തുണ കിട്ടിയിരുന്നുവെങ്കിലും ഇടക്കാലത്ത് എന്നെ ഏറെ വിഷമിപ്പിച്ചതും ഇവിടുത്തെ ഇടപെടല്‍ തന്നെ. ഞാന്‍ പോലുമറിയാതെ എന്റെ വിവാഹം കഴിഞ്ഞു എന്നുവരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. ശരിക്കും പറഞ്ഞാല്‍ സിനിമയിലെ ഒരു ഇമേജ് വച്ചായിരുന്നു പ്രചാരണം. വിഷമം തോന്നിയെങ്കിലും ഇതേക്കുറിച്ചു ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. മറ്റുള്ളവരുടെ ജീവിതം എങ്ങനെ പോകുന്നു എന്നു ചിന്തിച്ചുനടക്കുന്ന ചിലരുണ്ട്. ഇത്തരം പരിപാടികളെ ഒരു ഞരമ്പുരോഗമായി മാത്രമേ കണ്ടിട്ടുള്ളു. എത്രയോ പേരുടെ മരണം അവര്‍ ജീവിച്ചിരിക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. ഇത്തരം കാര്യം സ്വന്തം വീട്ടുകാരെക്കുറിച്ച് പ്രചരിക്കുമ്പോള്‍ മാത്രമേ അതു മറ്റുള്ളവരെ എത്രയധികം ബാധിക്കുന്നുവെന്നും വേദനിപ്പിക്കുന്നുവെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കൂ. ഞാന്‍ എന്താണെന്ന് എന്റെ വീട്ടുകാര്‍ക്ക് സ്പഷ്ടമായിട്ടറിയാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞങ്ങളാരും കുലുങ്ങില്ല.

അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു
എന്റെ അഭിനയത്തെ എപ്പോഴും പിന്തുണയ്ക്കുന്നതും എനിക്കെന്നും കൂട്ടായി നില്‍ക്കുന്നതും എന്റെ അമ്മയാണ്. എന്റെ അഭിനയം അമ്മയ്ക്ക് ഇഷ്ടമില്ലെന്ന മട്ടില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് എനിക്ക് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ച സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ ഗര്‍ഭിണിയുടെ  വേഷം ചെയ്തതു സംബന്ധിച്ചായിരുന്നു. ആ വേഷം എന്റെ അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതു തികച്ചും തെറ്റാണ്. കാരണം ഒരു അഭിമുഖത്തിലും ഞാന്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. അമ്മയും അങ്ങനെ ആരോടും പറഞ്ഞതായി എനിക്കറിയില്ല. വാര്‍ത്തകള്‍ക്കുവേണ്ടി വാര്‍ത്ത സൃഷ്ടിക്കുമ്പോള്‍ അതിന്റെ സത്യം തിരിച്ചറിയണമെന്നു മാത്രമേ പറയാനുള്ളു.

അമ്മവേഷം
അമ്മ വേഷം അഭിനയിക്കാന്‍ തക്ക പക്വതയൊക്കെ ആയി വരുന്നതല്ലേയുള്ളു. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ഞാന്‍ ചെയ്തത് ഒരു അമ്മവേഷം ആയിരുന്നില്ല. ചിത്രം കണ്ട ആര്‍ക്കും അതു മനസ്സിലാകും. 17 വയസ്സ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി പ്രത്യേക സാഹചര്യത്തില്‍ ഗര്‍ഭം ധരിക്കുകയാണ് ചെയ്യുന്നത്. ആ ചിത്രത്തിലെ ഞാന്‍ ചെയ്ത കഥാപാത്രവും അമ്മവേഷങ്ങളും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. സിനിമ എനിക്കൊരു പാഷനാണ്. ഒരു സംവിധായകന്‍ ഒരു കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുന്നത് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ഓക്കെയാണ് എന്ന വിശ്വാസത്തിലാണ്. 

സ്വപ്നകഥാപാത്രം 
എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളേയും ചെയ്യണമെന്നുണ്ട്. ചെയ്യുന്ന കഥാപാത്രങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ളതാകണമെന്ന് മോഹമുണ്ട്. മണിച്ചിത്രത്താഴ്, നന്ദനം പോലുള്ള സിനിമകളിലെ കഥാപാത്രങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിലുണ്ടാകും. അത്തരത്തില്‍ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. 

ബോളിവുഡിലേക്ക്
എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചെങ്കിലും ബോളിവുഡില്‍ അഭിനയിക്കണമെന്നത് മോഹമാണ്. അവിടെ അവസരം ലഭിച്ചാല്‍ ഒരിക്കലും അതു വേണ്ടെന്നു വയ്ക്കില്ല. നല്ല കഥാപാത്രമാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. 

ഇഷ്ടപ്പെട്ട ലൊക്കേഷന്‍
ഇതുവരെ അഭിനയിച്ചതില്‍ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കശ്മീരാണ്. കീര്‍ത്തിചക്ര അവിടെയാണ് ചിത്രീകരിച്ചത്. ഏറ്റവും ഒടുവില്‍ ചെയ്ത കൊടിവീരന്‍ എന്ന സിനിമ ചിത്രീകരിച്ച മധുരയും എനിക്കേറെ പ്രിയപ്പെട്ട ലൊക്കേഷനാണ്. വിദേശത്തുവച്ച് ചിത്രീകരിച്ച സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല.

സിനിമയിലെ സൗഹൃദം
സിനിമയില്‍ അങ്ങനെ ഒരുപാടു കൂട്ടുകാര്‍ ഒന്നുമില്ല. വിരലില്‍ എണ്ണാവുന്ന കൂട്ടുകാര്‍ മാത്രമേയുള്ളു. സിനിമയിലെ എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്റെ അനിയനാണ്. അവനോടാണ് എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യാറുള്ളത്. 

സംവിധാനം
സിനിമ സംവിധാനം ചെയ്യുകയെന്നത് മോഹമാണ്. ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന കാര്യത്തില്‍ സീരിയസായ ആലോചന ഒന്നും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ സംവിധായകക്കുപ്പായം അണിയണമെന്ന മോഹം ഉള്ളിന്റെയുള്ളില്‍ എവിടെയൊ ഉണ്ടെന്നത് സത്യമാണ്.

വെള്ളിത്തിരയിലേക്ക്
കണ്ണൂര്‍ ജില്ലാ നഴ്‌സറി കലോത്സവത്തില്‍ ഞാന്‍ കലാതിലകമായിരുന്നു. അന്നതു പത്രത്തിലെല്ലാം വന്നിരുന്നു. സംവിധായന്‍ വിനയന്‍ സാര്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക് ഒരു കുട്ടിയെ അന്വേഷിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു അത്. ഞങ്ങളെല്ലാവരും കൂടെ അച്ഛന്റെ ഒരു സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ വിനയന്‍ സാറിനെയും കണ്ടു. അദ്ദേഹം എന്നെക്കൊണ്ടു പാട്ടൊക്കെ പാടിച്ചു. അദ്ദേഹത്തിന് ഇഷ്ടായി. അങ്ങനെ 'വാര്‍ ആന്‍ഡ് ലൗ' എന്ന അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍, പിന്നീട് ഞാന്‍ അഭിനയിച്ച 'ദാദാ സാഹിബ്' ആണ് ആദ്യം തിയേറ്ററുകളിലെത്തിയത്.

ഇഷ്ടപ്പെട്ട സ്ഥലം 
എല്ലാ സ്ഥലങ്ങളും ഇഷ്ടമാണ്. പുതിയ സ്ഥലങ്ങളില്‍ പോകാനും അവിടുത്തെ സംസ്‌കാരത്തെക്കുറിച്ച് അറിയാനുമൊക്കെ ഇഷ്ടമാണ്. ഇതുവരെ പോയിട്ടുള്ള സ്ഥലങ്ങളെല്ലാം ഇഷ്ടമാണ്. യാത്ര ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്. അങ്ങനെ പ്രത്യേകിച്ച് ഒരു സ്ഥലത്തോട് ഇഷ്ടക്കൂടുതല്‍ ഒന്നുമില്ല. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഒരുപാടു യാത്ര ചെയ്യാനും ഒരുപാടു സ്ഥലങ്ങള്‍ കാണാനും കഴിഞ്ഞു. 

ഇഷ്ടപ്പെട്ട പുസ്തകം
ഒരുപാട് എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. അവസാനമായി വായിച്ചത് കര്‍ണ്ണന്‍, ദ്രൗപതി എന്നിവയാണ്. പിന്നെ രണ്ടാമൂഴം എന്റെ ഫേവറേറ്റ് ബുക്കാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്.

 ഫാഷന്‍
ഞാന്‍ എപ്പോഴും നോക്കാറുള്ളത് എനിക്കു കംഫര്‍ട്ടബിളായ വസ്ത്രങ്ങളാണോ എന്നു മാത്രമാണ്. അത്തരം വസ്ത്രങ്ങളാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. കുര്‍ത്ത പാന്റ്‌സ്, ടീഷര്‍ട്ട്, ജീന്‍സ് ഒക്കെ ഇഷ്ടമാണ്. പിന്നെ പോകുന്ന പരിപാടി ഏതാണെന്നു നോക്കിയാണ് ഏതു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കുന്നത്. സാരിയും ചുരിദാറും എല്ലാം ഇഷ്ടമാണ്. പുറത്തു പോകുമ്പോള്‍ സാധാരണയായി ടീഷര്‍ട്ടും ജീന്‍സും കുര്‍ത്തയുമാണ് സാധാരണ ഇടാറുള്ളത്. 

ഇഷ്ടഭക്ഷണം
അമ്മയുണ്ടാക്കുന്ന സാമ്പാറും ചോറുമാണ് എനിക്കേറ്റവുമധികം ഇഷ്ടപ്പെട്ട ആഹാരം. 

ഡയറ്റിംഗ്
ഒരു പടത്തിലെ കഥാപാത്രം ലഭിച്ചു കഴിയുമ്പോള്‍ അതിനായി ആഹാരരീതിയില്‍ ചില ക്രമീകരണം നടത്താറുണ്ട്. ഈ സിനിമയിലെ കഥാപാത്രമാകാന്‍ ഇത്തിരി മെലിയണം എന്നു പറഞ്ഞാല്‍ ആഹാരം കുറച്ച് അങ്ങനെ ആകാറുണ്ട്. വണ്ണം കൂട്ടണമെന്നു പറഞ്ഞാല്‍ കൂട്ടാറുമുണ്ട്. 

പ്രണയം
പ്രണയത്തെക്കുറിച്ചു പ്രത്യേകിച്ച് ഒന്നും പറയാനില്ല.

ഇത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്

മംഗലാപുരംതിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്സില്‍ ഫെബ്രുവരി ഒന്നിനു പുലര്‍ച്ചെ സനുഷയെ അപമാനിക്കാന്‍ ശ്രമമുണ്ടായതും അതിനോടു നടിയുടെ പ്രതികരണവും കേരളസമൂഹം ഞെട്ടലോടെയാണ് കേട്ടത്. ട്രെയിനില്‍ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ ചുണ്ടില്‍ സ്പര്‍ശിച്ചെന്നാണ് സനുഷയുടെ മൊഴി. പ്രതിയുടെ കയ്യില്‍ പിടിച്ചുനിര്‍ത്തി ബഹളംവച്ച സനുഷ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ റെയില്‍വേ പൊലീസിനു കൈമാറി. കന്യാകുമാരി വാലന്‍വില്ലുകുറി പണ്ടാരക്കാട് ആന്റോ ബോസാണ് (40) പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നു സനുഷ പറഞ്ഞു. സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു താരം. 

'ഇനി ഒരു പെണ്‍കുട്ടിയോടും അയാള്‍ക്ക് ഇത്തരത്തില്‍ മോശമായി പെരുമാറാന്‍ ധൈര്യം ഉണ്ടാവരുത്. പെണ്‍കുട്ടികള്‍ ഇത്തരം സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കും എന്ന് എല്ലാവരും അറിയണം. അവിടെ ഞാനൊരു സെലിബ്രിറ്റിയായല്ല ഒരു പെണ്‍കുട്ടിയായി മാത്രമാണ് നിന്നത്. അറിഞ്ഞുകൊണ്ടുതന്നെയാണ് അയാള്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചത്.  കാരണം ഞാന്‍ ബഹളം വച്ച്  ട്രെയിനിനുള്ളിലെ ലൈറ്റ് ഓണ്‍ ചെയ്യുന്നതുവരെ അയാള്‍ എന്നോടു സോറി, പ്രശ്‌നമാക്കരുത് പ്ലീസ്  എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ തെറ്റാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അയാള്‍ അതു ചെയ്തത്. 
ട്രെയിനില്‍ ആ സമയം ഒരുപാടു പേര്‍ ഉണ്ടായിട്ടും ഇങ്ങനെയൊരു  സംഭവം നടന്നിട്ട് ആരും പ്രതികരിച്ചില്ല എന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. ഒടുവില്‍ എന്റെ ബഹളം കേട്ടെത്തിയ കോഴിക്കോട് സ്വദേശിയായ രഞ്ജിത്ത് എന്നയാളും തിരക്കഥാകൃത്ത് ഉണ്ണി ആറും  മാത്രമാണ് പ്രതികരിക്കാന്‍ തയ്യാറായത്. പൊലീസിന്റെ ഭാഗത്തുനിന്നു നല്ല സഹകരണമാണ് ലഭിച്ചത്. നിയമനടപടികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും' സനുഷ നിലപാട് വ്യക്തമാക്കി.

(ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ പ്രിയസഖിയില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com