'പൃഥ്വിരാജിനെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു'

വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം കഴിക്കൂവെന്നു വീട്ടുകാരോടു പോലും പറഞ്ഞിരുന്നു
ആര്യയുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ആര്യയുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

ഒരു മന്ദബുദ്ധിയായ ഭാര്യ. ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങള്‍. ആള്‍ക്കാര്‍ക്കു മുന്നില്‍ നന്നായി ഡ്രസ്സ് ചെയ്ത് ഭര്‍ത്താവിനെ കളിയാക്കാനായി രംഗപ്രവേശം ചെയ്യുന്നവള്‍. ഇതാണ് ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് ഷോ ആയ 'ബഡായി ബംഗ്ലാവി'ലെ ആര്യ. തിരുവനന്തപുരത്തുകാരിയായ ആര്യ സംസാരിക്കുന്നു:

മോഡലിങ്ങാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട മേഖല. എട്ടുവര്‍ഷത്തോളമായി ഞാന്‍ ഈ മേഖലയിലെത്തിയിട്ട്. എന്നാല്‍ മോഡലായ ആര്യയെ ആര്‍ക്കും അറിയില്ല. മന്ദബുദ്ധിയായ 'ബഡായി ബംഗ്ലാവി'ലെ ആര്യയെ മാത്രമേ ആള്‍ക്കാര്‍ക്ക് അറിയൂ. അതുമുതലാണ് ഞാന്‍ കൂടുതല്‍ സെലിബ്രിറ്റിയായതും. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഫാഷന്‍ ഡിസൈനിങ്ങൊന്നും പഠിച്ചിട്ടില്ല. എന്നാല്‍ ഏറെ ഇഷ്ടപ്പെട്ട ഒന്നാണിത്. ഒരു പോര്‍ട്ട്‌ഫോളിയോയിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്കു കടന്നുവരുന്നത്. അതുകഴിഞ്ഞ് ചില പരസ്യങ്ങള്‍ക്ക് മോഡലായി വേഷമിട്ടു. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്കു വരെ മോഡലായിട്ടുണ്ട്. ഇതുകണ്ട് പനോരമ ടിവിയുടെ ബാനറില്‍ കൈരളിയില്‍ ഒരു സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം ചെയ്തുകൊണ്ടാണ് ആംഗറിങ്ങ് രംഗത്തേക്ക് എത്തുന്നത്. പിന്നീട് ധാരാളം ഷോകള്‍ ഞാന്‍ ആംഗര്‍ ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റില്‍ത്തന്നെ 'നെസ്ലെ മച്ച് സ്റ്റാര്‍', കുക്കറി ഷോ ആയ 'ടേസ്റ്റ് ടൈം' എന്നിങ്ങനെ. അതു ചെയ്യുന്ന സമയത്ത് അമൃത ടിവിയില്‍ ദി ഓഫിസര്‍ എന്ന െ്രെകം സീരിയലിന്റെ സംവിധായകന്‍ ജി.എസ്. വിജയന്‍ എന്നെ വിളിച്ചു. ആ സീരിയലില്‍ ഒരു വേഷം ചെയ്യണമെന്നായിരുന്നു ആവശ്യം. അങ്ങനെ അഭിനയ രംഗത്തേക്കു പ്രവേശിക്കുകയും ചെയ്തു.

ബഡായി ബംഗ്ലാവില്‍ 

ദി ഓഫിസര്‍ എന്ന സീരിയലിനിടയ്ക്കുതന്നെ ഒട്ടേറെ സീരിയലുകളില്‍ എനിക്ക് അവസരം ലഭിച്ചു. ഇതിനു ശേഷം അഞ്ചുവര്‍ഷത്തോളം കഴിഞ്ഞാണ് ഞാന്‍ ബഡായി ബംഗ്ലാവിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റില്‍ 'മഞ്ച് സ്റ്റാഴ്‌സ്' എന്ന ഒരു റിയാലിറ്റി ഷോയില്‍ ഞാന്‍ ആംഗറായിരുന്നു. അതില്‍ ഇടയ്ക്കുവച്ച് ഒരു സെഗ്‌മെന്റില്‍ ഞാന്‍ കോമഡി റൗണ്ടില്‍ പെര്‍ഫോം ചെയ്തിരുന്നു. അതിന്റെ ക്രിയേറ്റീവ് ഹെഡായിരുന്ന ഡയാന ചേച്ചി (ഡയാന സില്‍വെസ്റ്റര്‍) ഇതു ശ്രദ്ധിച്ചു. ഈ സമയം ബഡായി ബംഗ്ലാവിന്റെ ഡിസ്‌കഷന്‍ നടക്കുകയായിരുന്നു. എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ട ഡയാന ചേച്ചിയാണ് എന്നെ ബഡായി ബംഗ്ലാവിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഒരു കോമഡി ഷോയാണ്. ആര്യക്ക് നന്നായി ചെയ്യാനാകുമെന്നു തോന്നുന്നുവെന്ന് അവര്‍ പറഞ്ഞതോടെ ഒരുകൈ നോക്കാമെന്നു ഞാനും വിചാരിച്ചു. അങ്ങനെ അതിലേക്ക് എത്തിപ്പെട്ടു. 

ഇടയ്ക്കുവച്ച് ഫോട്ടോഷൂട്ട് വിവാദം

ബഡായി ബംഗ്ലാവ് തുടങ്ങിയതോടെ എന്നെ ആള്‍ക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ആരാണ് ഈ ആര്യ എന്ന് പലരും അന്വേഷിച്ചു തുടങ്ങി. പലര്‍ക്കും അതിലെ ഒരു മന്ദബുദ്ധിയായ ഭാര്യയായിട്ടേ എന്നെ അറിയൂ. അതിലുപരി പിഷാരടിയുടെ ഭാര്യയാണ് ഞാനെന്നാണ് ഇപ്പോഴും തൊണ്ണൂറു ശതമാനം ആള്‍ക്കാരും വിശ്വസിക്കുന്നത്. പുറത്തിറങ്ങുമ്പോഴൊക്കെ പലരും ചോദിക്കാറുണ്ട് പിഷാരടിയുടെ ഭാര്യയല്ലേ, അദ്ദേഹം വന്നില്ലേ എന്നൊക്കെ. ഈ സമയത്താണ് ഒരു ഫോട്ടോഷൂട്ടില്‍ ഞാന്‍ പങ്കെടുത്തത്. ഫാമിലി ഓറിയന്റഡായിരുന്ന ആര്യ ഒരു സുപ്രഭാതത്തില്‍ അത്തരത്തിലൊരു ഫോട്ടോയ്ക്ക് പോസ് ചെയ്തുവെന്നൊക്കെ പറഞ്ഞപ്പോള്‍ ഉള്‍ക്കൊള്ളാനാകാത്ത ആള്‍ക്കാരുടെ വികാരമായിരുന്നു ആ വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ മോഡലിംഗ് രംഗത്തുനിന്നാണ് വന്നത്. അന്നത്തെ ആര്യയെ ആര്‍ക്കും അറിയില്ല. എന്നാല്‍, ഇപ്പോള്‍ എല്ലാവര്‍ക്കും ആര്യയെ അറിയാം, ബഡായി ബംഗ്ലാവിലൂടെ. അങ്ങനെയുണ്ടായ വ്യത്യസ്തമായ റിയാക്ഷനാണ് ഈ വിവാദങ്ങള്‍ക്ക് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിവാദങ്ങള്‍ ഇപ്പോള്‍ പ്രേക്ഷകര്‍ മറന്നു തുടങ്ങിയിട്ടുണ്ട്.

അറോയ ബൈ ആര്യ ബുട്ടിക്

ഞാന്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ഒരു സംരംഭമാണ് അറോയ ബൈ ആര്യ ബുട്ടിക്. എന്റെ മകളുടെ പേരാണ് റോയ. സ്വപ്നസാക്ഷാല്‍ക്കാരമെന്നാണ് ആ പേരിന്റെ അര്‍ത്ഥം. ഒരു റിഥമെന്ന നിലയ്ക്ക് അറോയ ബൈ ആര്യ പേരുണ്ടാക്കിയെന്നേയുള്ളു. ഞാന്‍ നേരത്തെ തന്നെ പറഞ്ഞല്ലോ, മോഡലിങ്ങ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണെന്ന്. എന്റെ ഡ്രസ്സുകളുടെ കാര്യത്തില്‍ ഞാന്‍ വളരെ സെലക്റ്റീവാണ്. ഷൂട്ടിങ്ങിനും മറ്റു പരിപാടികള്‍ക്കും പോകുമ്പോള്‍ ഞാന്‍ തന്നെയാണ് എന്റെ ഫാഷന്‍ തെരഞ്ഞെടുക്കുന്നത്. കുട്ടിക്കാലം മുതലേ അത് എന്റെ ശീലമാണ്. അഭിനയം ഒരു വശത്തുകൂടി കൊണ്ടുപോയാലും എന്തെങ്കിലുമൊന്ന് സ്വന്തമായി തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നേരത്തെ ആലോചിച്ച കാര്യമാണത്. താല്‍പ്പര്യമുള്ള മേഖലകൂടി ആകുമ്പോള്‍ പിന്നെ അതല്ലേ നല്ലത് എന്നു കരുതി. നമുക്ക് നോക്കി നടത്താന്‍ പറ്റുന്ന ഒന്നായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഡിസൈനര്‍ ബുട്ടിക്  തുടങ്ങാമെന്നു വച്ചു. ഇതിന് എന്റെ കുടുംബത്തിന്റെ പൂര്‍ണ്ണമായ പിന്തുണയുണ്ട്. മാത്രമല്ല, എന്റെ ഉറ്റ സുഹൃത്ത് രശ്മിയുമായി ചേര്‍ന്നാണ് ഇത് തുടങ്ങുന്നത്. തിരുവനന്തപുരം വഴുതക്കാട്ടെ ആകാശവാണിക്കു സമീപത്തായാണ് അറോയ ബൈ ആര്യ ബുട്ടിക് തുടങ്ങുന്നത്. ജനുവരിയോടെ ഇത് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഡിസൈനിങ്ങ് ക്ലോത്തുകളാണ് ഇവിടെ വില്‍പ്പനയ്‌ക്കെത്തിക്കുക. എന്റേതായ ചില ഫാഷന്‍ ഡിസൈനിങ്ങുകളുണ്ട്. അത് ഡിസ്‌പ്ലേ ചെയ്യാനും ആള്‍ക്കാര്‍ക്ക് ഓര്‍ഡനുസരിച്ച് ചെയ്തുകൊടുക്കാനുമാണ് ഇത് ആരംഭിച്ചത്. തുടക്കത്തില്‍ സ്ത്രീകള്‍ക്കുള്ള തുണിത്തരങ്ങള്‍ മാത്രമേ ഉള്ളു. എന്നാല്‍ ജെന്റ്‌സിനും ഓര്‍ഡറനുസരിച്ച് ചെയ്തുകൊടുക്കും. സ്റ്റിച്ചിംഗ്, ഹാന്റ് വര്‍ക്ക്‌സ്, ജെറി വര്‍ക്ക്‌സ് എന്നിവയും ചെയ്തുകൊടുക്കും. ഈ സ്ഥാപനം വഴി കുറച്ച് ആള്‍ക്കാര്‍ക്ക് ജോലിയും നല്‍കാനാകും. തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ പത്തോളം പേരാണ് ജീവനക്കാരായുള്ളത്. ഇനിയും ആള്‍ക്കാരെ വേണ്ടിവരും. എന്റെ പാര്‍ട്ണര്‍ രശ്മിയുടെ പൂര്‍ണ്ണമായ മേല്‍നോട്ടം ഈ സ്ഥാപനത്തിനുണ്ടാകും. രണ്ടുപേരും ഒരു പാഷന്റെ പുറത്താണ് ഇതു ചെയ്യുന്നത്. രശ്മി നേരത്തെ തന്നെ മാര്‍ക്കറ്റിങ്ങ് ഫീല്‍ഡില്‍ ഉള്ള ആളാണ്. അവര്‍ക്ക് ഉപ്പേരി മീഡിയ എന്ന പേരില്‍ ഒരു അഡ്വര്‍ടൈസിങ്ങ് കമ്പനിയുമുണ്ട്. അതിനാല്‍ ഇതു നോക്കിനടത്താന്‍ യാതൊരു പ്രയാസവും ഉണ്ടാകില്ല. 

സംഗീതം പഠിച്ചു

സ്‌കൂള്‍ കാലത്ത് ഞാന്‍  കര്‍ണ്ണാട്ടിക്ക് സംഗീതം പഠിച്ചിട്ടുണ്ട്. എന്നാല്‍, പാട്ട് എന്റെ ഫീല്‍ഡ് അല്ലെന്നു മനസ്സിലാക്കിയതോടെ അതുപേക്ഷിച്ചു. താല്‍പ്പര്യമുള്ള മേഖലയെന്നു പറഞ്ഞാല്‍ മോഡലിങ്ങാണ്. അതില്‍ എനിക്ക് ഒരു പരിചയവുമില്ല. മോണോ ആക്ട്, ഡ്രാമ, പാട്ട് എന്നിവയില്‍ പഠനകാലത്ത് ഒട്ടേറെ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊക്കെ ഇടയ്ക്കുവച്ച് ഉപേക്ഷിച്ചു. 

പാട്ട് ഇഷ്ടമാണ്

പാട്ട് ഇഷ്ടമാണ്. പക്ഷേ, പാടാറില്ല. ഇപ്പോഴുള്ള എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചമാണ്. ഈയിടെ ഇറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്നു തുടങ്ങുന്ന പാട്ട് നന്നായി ആസ്വദിച്ചതാണ്. എന്നാല്‍ സൂപ്പര്‍ ഹിറ്റായ അതിനെപ്പോലും വിമര്‍ശിച്ചവരുണ്ട്. ബ്രാന്റിക്കുപ്പിയും ജിമിക്കി കമ്മലുമൊക്കെ പാട്ടിനകത്ത് ഉള്‍പ്പെടുത്തുമോ എന്നുവരെ ചോദിച്ചു. ഇവര്‍ കുറച്ചു കാലം പിന്നിലോട്ടു ചിന്തിച്ചാല്‍ തീരാവുന്ന കാര്യങ്ങളേ ഉള്ളൂ. പണ്ടത്തെ പാട്ടുകളിലും ഇത്തരം വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട് എന്നു തുടങ്ങുന്ന ഗാനം നാമെല്ലാവരും ആസ്വദിച്ചിട്ടുണ്ട്. അതില്‍ വിമര്‍ശനമൊന്നും വന്നില്ല. ഒരു കാര്യം മനസ്സിലാക്കേണ്ടത് ഒരു ഗാനം മറ്റു ബാന്റുകളെപ്പോലും പിന്നിലാക്കി അന്തര്‍ദ്ദേശീയമായി ഹിറ്റായിരിക്കുന്നുവെന്നതാണ്. അതിനെ നാമെല്ലാം പ്രോത്സാഹിപ്പിക്കുകയാണ്  വേണ്ടത്. 

കോമഡി എങ്ങനെ പറ്റുന്നു

ഒരിക്കലും ഒരു റിഹേഴ്‌സല്‍ ചെയ്തിട്ടല്ല ബഡായി ബംഗ്ലാവ് ചെയ്യുന്നത്. ഒരു ടീം വര്‍ക്കാണത്. അഞ്ചുവര്‍ഷത്തോളമായി ഇതു തുടങ്ങിയിട്ട്. ഈ കാലയളവില്‍ ഉണ്ടാക്കിയ ഒരു റാംപുണ്ട്. കുറച്ചു സുഹൃത്തുക്കള്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ അതാണ് അവിടെ സംഭവിക്കുന്നത്. ഇതിനായി സ്‌ക്രിപ്റ്റ് വീട്ടില്‍ കൊണ്ടുപോയി കാണാതെ പഠിക്കാറില്ല. ഷൂട്ടിന് രണ്ടു മണിക്കൂര്‍ മുമ്പാണ് സ്‌ക്രിപ്റ്റ് കൈയില്‍ നല്‍കുക. അതു വെറുതെ വായിച്ചു പോവുക മാത്രമാണ് ചെയ്യുന്നത്. പ്ലാറ്റ്‌ഫോമില്‍ കയറുമ്പോള്‍ നമ്മുടെ ഇഷ്ടാനുസരണം ചെയ്യാന്‍ സാധിക്കുന്നു. കൂടെയുള്ളവരുടെ സപ്പോര്‍ട്ടൊക്കെ കൊണ്ടാകാം ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്. 

പൃഥ്വിരാജിനെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു

പഠിക്കുന്ന കാലത്ത് ഞാന്‍ പൃഥ്വിരാജിന്റെ കടുത്ത ആരാധകയായിരുന്നു. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം കഴിക്കൂവെന്നു വീട്ടുകാരോടു പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകള്‍പോലും ഞാന്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. എന്നാല്‍ സത്യത്തില്‍ എനിക്ക് ഇതുതുവരെ പൃഥ്വിയെ നേരിട്ടു കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. മലയാളത്തില്‍ ഒട്ടുമിക്ക നടന്‍മാരെയും നേരിട്ടു കാണാനും അടുത്തിടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. പലപ്പോഴും ശ്രമിച്ചിട്ടുണ്ട്, ഒന്നു കാണണമെന്ന്. പക്ഷേ, സംഭവിച്ചിട്ടില്ല. 

ഇനി സീരിയലിലേക്കില്ല

ഇനിയെന്തായാലും സീരിയലിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ത്തന്നെ ചില ഷോയും ബഡായി ബംഗ്ലാവുമായി വളരെ തിരക്കേറിയിട്ടുണ്ട്. അതിനിടെ സീരിയല്‍ അഭിനയം പറ്റില്ലെന്നതാണ് ഒരു കാര്യം. മറ്റൊന്ന് ചിലരുടെ കാര്‍ക്കശ്യം. കഥകള്‍ കേട്ട് നല്ലതാണെങ്കില്‍ ഇഷ്ടപ്പെട്ട് ചെയ്തിരുന്ന ഒന്നാണ് സീരിയല്‍. എന്നാല്‍, അതില്‍ ചില ഡയലോഗുകള്‍ എനിക്ക് ശരിയായി വരില്ല. അതൊന്നു മാറ്റിത്തരാന്‍ ചില സംവിധായകരോടു പറഞ്ഞാല്‍ അവര്‍ അതിനു തയ്യാറാകില്ല. അതാണ് ആ കഥയുടെ പഞ്ചെന്നാണ് അവരുടെ വാദം. അതുണ്ടെങ്കിലേ ആള്‍ക്കാര്‍ സീരിയല്‍ കാണൂ. ഇതൊക്കെ എനിക്ക് വല്ലാതെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ്. അങ്ങനെ എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചില വാക്കുകള്‍ പറയിച്ചിട്ടുമുണ്ട്. പ്രയാസപ്പെട്ടാണെങ്കിലും പെട്ടുപോയില്ലേ എന്നുകരുതി ചെയ്തിട്ടുണ്ട്. മറ്റൊരു കാര്യമെന്നു പറഞ്ഞാല്‍ എന്നും നമ്മുടെ മുഖം സ്‌ക്രീനില്‍ കണ്ടാല്‍ ആള്‍ക്കാര്‍ക്കുതന്നെ ബോറടിക്കും. ബഡായി ബംഗ്ലാവ് എന്നു പറഞ്ഞാല്‍ ആഴ്ചയില്‍ ഒരിക്കലുള്ള പരിപാടിയാണ്. ഇതിനായി പ്രേക്ഷകര്‍ കാത്തിരിക്കും. അതിനോടാണ് എനിക്ക് കൂടുതല്‍ താല്‍പ്പര്യം. 

ചാനലുകളില്‍

ബഡായി ബംഗ്ലാവിനു പുറമേ ചില്ലി ബൗള്‍, ടേസ്റ്റ് ടൈം, ടമാര്‍ പഠാര്‍, യുവ അവാര്‍ഡ്, മേളം മറക്കാത്ത രുചി എന്നീ ടിവി ഷോകളിലും പങ്കെടുക്കുന്നുണ്ട്. എങ്കിലും ബഡായി  ബംഗ്ലാവിലെ ആര്യയാണ് സൂപ്പര്‍ ഹിറ്റ്. ജീവിതത്തില്‍ അങ്ങനെയല്ലെങ്കില്‍പ്പോലും.

സിനിമാഭിനയം

പുണ്യാളന്‍ ലിമിറ്റഡ്, ഹണിബീ, ഹണീബി 2, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, അലമാര എന്നീ സിനിമകളില്‍ 2017ല്‍ അഭിനയിച്ചു. കഴിഞ്ഞവര്‍ഷം പാവ, പ്രേതം, തോപ്പില്‍ ജോപ്പന്‍ എന്നീ സിനിമകളിലും. 2018ലും കുറച്ചധികം സിനിമകളുണ്ട്. സിനിമയും കുഴപ്പമില്ലാതെ ചെയ്യാനാകും. നമുക്കു പറ്റാത്ത വാക്കുകള്‍ അതിലുണ്ടെങ്കില്‍ തിരുത്താന്‍ സംവിധായകര്‍ സഹായിക്കും. അത് സംവിധായകരെ ആശ്രയിച്ചിരിക്കും. നമുക്ക് സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഏത് ഡയലോഗുകളും നന്നായി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യാനാകും. എന്നു കരുതി ഞാന്‍ ആരുടേയും സ്‌ക്രിപ്റ്റ് തിരുത്തിക്കാന്‍ പോയിട്ടില്ല. സീരിയലുകളില്‍ ചില വാക്കുകള്‍ എത്ര അക്ഷരസ്ഫുടതയുണ്ടെങ്കിലും കുഴഞ്ഞുപോകും. അത്തരം വാക്കുകള്‍ക്കു പകരം വേറെ വാക്കു പറയാന്‍ സംവിധായകര്‍ അനുവദിക്കാറുമില്ല. ഫ്‌ലെക്‌സിബിളായിട്ടുള്ള സംവിധായകരാണെങ്കില്‍ നമുക്ക് സ്വാതന്ത്ര്യം അനുവദിക്കാറുണ്ട്. അതിനാലാണ് സീരിയല്‍ ഉപേക്ഷിക്കാന്‍ കാരണം. എല്ലാ സംവിധായകരും ഒരേപോലെയല്ലല്ലോ. പലരും പല രീതിയിലാണ് സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവരില്‍ നിന്നെല്ലാം ഒട്ടേറെ കാര്യങ്ങള്‍ എനിക്കു പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ ഇത്തരം സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചതുകൊണ്ടു മാത്രമാണ്. 

പ്രേക്ഷകര്‍ക്കിടയിലെ സ്വീകാര്യത

ഞാന്‍ നേരത്തെ പറഞ്ഞതുപോലെതന്നെ മന്ദബുദ്ധിയായ ഒരു ഭാര്യയായാണ് ഇപ്പോഴും ജനങ്ങള്‍ കാണുന്നത്. പിഷാരടിയുടെ ഭാര്യയായും കരുതുന്നവരുണ്ട്. എവിടെവച്ച് കണ്ടാലും ആള്‍ക്കാര്‍ ഓടിവന്ന് സെല്‍ഫിയെടുക്കാറുണ്ട്. സംസാരിക്കാറുമുണ്ട്. ചിലര്‍ എന്നെ കെട്ടിപ്പിടിച്ച് മുത്തംവയ്ക്കാറുമുണ്ട്. ഇതൊക്കെ ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുന്നയാളാണ്. പ്രായംചെന്നവര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ എന്നെ ഇഷ്ടപ്പെടുന്നുവെന്ന് കാണുമ്പോള്‍ എനിക്ക് വലിയൊരു അവാര്‍ഡ് ലഭിച്ചപോലെയാണ്.

ചലച്ചിത്ര മേഖലയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം

ഈ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഇത്. കുറച്ചു നാളേ ആയിട്ടുള്ളു ഞാന്‍ ഈ മേഖലയില്‍ എത്തിയിട്ട്. അതുകൊണ്ടുതന്നെ കുറച്ചു സംവിധായകരോടൊപ്പമേ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുള്ളു. ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാവരും നല്ല പെരുമാറ്റമായിരുന്നു. ഒരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ കുറച്ചുപേര്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതു ചിലപ്പോള്‍ അവരുടെ പേഴ്‌സണല്‍ എക്‌സിപിരിയന്‍സ് വച്ചിട്ടാകാം അങ്ങനെ പറയുന്നത്. അപൂര്‍വ്വമായി ചിലയിടങ്ങളില്‍ മാത്രമേ അത്തരം സംഭവങ്ങളുള്ളു. ചില ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് നടക്കുന്ന സ്ഥലങ്ങളിലൊക്കെയാണ് കൂടുതലും ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകാറുള്ളത്. അവിടെയൊക്കെ ഒരു കാരവന്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളു. അതാകുമ്പോള്‍ നമുക്കൊക്കെ വസ്ത്രം മാറുന്നതിനും മറ്റു കാര്യങ്ങള്‍ക്കും സുരക്ഷിതത്വമുണ്ട്. അല്ലാതെ മറ്റൊരു പ്രശ്‌നവും ഈ മേഖലയില്‍ ഞാന്‍ കാണുന്നില്ല. എനിക്ക് അതുകൊണ്ടുതന്നെ ഒരു സെക്യൂരിറ്റിയുടെ ആവശ്യവുമില്ല. ഇപ്പോള്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ട് വളരെ ട്രെയ്ന്‍ഡായിട്ടുള്ള വനിതാ ബോഡിഗാര്‍ഡുകളെ വയ്ക്കണമെന്ന്. അതും നല്ലതാണ്. നമുക്ക് നല്ലൊരു ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ് അത്. അതുണ്ടാകുമ്പോള്‍ അക്രമം കാട്ടണമെന്നു വിചാരിച്ചു നടക്കുന്നവര്‍ക്ക് ഒരു പേടിയുണ്ടാകും. 

വിമന്‍സ് കളക്ടീവ് ഇന്‍ സിനിമയെക്കുറിച്ച്

ഒരുകണക്കിന് നോക്കിയാല്‍ ഈ സംഘടനയുടെ പിറവി നല്ലതാണ്. പ്രശ്‌നമുണ്ടാകുമ്പോള്‍ നമുക്കുവേണ്ടി സംസാരിക്കാന്‍ ഒരു സംഘടന ഉണ്ടെന്നത് അഭിമാനകരമാണ്. എനിക്ക് ഇതുവരെ അങ്ങനെയൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്നുവച്ച് ഭാവിയില്‍ ഉണ്ടായിക്കൂടെന്നുമില്ല. അതിനാല്‍ നമുക്കുവേണ്ടി ഒരുകൂട്ടം ആള്‍ക്കാര്‍ ഉണ്ടാകുന്നത് നല്ലതാണ്. അനാവശ്യമായ കാര്യങ്ങളില്‍ ചാടിക്കയറി ഇടപെടുന്നവരാകരുത് അതിനു തലപ്പത്തുള്ളവര്‍. എന്തിനും ഏതിനും കയറി അഭിപ്രായപ്രകടനവും നടത്തരുത്. നമ്മുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണോ അതൊക്കെ നേടിയെടുക്കാനുള്ള ഒരു സംഘടനയെന്നതാകണം ഇത്. ഈ സംഘടനയെപ്പറ്റി യാതൊരു നെഗറ്റീവും എനിക്കു തോന്നിയിട്ടില്ല. 

ക്രിട്ടിസിസം മാറിയാലേ സിനിമ നന്നാകൂ

പണ്ടത്തെ സിനിമകള്‍ വളരെ നല്ലതാണെന്നും ഇപ്പോഴത്തേത് വളരെ ബോറാണെന്നുമാണ് ചിലര്‍ പറയുന്നത്. അന്നത്തെ ജനറേഷന്‍ അങ്ങനത്തേതായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ജനറേഷന്‍ ഇഷ്ടപ്പെടുന്നത് വെറൈറ്റിയാണ്. അവര്‍ ആഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കില്‍ പിന്നെ ആ പടം വിജയിക്കില്ല. മാത്രമല്ല, ന്യൂജനറേഷന്‍ വളരെ പ്രാക്റ്റിക്കലായി ചിന്തിക്കുന്നവരും കൂടിയാണ്. ക്രിട്ടിസിസം എന്നൊരു സംഭവം വല്ലാത്തൊരു പ്രശ്‌നമായി സിനിമയില്‍ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമാ നിര്‍മ്മാതാവ് വളരെ ആലോചിച്ചേ ഇതിന് ഇറങ്ങിത്തിരിക്കൂ. ആവശ്യമുള്ളതിനും ഇല്ലാത്തതിനുമെല്ലാം ക്രിട്ടിസിസം എന്ന സ്‌റ്റൈല്‍ മാറണം. സിനിമ റിലീസിനു മുന്നേ ക്രിട്ടിസിസം വരുന്ന രീതിയുണ്ട്. ഈ ക്രിട്ടിസിസം എന്നു മാറുമോ അന്നേ സിനിമയും നന്നാകൂ. 

(ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ പ്രിയസഖിയില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com