'റീതു പാട്ടു പാടാന്‍ തുടങ്ങിയതോടെ അവളുടെ വിറയല്‍ നിന്നു, പതിയെ ശബ്ദങ്ങളുണ്ടാക്കാന്‍ തുടങ്ങി'; നായകളുടെ സംഗീത പ്രേമത്തെക്കുറിച്ച് ശ്രീനാഥ് ഭാസി

പാട്ട് കേള്‍ക്കുന്നതോടെ അവര്‍ ശാന്തരാവുകയും പാട്ട് അസ്വദിക്കുകയും ചെയ്യുമെന്നാണ് താരം പറയുന്നത്
'റീതു പാട്ടു പാടാന്‍ തുടങ്ങിയതോടെ അവളുടെ വിറയല്‍ നിന്നു, പതിയെ ശബ്ദങ്ങളുണ്ടാക്കാന്‍ തുടങ്ങി'; നായകളുടെ സംഗീത പ്രേമത്തെക്കുറിച്ച് ശ്രീനാഥ് ഭാസി

ട്ടികള്‍ പാട്ട് ആസ്വദിക്കാറുണ്ടോ? നടനും സംഗീതജ്ഞനുമായ ശ്രീനാഥ് ഭാസിയുടെ പറയുന്നത് പട്ടികള്‍ സംഗീത പ്രേമികളാണെന്നാണ്. പാട്ട് കേള്‍ക്കുന്നതോടെ അവര്‍ ശാന്തരാവുകയും പാട്ട് അസ്വദിക്കുകയും ചെയ്യുമെന്നാണ് താരം പറയുന്നത്. വീട്ടില്‍ രണ്ട് കുട്ടിത്താരങ്ങളുടെ സ്വഭാവത്തില്‍ നിന്നാണ് നായകള്‍ക്ക് പാട്ട് വളരെ ഇഷ്ടമാണെന്ന് ശ്രീനാഥ് മനസിലായത്. 

ശ്രീനാഥിന്റെ വീട്ടില്‍ രണ്ട് നായകളാണുള്ളത്. ഷാഗിയും പപ്‌സ്‌കിയും. ഇരുവരുമാണ് വീട്ടിലെ താരങ്ങളെന്നാണ് ശ്രീനാഥ് പറയുന്നത്. ഷാഗിയാണ് കുടുംബത്തിലെ ആദ്യത്തെ കുഞ്ഞ്. കുട്ടിയായിരിക്കുമ്പോള്‍ തേവരയില്‍ നിന്ന് ശ്രീനാഥിന്റെ മുത്തശ്ശി രക്ഷപ്പെടുത്തിക്കൊണ്ടുവന്നതാണ് ഷാഗിയെ. കുടുംബത്തിന്റെ മുഴുവന്‍ സ്‌നേഹവും വാങ്ങി ഷാഗി രാജാവായി കഴിയുമ്പോഴാണ് പപ്‌സ്‌കിയുടെ ഗ്രാന്‍ഡ് എന്‍ട്രി. 

സ്വന്തമായി ഒരു നായക്കുട്ടി വേണം എന്ന ശ്രീനാഥിന്റേയും ഭാര്യ റീതുവിന്റേയും ആഗ്രഹത്തിലാണ് പപ്‌സ്‌കിയെ വാങ്ങുന്നത്. കാണാന്‍ നല്ല ഭംഗിയും ചെറുതുമായതിനാല്‍ വളരെ പെട്ടെന്നാണ് പപ്‌സ്‌കി വീട്ടിലെ പ്രീയപ്പെട്ടവനായത്. എന്നാല്‍ ഇത് ഷാഗിക്ക് അത്ര പിടിച്ചില്ല. വീടിന്റെ അവകാശി താനാണെന്ന് ഉറപ്പിക്കാന്‍ ഷാഗി വീട്ടിലെ ചില ഭാഗങ്ങളില്‍ മൂത്രമൊഴിക്കുവായിരുന്നെന്നാണ് റീതു പറയുന്നത്. പപ്‌സ്‌കിയും വീട്ടിലെ അംഗമാണെന്ന് മനസിലാക്കിയതുകൊണ്ടാകാം ഷാഗി ഇപ്പോള്‍ പപ്‌സ്‌കിക്കൊപ്പം കളിക്കാന്‍ കൂടാറുണ്ട്. 

ശ്രീനാഥിനും റീതുവിനും പപ്‌സ്‌കിയെയാണ് പ്രിയം. പുറത്തുപോകുമ്പോഴെല്ലാം ഇരുവരും പപ്‌സ്‌കിയേയും കൂട്ടിയാണ് പോകുന്നത്. എന്നാല്‍ അപരിചിതരെ പപ്‌സ്‌കിക്ക് പേടിയായിരുന്നു. എന്നാല്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ സ്‌നേഹിച്ച് കൊല്ലുമെന്നാണ് റീതു പറയുന്നത്. പപ്‌സ്‌കിയെ അവരുടെ കുഞ്ഞ് രാജകുമാരിയായാണ് ദമ്പതികള്‍ കാണുന്നത്. കുട്ടിയുണ്ടാവുന്നതിന് മുന്‍പ് നായക്കുട്ടിയെ പരിചരിക്കുന്നത് ഏറ്റവും നല്ലതാണെന്നാണ് ശ്രീനാഥ് പറയുന്നത്. 

പപ്‌സ്‌കിയെ ആശുപത്രിയില്‍ കൊണ്ടുപോയ ഒരു ദിവസമാണ് പട്ടികള്‍ സംഗീത പ്രിയരാണെന്ന വലിയ സത്യം ശ്രീനാഥ് മനസിലാക്കുന്നത്. 'നായകള്‍ക്ക് മനുഷ്യന്‍മാരുടേത് പോലെയുള്ള വികാരങ്ങളുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ആ ദിവസം വരെ വിശ്വസിച്ചിരുന്നില്ല. പുതിയ ആളുകളെ കണ്ടാല്‍ പപ്‌സ്‌കി പെട്ടെന്ന് പേടിക്കും. ഹോസ്പിറ്റലില്‍ എത്തി കുറേ ആളുകളെ കണ്ടതോടെ പപ്‌സ്‌കി കാറില്‍ ഇരുന്ന് പേടിച്ച് വിറക്കാന്‍ തുടങ്ങി. ഇതു കണ്ട് റീതു പതിയെ പാട്ടുപാടി. ഇത് കേട്ടതോടെ പപ്‌സ്‌കിയുടെ വിറയല്‍ നിന്നു. വളരെ ശാന്തമായി വളരെ ചെറിയ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. റീതുവിനൊപ്പം പാട്ട് പാടുന്നതുപോലെ. ഇത് കണ്ട് ഞങ്ങള്‍ ശരിക്കും അത്ഭുതപ്പെട്ടു. അന്നു മുതല്‍ പപ്‌സ്‌കി പേടിക്കുന്നതുകണ്ടാല്‍ റീതു പാട്ടു പാടും. അതോടെ അവള്‍ ശാന്തയായി ഉറങ്ങാന്‍ തുടങ്ങും. മ്യൂസിക് റൂമില്‍ വന്നാലും പപ്‌സ്‌കി ഇതുതന്നെയാണ് ചെയ്യുന്നത്. നായ്ക്കള്‍ക്ക് പാട്ട് വളരെ ഇഷ്ടമാണ്.' ശ്രീനാഥ് പറഞ്ഞു നിര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com