സല്‍മാന്‍ ജയില്‍ മോചിതനാകുന്നതുവരെ ഭക്ഷണം കഴിക്കില്ല; ദൃഢപ്രതിജ്ഞയുമായി ആറ് വയസുകാരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2018 02:50 PM |
Last Updated: 07th April 2018 02:50 PM | A+A A- |
ജോദ്പൂര്‍: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ജയിലിലായതോടെ ഹൃദയം തകര്‍ന്നിരിക്കുകയാണ് ആരാധകര്‍. താരത്തിന് പിന്തുണ അറിയിച്ച് നിരവധി അരാധകരാണ് തെരുവില്‍ ഇറങ്ങിയത്. പ്ലെക്കാര്‍ഡുകളുമായി തങ്ങളുടെ പ്രിയതാരത്തിനായി ജയിലിനുമുന്നില്‍ നിരവധി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. സല്‍മാന്റെ ഒരു കുട്ടി ആരാധികയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
സല്‍മാന്‍ ജയിലില്‍ ആയതിന്റെ ദുഖത്തില്‍ ദൃഢ പ്രതിജ്ഞ എടുത്തിരിക്കുകയാണ് ആറ് വയസുകാരിയായ ആനിയ. തന്റെ പ്രിയതാരം തിരികെ വരുന്നതുവരെ ഭക്ഷണം കഴിക്കില്ലെന്നാണ് കുട്ടി ആരാധികയുടെ തീരുമാനം. അച്ഛനും അമ്മയ്ക്കുമൊപ്പം ജോദ്പൂര്‍ ജയിലിന് മുന്നില്‍ പ്രതിഷേധിക്കുകയാണ് ആനിയ. സല്‍മാന്‍ ജയില്‍ മോചിതനാകുന്നതുവരെ ഞാന്‍ സ്‌കൂളില്‍ പോകില്ല, ഭക്ഷണം കഴിക്കില്ല, വെള്ളം കുടിക്കില്ല എന്ന് എഴുതിയിരിക്കുന്ന പ്ലെക്കാര്‍ഡുമായാണ് ആനിയയുടെ പ്രതിഷേധം.
ഭക്ഷണവും വെള്ളവും ഒഴിവാക്കിയതിനെ തുടര്‍ന്ന് ക്ഷീണിതയാണ് കുട്ടി. പ്രതിഷേധത്തിനിടെ ആനിയ തലകറങ്ങി വീണിരുന്നു. മകള്‍ സല്‍മാന്റെ വലിയ ആരാധികയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സിനിമയില്‍ സല്‍മാന്‍ കരയുന്നതു കണ്ടാല്‍ മകള്‍ കൂടെയിരുന്നു കരയുമെന്നും അത്ര ശക്തമാണ് മകളുടെ ആരാധനയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.