'ധനുഷിനെ ഇഷ്ടമാണ്. നല്ല രസമാണ് കണ്ടിരിക്കാന്‍'

'ധനുഷിനെ ഇഷ്ടമാണ്. നല്ല രസമാണ് കണ്ടിരിക്കാന്‍'
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

തിഥി രവിയുടെ ജീവിതം ഇപ്പോള്‍ ആഘോഷമാണ്. 'ആംഗ്രി ബേബീസ് ഇന്‍ ലവ്' എന്ന സിനിമയില്‍ തുടങ്ങിയ അഭിനയം ഇപ്പോള്‍ 'കുട്ടനാടന്‍ മാര്‍പ്പാപ്പ' എന്ന ചിത്രത്തില്‍ വരെ എത്തി നില്‍ക്കുന്നു. നിരവധി പരസ്യചിത്രങ്ങളിലൂടെ മലയാളിക്ക് പരിചിതമായ മുഖമാണ് അതിഥിയുടേത്. അതിഥി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

പുതുമുഖം എന്ന നിലയിലെ അനുഭവം?

ഇപ്പോള്‍ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ല അനുഭവം തന്നെയാണ്. പക്ഷേ, അതിനെക്കാളുപരി ടെന്‍ഷനിലുമാണ്. അതെന്തുകൊണ്ടെന്ന് എനിക്കുതന്നെ അറിയില്ല. പക്ഷേ, ഇപ്പോള്‍ ഏറെക്കുറെ കുറച്ചുകൊണ്ടിരിക്കുകയാണ്. പലര്‍ക്കും എന്റെ ഈ സ്വഭാവം അറിയാം. അതിനാല്‍ ആരും ടെന്‍ഷന്‍ പിടിപ്പിക്കാറില്ല. 

അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയത് എപ്പോഴാണ്?

ചെറുപ്പം മുതല്‍ എനിക്ക് സിനിമ ചെയ്യണമെന്നുതന്നെയായിരുന്നു ആഗ്രഹം. സാധാരണ ആള്‍ക്കാര്‍ പറയുന്നതുപോലെയല്ല. അവിചാരിതമായി ഞാന്‍ സിനിമയില്‍ വന്നയാളല്ല. ടിവി കാണുമ്പോള്‍ അത് അനുകരിക്കാറുണ്ടായിരുന്നു. 'നിറം' സിനിമ ഇറങ്ങിയ സമയത്താണ് കൂടുതലും ആഗ്രഹം തോന്നിയത്. അതിലെ ശാലിനിയെ എനിക്ക് ഏറെ ഇഷ്ടമാണ്. അവരെപ്പോലെ അഭിനയിക്കണമെന്നു തോന്നിയിരുന്നു. അവരെപ്പോലെ ആകണമെന്ന് ചെറുപ്പത്തിലേ ഞാന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. കോളേജില്‍ എത്തിയപ്പോള്‍ സ്‌കിറ്റുകള്‍ ചെയ്യുമായിരുന്നു. അങ്ങനെ കൂടുതല്‍ ആത്മവിശ്വാസം കൈവന്നു.
ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജിലാണ് ഞാന്‍ പഠിച്ചത്. പത്താംക്ലാസ്സില്‍ പഠിക്കുന്നതു മുതല്‍ നടി ആകണമെന്ന് കൂടുതല്‍ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഈ കോളേജില്‍ത്തന്നെ ചേര്‍ന്നു പഠിച്ചത്. അങ്ങനെ ആഡ് ഫിലിമുകള്‍ ചെയ്യാന്‍ തുടങ്ങി. പലരും കണ്ടിട്ട് കുഴപ്പമില്ല, നന്നായിട്ടുണ്ട് എന്നൊക്കെ പറയാറുണ്ടായിരുന്നു. കൂടുതല്‍ മനോധൈര്യം കൈവന്നത് അങ്ങനെയാണെന്നു പറയാം. എന്റെ ഏറ്റവും വലിയ ന്യൂനതയാണ് ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അറിയില്ലെന്നത്. സിനിമയിലേക്കു വരാന്‍ ഇത്രയധികം കാത്തിരിക്കേണ്ടിവന്നതും അതു കൊണ്ടാണ്. എങ്കിലും സിനിമ സ്വപ്‌നമായിരുന്നു. അങ്ങനെ, ഓഡിഷന്‍സിനും മറ്റും പോകുമായിരുന്നു. പലതും പരാജയപ്പെട്ടു. ആഡ് ഫിലിമില്‍ മാത്രം ഒതുങ്ങാന്‍ കാരണമതാണ്. ഓഡിഷനിലൂടെയാണ് 'അലമാര' എന്ന സിനിമയിലും അവസരം ലഭിച്ചത്. നല്ല അഭിനന്ദനമായിരുന്നു അതിനും കിട്ടിയത്. ആദ്യ സിനിമയുടെ ക്യാമറാമാന്‍ സതീഷ് കുറുപ്പായിരുന്നു 'ആദി' എന്ന സിനിമയിലും ക്യാമറ ചലിപ്പിച്ചത്. അങ്ങനെ അദ്ദേഹം കുറേ സപ്പോര്‍ട്ട് ചെയ്തു. 'ആദി'യുടെ ഡിസ്‌കഷന്‍ സമയത്ത് സതീഷ് ചേട്ടന്‍ ഒരു അഭിപ്രായം ജിത്തു സാറിനോടു പറഞ്ഞു. അങ്ങനെ അവിടെ പോയി ഓഡിഷന്‍ ചെയ്തു അവസരവും ലഭിച്ചു. 

ഏറ്റവും ബുദ്ധിമുട്ടും നിഷ്പ്രയാസവുമായി തോന്നിയ വേഷങ്ങള്‍?

നമുക്ക് ഒരു വേഷം തരുമ്പോള്‍ നല്ല ബുദ്ധിമുട്ടായിരിക്കും. എന്നാല്‍, അതൊക്കെ നന്നായി ചെയ്യുന്നവരുമുണ്ട്. പക്ഷേ, പെട്ടെന്ന് ഈ വേഷം എളുപ്പമുള്ളതാണെന്നു തോന്നിയിട്ടില്ല. നമ്മള്‍ സിനിമ കാണുമ്പോള്‍ എല്ലാം ലളിതമായി തോന്നും. അത് അവരുടെ കഴിവാണ്. ഞാന്‍ സിനിമയിലേക്കു വന്നപ്പോഴാണ് എല്ലാം മനസ്സിലായത്. പ്രയാസമായ കാര്യങ്ങളാണ് പലരും നന്നായി കൈകാര്യം ചെയ്തിരിക്കുന്നത്. തരുന്ന കഥാപാത്രം സംവിധായകന്‍ പറഞ്ഞുതരുമ്പോള്‍ ഇങ്ങനെയൊക്കെയാണോ അഭിനയിക്കേണ്ടത് എന്നു തോന്നും. പക്ഷേ അതു ചെയ്തുകഴിഞ്ഞാല്‍ എല്ലാം സിംപിളായി തോന്നുകയും ചെയ്യും. 

അഭിനയിക്കാന്‍ പ്രത്യേകമായ ടെക്‌നിക്കുകള്‍?

അങ്ങനെയൊന്നുമില്ല. ആക്റ്റിംഗ് കോഴ്‌സുകള്‍ക്ക് പോയാല്‍ പ്രൊഫഷണലായി ചെയ്യാന്‍ പറ്റും. ഞാന്‍ അങ്ങനെ പോയിട്ടില്ല. 'അലമാര' എന്ന സിനിമ ചെയ്തശേഷം മൂന്നു ദിവസം മാത്രം ആക്ട്‌സ് ലാബില്‍ പോയിരുന്നു. പക്ഷേ, അത് പേടി മാറ്റുന്നതിനും മെഡിറ്റേഷനും വേണ്ടിയാണ്. അവിടെ പഠിപ്പിച്ചതും അതുതന്നെയാണ്. ഏത് റോള്‍ ചെയ്യാന്‍ പറ്റും, എങ്ങനെ ചെയ്യണം, മടി കൂടാതെ ആരുടേയും മുന്നില്‍ അഭിനയിക്കല്‍ ഇതൊക്കെ പഠിക്കണമെങ്കില്‍ കോഴ്‌സിന് പോയേ പറ്റു. ഒരേ രീതി മാത്രമേ അഭിനയിക്കൂ എന്നു കരുതുന്നതാണ് ഏറ്റവും വലിയ പൊട്ടത്തരം. ഓരോ സിറ്റുവേഷനനുസരിച്ചും നമ്മള്‍ മാറണം. ആഡ് ഫിലിമിനൊക്കെ ഈപ്പറഞ്ഞ രീതി നോക്കിയാല്‍ മതി. പക്ഷേ, സിനിമയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. എല്ലാം റിയലിസ്റ്റിക്കായിരിക്കണം. അങ്ങനെയാണ് പലരും അഭിനയിക്കുന്നതും. എക്‌സ്പ്രഷനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. അങ്ങനെ ചെയ്യണമെന്നാണ് സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ എനിക്ക് പറഞ്ഞുതന്നിട്ടുള്ളത്. 

ഏറ്റവും കൂടുതല്‍ റീടേക്കെടുത്ത സീന്‍?

അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സംവിധായകന്‍ ചീത്തവിളിച്ചിട്ടുമില്ല. നല്ല ടെന്‍ഷനിലാണ് സംവിധായകന്‍ സിനിമ ചെയ്യുന്നത്. അവര്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ ഒരുപക്ഷേ, വഴക്കു പറയുമായിരിക്കാം. എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. അദ്ദേഹത്തെപ്പോലെ തന്നെ ക്യാമറാമാനും. അവരും അത്രയ്ക്ക് ടെന്‍ഷനിലാണ്. അവര്‍ക്കു മുന്നില്‍ തെറ്റിക്കുമ്പോള്‍ നെഗറ്റീവ് സ്‌പ്രെഡ് ചെയ്യും. അവര്‍ നില്‍ക്കുന്ന രീതിക്ക് കട്ടയ്ക്ക് നിന്നാല്‍ അതാണ് അവര്‍ക്കിഷ്ടം. ഞാന്‍ അതാണ് പിന്തുടരുന്നത്. ഒരുപാട് ടെന്‍ഷന്‍ തന്നാല്‍ തെറ്റിപ്പോകും. കൂളായി പറഞ്ഞാല്‍ എല്ലാം ശരിയാക്കാന്‍ സാധിക്കും. അധികം ടേക്ക് എടുത്ത് ആര്‍ക്കെങ്കിലും തലവേദന പിടിപ്പിച്ചതായി എനിക്ക് തോന്നിയിട്ടില്ല.

ഡയലോഗ് പഠനം എങ്ങനെ?

എനിക്ക് പൊതുവെ വായനാശീലം കുറവാണ്. സ്‌ക്രിപ്റ്റ് കിട്ടിയാല്‍ രണ്ടുതവണ വായിക്കും. അത്രമാത്രം. ഡയലോഗുകള്‍ മനഃപ്പാഠമാക്കാറില്ല. സിനിമയില്‍ സിറ്റുവേഷനനുസരിച്ച് ഡയലോഗുകള്‍ മാറ്റാറുണ്ട്. മനഃപ്പാഠമാക്കിയാല്‍ ഈ മാറ്റങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ടെന്‍ഷനിലാകും. സാധാരണ വായിക്കുന്നതുപോലെ ചെയ്യും. അതാകുമ്പോള്‍ എന്തു മാറ്റം വന്നാലും നമുക്ക് കുഴപ്പമില്ലാതെ ചെയ്യാനാകും. 

ഭാവി പദ്ധതികള്‍?

നാദിര്‍ഷായുടെ 'കട്ടപ്പനയിലെ ഹൃത്വിക് റോഷ'ന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കുന്നുണ്ട്. ധര്‍മജനും നാദിര്‍ഷായുമാണ് മലയാളത്തില്‍നിന്നും അതില്‍ അഭിനയിക്കുന്നത്. പുതിയതായി ഞാന്‍ മാത്രമാണുള്ളത്. ശിവ കാര്‍ത്തികേയനാണ് നായകന്‍. 

'കുട്ടനാടന്‍ മാര്‍പ്പാപ്പ'യിലെ അനുഭവം?

'നിറം' എന്ന സിനിമയില്‍ ശാലിനിയുടെ വേഷം ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. ശാലിനിയോടൊപ്പം അഭിനയിച്ച കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. സീനിയറായ ഒരാളോടൊപ്പം അഭിനയിക്കുമ്പോള്‍ പാലിക്കേണ്ട രീതികളെക്കുറിച്ച് മനസ്സിലാക്കിയാണ് ഞാന്‍ അതില്‍ പോയത്. എന്നാല്‍, ചാക്കോച്ചന്‍ അപരിചിതയെപ്പോലെ പെരുമാറിയിട്ടേയില്ല. വര്‍ഷങ്ങളുടെ പരിചയമെന്നോണമായിരുന്നു അദ്ദേഹം എന്നോട് പെരുമാറിയത്. എന്റെ എവര്‍ഗ്രീന്‍ ആക്ടറാണ് ചാക്കോച്ചന്‍. നല്ല സപ്പോര്‍ട്ടായിരുന്നു. മാത്രമല്ല, മനോധൈര്യവും നല്‍കി. 

ഫാമിലി?

ഞാന്‍ തൃശൂര്‍കാരിയാണ്. പക്ഷേ, താമസം കൊച്ചി പനമ്പിള്ളിനഗറിലാണ്. അച്ഛന്‍ എ.ജി. രവി സൗദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥനായിരുന്നു. അമ്മയുടെ പേര് ഗീത. ഒരു സിസ്റ്ററും ബ്രദറുമുണ്ട്. വീട്ടുകാരുടെ സപ്പോര്‍ട്ടാണ് എന്റെ വിജയം. അതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ പോലും പറ്റുന്നത്. അവരുടെ സപ്പോര്‍ട്ട് ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് എവിടെയും എത്താന്‍ പറ്റില്ല. അവര്‍ നോ പറഞ്ഞാല്‍ എനിക്ക് ടെന്‍ഷനാണ്. അങ്ങനെയൊരിക്കലും ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും ഞാന്‍ മൈന്റ് ചെയ്യാറില്ല.

ഇഷ്ടപ്പെട്ട ഡയലോഗ് ?

അലമാരയിലെ ഡയലോഗാണ് എനിക്കിഷ്ടം. അലമാര എപ്പോള്‍ കൊണ്ടുവരും എന്നു ചോദിക്കുന്ന ഡയലോഗുണ്ട്. 'അരുണേട്ടാ... അലമാര എപ്പോള്‍ കൊണ്ടുവരും' എന്ന ഡയലോഗ് എനിക്ക് ഏറെ ഇഷ്ടമുള്ളതാണ്. 

അഭിനയിക്കാന്‍ ഇഷ്ടമുള്ള കഥാപാത്രം ?

പ്രത്യേകിച്ച് ഇഷ്ടമൊന്നും എനിക്കില്ല. എല്ലാ വേഷങ്ങളും ചെയ്യാന്‍ ആഗ്രഹമുണ്ട്. നെഗറ്റീവ് കാരക്റ്ററാണെങ്കില്‍പ്പോലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്.

ഇഷ്ട നടന്‍?

ധനുഷിനെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നത് ഒരു സ്വപ്‌നമായിട്ടൊന്നുമില്ല. എങ്കിലും ഏറെ ഇഷ്ടമാണ്. നല്ല രസമാണ് അദ്ദേഹത്തെ കണ്ടിരിക്കാന്‍. ധനുഷിന്റെ ഒരു സിനിമയും മിസ് ചെയ്യാറില്ല.

മുന്‍പ് ഇറങ്ങിയിട്ടുള്ള സിനിമകളിലെ നായികയായാല്‍ ?

'ഏയ് ഓട്ടോ'യിലെ മീനുക്കുട്ടി ഏറെ ഇഷ്ടപ്പെട്ട വേഷമാണ്. പിന്നെ ശാലിനിയുടെ ഏതു സിനിമയും ചെയ്യാന്‍ ഇഷ്ടമുണ്ട്. പലരും ശ്രദ്ധിക്കാത്ത സിനിമകളുമുണ്ട്. അതിലെ ചില വേഷങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.

ഫാഷന്‍?

കംഫര്‍ട്ടബിള്‍ എന്നു തോന്നുന്നത് ഞാന്‍ ഉപയോഗിക്കാറുണ്ട്. മറ്റു പലര്‍ക്കും മാച്ചല്ലെന്നു കരുതുന്നത് ഞാന്‍ ഉപയോഗിക്കും. അതൊരു വെറൈറ്റിയായാണ് കാണുന്നത്. 

ഏറെ ഇഷ്ടം?

ലിപ്സ്റ്റിക്കിനോട് ഇഷ്ടമാണ്. അത് കുറേ വാങ്ങാറുണ്ട്. ഇപ്പോള്‍ തുടങ്ങിയ ആഗ്രഹമാണത്. കമ്മലും ഇഷ്ടമാണ്. 

മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ?

അവര്‍ക്കു മാത്രം പ്രത്യേകമായൊരു സിനിമ എന്നൊന്നും തോന്നിയിട്ടില്ല. ഒരു സിനിമ ചെയ്യുന്നുവെങ്കില്‍ ക്യാരക്റ്റര്‍ കഥയില്‍ പറയുന്നതുപോലെ വന്നിരിക്കും. ഒരുപാട് ചോദ്യം ചെയ്യേണ്ട അവസ്ഥ എനിക്കു വന്നിട്ടില്ല. കഥാകൃത്തും തിരക്കഥാകൃത്തും എഴുതുന്ന വേഷം നന്നായി ചെയ്യുക. അതൊരു കുറ്റമായി തോന്നിയിട്ടില്ല. സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടെങ്കില്‍ അതൊരു നല്ല കാര്യം തന്നെയാണ്. പഴയകാല സിനിമകളിലും ഇപ്പോഴത്തെ സിനിമകളിലും സ്ത്രീകള്‍ക്ക് ഒരേ പ്രാധാന്യമുണ്ട്. അല്ലാതെ ഇപ്പോഴത്തെ സിനിമയില്‍ നായികയ്ക്കു പ്രാധാന്യമില്ല എന്നൊന്നും തോന്നിയിട്ടില്ല.

(ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ പ്രിയസഖിയില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com