മരിച്ചെന്നും മരിക്കാറായെന്നും കാഴ്ച നഷ്ടപ്പെട്ടെന്നും പറഞ്ഞവരെ അത്ഭുതപ്പെടുത്തി സാം തിരിച്ചുന്നു; ആളൊരുക്കം ക്യാമറയില്‍ പകര്‍ത്താന്‍

ഛായാഗ്രാഹകന്‍ സാംലാല്‍ പി.തോമസ് മരണക്കിടക്കിയില്‍ നിന്ന് എഴുന്നേറ്റ് വന്നുചെയ്ത ചിത്രമാണ് ആളൊരുക്കം 
മരിച്ചെന്നും മരിക്കാറായെന്നും കാഴ്ച നഷ്ടപ്പെട്ടെന്നും പറഞ്ഞവരെ അത്ഭുതപ്പെടുത്തി സാം തിരിച്ചുന്നു; ആളൊരുക്കം ക്യാമറയില്‍ പകര്‍ത്താന്‍

ന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കം  തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഛായാഗ്രാഹകന്‍ സാംലാല്‍ പി.തോമസ് മരണക്കിടക്കിയില്‍ നിന്ന് എഴുന്നേറ്റ് വന്നുചെയ്ത ചിത്രമാണ് ആളൊരുക്കം. 2016ല്‍ സ്വതന്ത്രമായി ഒരു സിനിമക്ക് ക്യാമറ ചെയ്ത് അതിന്റെ റിലീസിനായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോഴിക്കോട് വെച്ച് സാമിനൊരു ആക്‌സിഡന്റ് ഉണ്ടാകുന്നത്. സാം ഓടിച്ചിരുന്ന ബൈക്കില്‍ ഒരു ജീപ്പ് വന്നിടിച്ച് തലക്കും മുഖത്തിനും ഗുരുതരമായ പരുക്ക് പറ്റി ആശുപത്രിയിലാകുകയും ചെയ്തു. തലക്ക് മാത്രം മൂന്നോ നാലോ ഓപ്പറേഷനുകള്‍ വേണ്ടിവന്നു. കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടാനും കുറേക്കാലമെങ്കിലും എഴുന്നേറ്റിരിക്കാന്‍ പോലുമാകാതെ കിടപ്പിലായിപ്പോകാനും സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടര്‍മാരുട വിലയിരുത്തല്‍. എന്നാല്‍ സാം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. നിശ്ചയദാര്‍ഢ്യംകൊണ്ട് ജീവിതം തിരിച്ചുപിടിച്ച സാമിന്റെ കഥ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് ഉറ്റസുഹൃത്തും തിരക്കഥാകൃത്തുമായ ജയന്‍ വന്നേരി. 

ജയന്‍ വന്നേരിയുടെ പോസ്റ്റ് വായിക്കാം: 

ഛായാഗ്രഹണം: സാംലാല്‍ പി തോമസ്

'ആളൊരുക്കം'' എന്ന സിനിമ കണ്ട ചിലരെങ്കിലും ഈ പേര് ഓര്‍ക്കുന്നുണ്ടാവും. വളരെ ചെറിയ ഒരു ബഡ്ജറ്റില്‍ ഒരുപാട് പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് ആളൊരുക്കം എന്ന സിനിമയെ വളരെ നല്ല രീതിയില്‍ ചെയ്‌തെടുക്കാന്‍ സാമിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സാമിനെ പലരും തിരിച്ചറിയുന്നത് ഒരു ക്യാമറാമാന്‍ എന്ന നിലയിലാണെന്നത് സന്തോഷം നല്‍കുന്നു. ആ സന്തോഷത്തിലേക്ക് സാം എത്തിപ്പെട്ട വഴികളെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാനുള്‍പ്പെടുന്ന കുറച്ച് സുഹൃത്തക്കള്‍ക്ക് അത് അഭിമാനവും ആത്മധൈര്യവുമാണ്. കാരണം ജീവിതത്തേയും അതിന്റെ വെല്ലുവിളികളേയും സാം നേരിടുന്നത് അസാധ്യമായ ഒരാത്മധൈര്യത്തോടെയാണ്. സിനിമക്ക് പുറകെ നടന്ന് ജീവിതം നഷ്ടപ്പെട്ടവരേയും ജീവിക്കാന്‍ മറന്ന് പോയവരേയും ഒരുപാട് നമുക്കറിയാം. പക്ഷെ, സാം അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. സ്വപ്നങ്ങള്‍ക്ക് പുറകെ സഞ്ചരിക്കുമ്പോഴും ജീവിതത്തോടും തന്നെ ആശ്രയിച്ച് ജീവിക്കുന്നവരോടും സാം കാണിക്കുന്ന ഒരാത്മാര്‍ത്ഥത അത്രമേല്‍ ശക്തമാണ്. തൂവല്‍ക്കൊട്ടാരത്തിലെ ജയറാമിനെ പോലെ ഏത് വേഷത്തില്‍ എവിടെ, എപ്പോള്‍ സാമിനെ കാണുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ ഒരു ഗാനമേളയില്‍ ഗായകനായി അവനെ കാണാം. ചിലപ്പോള്‍ പള്ളിപ്പെരുന്നാളിന്റെ ബാന്റ്‌സെറ്റിനോടൊപ്പം ബ്യൂഗിള്‍ വായിക്കുന്നത് കാണാം. മറ്റു ചിലപ്പോള്‍ ഹൈറേഞ്ചിലെ കയറ്റിറക്കങ്ങളില്‍ ജീപ്പ് െ്രെഡവറായും നഗരത്തിന്റെ തിരക്കുകളില്‍ ഊബര്‍ ടാക്‌സി ഡ്രൈവറായും കാണാം. ഒരു കെട്ടിടത്തിന്റെ പെയിന്റ് പണിക്കിടയിലും സൗണ്ട് സ്റ്റുഡിയോയില്‍ റെക്കോര്‍ഡിസ്റ്റായും സിനിമാ ലൊക്കേഷനില്‍ ക്യാമറ അസിസ്റ്റന്റായും കാണാം. അവനെ എവിടെയും കാണാം. എങ്ങനെയും കാണാം. 

ക്യാമറ അസിസ്റ്റന്റായും അസിസ്റ്റന്റ് ക്യാമറാമാനായും ഷോര്‍ട്ട് ഫിലിം ചെയ്തും കുറേ കാലത്തെ അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും ശേഷം 2016ല്‍ സ്വതന്ത്രമായി ഒരു സിനിമക്ക് ക്യാമറ ചെയ്ത് അതിന്റെ റിലീസിനായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോഴിക്കോട് വെച്ച് സാമിനൊരു ആക്‌സിഡന്റ് ഉണ്ടാകുന്നത്. സാം ഓടിച്ചിരുന്ന ബൈക്കില്‍ ഒരു ജീപ്പ് വന്നിടിച്ച് തലക്കും മുഖത്തിനും ഗുരുതരമായ പരുക്ക് പറ്റി ഹോസ്പിറ്റലൈസ് ചെയ്തു. തലക്ക് മാത്രം മൂന്നോ നാലോ ഓപ്പറേഷനുകള്‍ക്ക് ശേഷം അവനെ റൂമിലേക്ക് മാറ്റിയപ്പോള്‍ അവന്റെ രൂപം കണ്ട് വല്ലാതെ തകര്‍ന്നു പോയി ഞാനന്ന്. കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടാനും കുറേക്കാലമെങ്കിലും എഴുന്നേറ്റിരിക്കാന്‍ പോലുമാകാതെ കിടപ്പിലായിപ്പോകാനും സാധ്യതയുണ്ടെന്നു കൂടി അറിഞ്ഞപ്പോള്‍ എന്റെ എല്ലാ ധൈര്യവും ചോര്‍ന്ന് പോയി. കുറച്ച് ദിവസങ്ങള്‍ അവനാരേയും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ മുഖത്തേക്ക് നോക്കി നിങ്ങളാരാണെന്ന് ചോദിക്കുന്നത് പോലെ ഒന്നും മിണ്ടാതെ കിടന്ന സാമിന്റെ രൂപം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. പക്ഷെ, ഉള്ളിലെ എല്ലാ പേടികളേയും സംശയങ്ങളേയും ഒളിച്ച് വെച്ച് അവന് ധൈര്യം നല്‍കാന്‍, ആത്മവിശ്വാസം നല്‍കാന്‍, പ്രതീക്ഷ നല്‍കാന്‍ ഞാന്‍ എന്നാലാവും വിധം പരിശ്രമിച്ച് കൊണ്ടിരുന്നു. 'മതി ഇവിടെ ഇങ്ങനെ കിടന്നത്. പെട്ടെന്ന് എണീറ്റ് വാ.. നമുക്ക് അടുത്ത പടം ചെയ്യണം' എന്ന് ഞാന്‍ പറയുമ്പോഴൊക്കെ അവനില്‍ പുതിയ ഒരു ഊര്‍ജ്ജം നിറയുന്നതും ആ ആഗ്രഹത്തില്‍, അപകടം അവനില്‍ ഏല്‍പിച്ച മുറിവുകള്‍ വളരെ വേഗം കരിഞ്ഞ് പോകുന്നതും ഒരത്ഭുതത്തോടെ ഞങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. 

അതെ, ആദ്യം മരിച്ചെന്നും പിന്നീട് മരിക്കാറായെന്നും കാഴ്ച നഷ്ടപ്പെടുമെന്നും പാരലൈസ്ഡ് ആകുമെന്നും പറഞ്ഞവരെയും അങ്ങനെ ഭയപ്പെട്ടവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, മരണത്തിന്റെ കൊട്ടാരവാതില്‍ക്കല്‍ ചെന്ന് എനിക്കിനിയും സിനിമകള്‍ ചെയ്യണമെന്നും അതിന് ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ടതുണ്ടെന്നും' ഉറക്കെ വിളിച്ച് പറഞ്ഞ് ദൈവത്തിനൊരു നിറഞ്ഞ നന്ദിയും പറഞ്ഞ് അവന്‍ തിരിച്ചു വന്നു. അധികം വൈകാതെ 'ആളൊരുക്കം' എന്ന സിനിമയും ചെയ്തു. ആരേയും തിരിച്ചറിയാതെയും ആരോടും സംസാരിക്കാനാവാതെയും ദിവസങ്ങളോളം ആശുപത്രി കിടക്കയില്‍ കിടന്നപ്പോഴും മനസ്സില്‍ വീണ്ടുമൊരു സിനിമ ചെയ്യുന്നതിനെ കുറിച്ചാണ് ചിന്തിച്ചിരുന്നതെന്ന് അവന്‍ പിന്നീട് പറഞ്ഞു. ആ ആത്മവിശ്വാസം, ജീവിതത്തിന്റെ എല്ലാ വെല്ലുവിളികളേയും നേരിടാനുള്ള ആത്മധൈര്യം അതൊന്ന് കൊണ്ട് മാത്രമാണ് അവനിന്ന് സന്തോഷവാനായിരിക്കുന്നതെന്ന് ഉറപ്പിച്ച് പറയാനാകും. 'ആളൊരുക്കം' എന്ന ചിത്രത്തിലൂടെ സാമിനൊരു തിരിച്ചുവരവ് നടത്താന്‍ അവസരം നല്‍കിയ സംവിധായകനും നിര്‍മ്മാതാവിനും ദൈവത്തിനും നന്ദി.

സാമേ.. ഇന്ന് ജീവിതത്തിലൊരു തിരിച്ചടിയുണ്ടാകുമ്പോള്‍ ഏറെ പ്രിയപ്പെട്ടതും വളരെയേറെ കഷ്ടപ്പെട്ടതും യാതൊരു ദയവുമില്ലാതെ കൈവിട്ട് പോകുന്നുവെന്ന് തോന്നുമ്പോഴും മനസ്സ് നിരാശകൊണ്ട് മരവിക്കാന്‍ തുടങ്ങുമ്പോഴും എന്റെ ചിന്തകള്‍ക്ക് ചൂട് പകരുന്നതും മുന്നോട്ട് തന്നെ നടക്കാന്‍ ധൈര്യം നല്‍കുന്നതും നിന്റെ ജീവിതം കാണിച്ചു തന്ന ആത്മവിശ്വാസമാണ്. ഇനിയുമേറെ നല്ല സിനിമകള്‍ ചെയ്യാനും നിന്നിലെ ക്യാമറാമാനെ ലോകം അംഗീകരിക്കാനും ദൈവത്തിന്റെ അനുഗ്രഹം എന്നും നിന്നോടൊപ്പമുണ്ടാകട്ടെ.

സ്‌നേഹപൂര്‍വ്വം
ജയന്‍ വന്നേരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com