വിജയ് തമിഴ്‌നാടിനെ അപമാനിച്ചുവെന്ന് പ്രചരണം: സംഭവത്തിന് പിന്നിലെന്താണ്!!!

തമിഴ്‌നാടിനെ അപമാനിച്ചുവെന്ന് പറഞ്ഞ് നടന്‍ വിജയ് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.
വിജയ് തമിഴ്‌നാടിനെ അപമാനിച്ചുവെന്ന് പ്രചരണം: സംഭവത്തിന് പിന്നിലെന്താണ്!!!

കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമായിത്തന്നെ തുടരുകയാണ്. ഇതിനിടെ തമിഴ്‌നാടിനെ അപമാനിച്ചുവെന്ന് പറഞ്ഞ് നടന്‍ വിജയ് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. തമിഴ് നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം സമരത്തോട് ഐക്യദാര്‍ഢ്യപ്പെട്ട് കഴിഞ്ഞ ദിവസം ഉപവാസം സംഘടിപ്പിച്ചിരുന്നു. രജനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, ധനുഷ്, വിവേക് തുടങ്ങിയവര്‍ തമിഴ്‌നാടിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയ്‌ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മിഡിയയില്‍ ചിലര്‍ എത്തിയത്.

തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ 'തമിഴ് തായ് വാഴ്ത്തു' പാടിയപ്പോള്‍ വിജയ് എഴുന്നേറ്റു നിന്നില്ലെന്നാണ് വിവാദം. മറ്റുള്ള താരങ്ങളെല്ലാം എഴുന്നേറ്റു നിന്നപ്പോള്‍ വിജയ് മാത്രം എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല എന്നാണ് സോഷ്യല്‍മീഡിയയിലെ ആരോപണം. ഇതിന് 'തെളിവാ'യി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. 

വിജയ് തമിഴ്‌നാടിനെ അപമാനിച്ചുവെന്ന തരത്തിലായിരുന്നു പ്രചരണം. സംഭവം വിവാദമായതോടെ വിജയിനെ വിമര്‍ശിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തി. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് നിര്‍മ്മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 

'തമിഴ് തായ് വാഴ്ത്ത് ആലപിക്കുമ്പോള്‍ വിജയ് എഴുന്നേറ്റു നിന്നില്ല എന്ന് ആരോപിച്ച് ആരോ കെട്ടിച്ചമച്ച വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാസര്‍ സാറും സംഘവുമാണ് ഗാനം ആലപിച്ചത്. ഉപവാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഞങ്ങള്‍ എല്ലാര്‍ക്കുമൊപ്പം അദ്ദേഹവും എഴുന്നേറ്റ് നിന്ന് ഗാനം ആലപിച്ചു എന്നതാണ് സത്യം' ധനഞ്ജയന്‍ ഗോവിന്ദ് ട്വീറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് വിജയ് ആരാധകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. യഥാര്‍ത്ഥ ദൃശ്യമടങ്ങിയ വീഡിയോ അവര്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com