'തോക്കിന്റെ പാത്തികൊണ്ട് അയാള്‍ കടുവയെ അടിച്ചു കൊന്നു'; പുലിമുരുകന്‍ സിനിമയ്ക്ക് പ്രചോദനമായ അജ്ഞാത വേട്ടക്കാരനെക്കുറിച്ച്

'കേരളത്തിന്റെ കാട് അതിര്‍ത്തികളില്‍ താമസിക്കുന്ന ആദിവാസികളില്‍ ഇത്തരത്തിലുള്ള നിരവധി വേട്ടക്കാരുണ്ട്'
'തോക്കിന്റെ പാത്തികൊണ്ട് അയാള്‍ കടുവയെ അടിച്ചു കൊന്നു'; പുലിമുരുകന്‍ സിനിമയ്ക്ക് പ്രചോദനമായ അജ്ഞാത വേട്ടക്കാരനെക്കുറിച്ച്

പ്രമുഖരായ പലരുടേയും ജീവിതം സിനിമയാവാറുണ്ട്. എന്നാല്‍ ആരും അറിയാതെയും ചില ആളുകള്‍ സിനിമയ്ക്ക് പ്രചോദനമാകാറുണ്ട്. പുലിമുരുകന്‍ അത്തരത്തിലുള്ള ചിത്രമാണെന്നാണ് തിരക്കഥാകൃത്തായ ഉദയകൃഷ്ണ പറയുന്നത്. ഒന്നല്ല നിരവധി പുലിമുരുകന്മാര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ഒരു പ്രത്യേക വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയല്ല സിനിമ എടുത്തിരിക്കുന്നത്. എന്നാല്‍ പുലിവേട്ടക്കാരായ നിരവധി പേരുടെ അനുഭവങ്ങള്‍ ചിത്രത്തിന് പ്രചേദനമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

കേരളത്തിന്റെ കാട് അതിര്‍ത്തികളില്‍ താമസിക്കുന്ന ആദിവാസികളില്‍ ഇത്തരത്തിലുള്ള നിരവധി വേട്ടക്കാരുണ്ട്. സാധാരണ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ മാത്രമേ അവര്‍ വേട്ടയ്ക്ക് ഇറങ്ങാറൊള്ളൂ. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം തന്നെ വളരെ അധികം ആകര്‍ഷിച്ചെന്നാണ് ഉദയകൃഷ്ണ പറയുന്നത്. അട്ടപ്പാടിയിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറാണ് ഇതിനെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചത്. 

ഓരോ വേട്ടക്കാര്‍ക്കും മൃഗങ്ങളെ വേട്ടയാടാന്‍ അവരുടേതായ രീതിയുണ്ട്. സാധാരണ ഇരയെ പിടിച്ച് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് കടുവ അതിനെ ഭക്ഷണമാക്കുന്നത്. ഈ കഥയിലെ പുലിമുരുകന്‍ ഇത് ഉപയോഗിച്ചാണ് കടുവയെ വീഴ്ത്തിയത്. കടുവ കൊന്നിട്ട മൃഗത്തിന് സമീപം കാത്ത് നിന്നു. ഭക്ഷണം കഴിക്കാനായി എത്തിയ കടുവയെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ പോലെ പ്രത്യേക കാരണമൊന്നുമുണ്ടായിട്ടല്ലായിരുന്നു വേട്ട നടത്തിയത്. കടുവയുടെ തോലിന് വേണ്ടിയായിരുന്നു. പിന്നീട് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പിടിയിലായ ഈ വേട്ടക്കാരന്‍ അഴിക്കുള്ളിലായി. ഇപ്പോഴും അജ്ഞാതനായി അട്ടപ്പാടിയിലെ കാടുകളില്‍ കഴിയുന്നുണ്ട് ഈ റിയല്‍ പുലിമുരുകന്‍.

യാഥാര്‍ത്ഥ്യങ്ങളില് നിന്ന് കഥയുണ്ടാക്കുന്നത് പ്രേക്ഷകര്‍ക്ക് പ്രത്യേക ഫീലുണ്ടാക്കുമെന്നാണ് ഉദയകൃഷ്ണ പറയുന്നത്. യാഥാര്‍ഥ്യത്തിനൊപ്പം സിനിമയ്ക്ക് വേണ്ട ചേരുവകള്‍ കൂടി ചേരുമ്പോള്‍ അത് വന്‍ വിജയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com