'അവര്‍ പിന്നെയും വന്ന് ഒരാളെ തല്ലി, പിന്നെ അവിടെ കൂട്ടത്തല്ലായിരുന്നു'; സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായിട്ടുള്ള സാഹസങ്ങളെക്കുറിച്ച് കുഞ്ചാക്കോ

കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങളായ ഓര്‍ഡിനറി, ട്രാഫിക്, കൊച്ചവ്വോ പൗലോ അയ്യപ്പോ കോയ്‌ലോ എന്നീ സിനിമകളുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടാത്
'അവര്‍ പിന്നെയും വന്ന് ഒരാളെ തല്ലി, പിന്നെ അവിടെ കൂട്ടത്തല്ലായിരുന്നു'; സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായിട്ടുള്ള സാഹസങ്ങളെക്കുറിച്ച് കുഞ്ചാക്കോ

സിനിമയില്‍ നമ്മള്‍ പല സാഹസങ്ങളും കണ്ടിട്ടുണ്ട്. നായകന്റേയും പ്രതിനായകന്റേയും കൂട്ടുകാര്‍ സംഘംചേര്‍ന്ന് തമ്മില്‍ തല്ലുന്നു. പിന്നീട് ഇവര്‍ സുഹൃത്തുക്കളാകുന്നതെല്ലാം സ്ഥിരം സിനിമ കാഴ്ചയാണ്. എന്നാല്‍ ഇത്തരം സാഹസികരംഗങ്ങള്‍ സിനിമ ഷൂട്ടിങ്ങിനിടെയാണ് ഉണ്ടാവുന്നതെങ്കിലോ? സംഭവം കളറായിരിക്കുമല്ലേ? ഇത്തരത്തില്‍ സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായിട്ടുള്ള രഹസ്യ സംഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. വലിയ അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഈ കഥകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും സിനിമയില്‍ അഭിനയിക്കാന്‍ കഴിവ് മാത്രം പോര കുറച്ച് അധികം ഭാഗ്യം കൂടി വേണമെന്ന്. 

കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങളായ ഓര്‍ഡിനറി, ട്രാഫിക്, കൊച്ചവ്വോ പൗലോ അയ്യപ്പോ കോയ്‌ലോ എന്നീ സിനിമകളുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടാത്. ഓര്‍ഡിനറിയിലെ 'സുന്‍ സുന്‍ സുന്ദരി തുമ്പി' എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങാണ് രംഗം. അന്നൊരു ഞായറാഴ്ചയായിരുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനുമെല്ലാം ചേര്‍ന്ന് ബസില്‍ വെച്ച് ഗാനം ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് പെട്ടെന്ന് ഒരു കൂട്ടം ആളുകള്‍ വാഗനറില്‍ സെറ്റില്‍ എത്തിയത്. 

ഇവര്‍ മദ്യലഹരിയിലായിരുന്നു. അവര്‍ വന്ന് വളരെ മോശം കമന്റുകള്‍ പറയുകയും ക്യാമറയുടെ മുന്നില്‍ വന്ന് നില്‍ക്കുകയും ചെയ്തു. ഇതുകൊണ്ടും തീര്‍ന്നില്ല ഇതില്‍ ഒരാള്‍ സിനിമ സംഘത്തിലുണ്ടായിരുന്ന ഒരാളെ മുഖത്ത് അടിച്ചു. പിന്നെ ആര്‍ത്തു ചിരിച്ചുകൊണ്ട് അവര്‍ പോയി. ഇതോടെ ഷൂട്ടിംഗ് ചെയ്യാനുള്ള താല്‍പ്പര്യം എല്ലാവര്‍ക്കും നഷ്ടപ്പെട്ടു. അന്നത്തെ ചിത്രീകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പോകുന്നതിനായി എല്ലാം പാക്ക് ചെയ്യുന്നതിന് ഇടയില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ വീണ്ടും സെറ്റിലേക്ക് വന്നു. 

രണ്ടാമത് വന്ന് അവര്‍ വീണ്ടും ലൊക്കേഷനിലെ ഒരാളെ തല്ലി. അതോടെ എല്ലാവരുടേയും നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നീട് അവിടെ കൂട്ടത്തല്ലായിരുന്നു. അവര്‍ വന്ന വാഗനര്‍ പൂര്‍ണമായി തകര്‍ന്നു. അവസാനം പൊലീസ് എത്തി എല്ലാവരേയും അറസ്റ്റ് ചെയ്തു. ഇപ്പോഴും ഈ സംഭവത്തിന്റെ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ കോടതിയില്‍ സ്ഥിരം കണ്ടുമുട്ടുന്നതു കൊണ്ട് ഇപ്പോള്‍ ഇരു കൂട്ടരും നല്ല സുഹൃത്തുക്കളാണ്. 

ട്രാഫിക്കിലെ അനുഭവം ഇതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ശ്രീനിവാസനും ആസിഫ് അലിയും ഒരുമിച്ച് വണ്ടിയില്‍ പോകുന്ന രംഗങ്ങളാണ് കൂടുതലുള്ളത്. ചിത്രത്തില്‍ ട്രാഫിക് പൊലീസായി എത്തിയ ശ്രീനിവാസനാണ്  ഡ്രൈവിംഗ് സീറ്റില്‍. വണ്ടിയില്‍ കയറിയപ്പോഴാണ് ആസിഫും കുഞ്ചാക്കോയും ഒരു സത്യം മനസിലാക്കുന്നത്. ശ്രീനിവാസന് വണ്ടി ഓടിക്കാന്‍ അറിയില്ലെന്ന്. ചിത്രത്തില്‍ ഹൈ സ്പീഡിലാണ് വണ്ടി ഓടിക്കേണ്ടത്. അതിനാല്‍ കുഞ്ചാക്കോ ബോബനും ആസിഫും ഇത് കേട്ട് ഭയന്നു. 

50 മീറ്റര്‍ ദൂരമാണ് വണ്ടി ഓടിക്കേണ്ടതെങ്കില്‍ ഡയറക്റ്റര്‍ കട്ട് പറയുമ്പോള്‍ ആസിഫ് പെട്ടെന്ന് ഗിയര്‍ ന്യൂട്രല്‍ ആക്കുകയും പിന്‍ സീറ്റില്‍ ഇരിക്കുന്ന കുഞ്ചാക്കോ മുന്നോട്ടുവന്ന് ഹാന്‍ഡ് ബ്രേക്ക് വലിക്കുകയും ചെയ്യണം. ട്രെയ്‌ലര്‍ ഉപയോഗിച്ചാണ് കൂടുതലും വണ്ടി ഓടിക്കുന്നത് ചിത്രീകരിച്ചത്. ഭാഗ്യംകൊണ്ടാണ് അപകടം ഉണ്ടാവാതിരുന്നതെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. 

കച്ചൗവ്വോ പൗലോ അയ്യപ്പോ കോയിലോ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ശരിക്ക് അപകടത്തില്‍പ്പെട്ടു. അടിമാലിയില്‍ വെച്ച് 'നീലകണ്ണുള്ള മാനേ' എന്ന ഗാനം ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ താഴ്ചയിലേക്ക് സൈക്കിള്‍ ഓടിച്ചുവരുന്ന ഒരു രംഗമുണ്ട്. സ്പീഡില്‍ സൈക്കിള്‍ ചവിട്ടി വരുന്നതിനിടയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയ ചാക്കോച്ചന്‍ ഉടന്‍ ബ്രേക്ക് പിടിച്ചു. എന്നാല്‍ സൈക്കിളിന് ബ്രേക്കുണ്ടായിരുന്നില്ല. ബ്രേക്കുകിട്ടുന്നില്ലെന്നും സൈക്കിളിനെ പിടിച്ചുനിര്‍ത്താനും കുഞ്ചാക്കോ വിളിച്ചു കൂവി. യൂണിറ്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഇറക്കം അവസാനിക്കുന്നിടത്ത് വലതുവശത്ത് ക്യാമറയും ഡയറക്റ്ററും മറ്റും നില്‍ക്കുന്നത് ഇടത് ഭാഗത്ത് ഷൂട്ടിംഗ് കാണാന്‍ വന്നവരും. എവിടേക്ക് തിരിക്കണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു അപ്പോള്‍ ചാക്കോച്ചന്‍ അവസാനം അവിടെയുണ്ടായിരുന്ന ഒരു മരത്തില്‍ ഇടിച്ച് സൈക്കിള്‍ നിര്‍ത്തി. മരത്തില്‍ തല ഇടിക്കാതിരിക്കാന്‍ കൈകള്‍ കൊണ്ട് മൂടിക്കൊണ്ടായിരുന്നു വരവ്. എന്നാല്‍ തലയുടെ ഒരു ഭാഗം മരത്തില്‍ ഇടിച്ചു. പക്ഷേ സൈക്കിള്‍ തവിടുപൊടിയായിരുന്നു. കുഞ്ചാക്കോയ്ക്ക് വലിയ പരിക്കൊന്നുമുണ്ടായില്ല. അര മണിക്കൂര്‍ കഴിഞ്ഞ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചു. ഷൂട്ടിങ്ങിന്റെ ഭാഗമാകുമ്പോള്‍ ഭാഗ്യം കൂടിവേണമെന്ന് അടിവരയിടുകയാണ് തന്റെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് കുഞ്ചാക്കോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com