'ഇത് മണിചേട്ടന്റെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ്'; സംവിധായകനെതിരേ കലാഭവന്‍ മണിയുടെ സഹോദരന്‍

'പൊതുവേദിയില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് കലാഭവന്‍ മണി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ സമ്പന്നനായതിന് ശേഷം അദ്ദേഹം ചെയ്ത പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്ത തരത്തിലുള്ളതാണ്'
'ഇത് മണിചേട്ടന്റെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ്'; സംവിധായകനെതിരേ കലാഭവന്‍ മണിയുടെ സഹോദരന്‍

കലാഭവന്‍ മണിയെ അപമാനിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കുടുംബം. മണിചേട്ടന്റെ  ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ് ദിനേശിന്റെ വാക്കുകളെന്ന് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ സാംസ്‌കാരിക വകുപ്പിനും അമ്മയ്ക്കും പരാതി നല്‍കിയെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. 

ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സഹോദരന്‍ പറയുന്നത്. യാതൊരു പ്രകോപവുമില്ലാതെ ഒരു അവസരത്തില്‍ ഇങ്ങനെ അവഹേളിക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. ജീവിച്ചിരുന്നപ്പോഴോ മണിച്ചേട്ടനെതിരേ കേസുകള്‍ വന്നപ്പോഴോ പ്രതികരിക്കാത്ത ഒരാള്‍ ഈ സമയത്ത് ഇത്തരത്തില്‍ അവഹേളിക്കുന്നത് അന്വേഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാഭവന്‍ മണിയെ അപമാനിക്കുന്ന തരത്തില്‍ ശാന്തിവിള ദിനേശ് സംസാരിച്ചത്. 'പൊതുവേദിയില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് കലാഭവന്‍ മണി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ സമ്പന്നനായതിന് ശേഷം അദ്ദേഹം ചെയ്ത പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്ത തരത്തിലുള്ളതാണ്. മുന്‍പ് ഫോറസ്റ്റ് ഓഫീസറിനെ തല്ലിയത് ഇക്കാര്യത്തിനുള്ള ഉദാഹരണമാണ്. ജാതിയുടെ പേര് പറഞ്ഞ് അന്ന് മണിയെ ന്യായീകരിച്ച സെന്‍കുമാറിനോട് പുച്ഛമാണ് തോന്നിയത്.' ദിനേശ് പറഞ്ഞു.

ഇതിനെതിരേ സംവിധായകന്‍ ആലപ്പി അഷ്‌റഫും രംഗത്തെത്തിയിരുന്നു. മലയാള സിനിമയ്ക്ക് അഭിമാനമായ വ്യക്തിയെക്കുറിച്ച് അങ്ങനെ പറയാന്‍ അദ്ദേഹത്തിന്റെ മനോനിലയ്ക്ക് തകരാറ് സംഭവിച്ചിട്ടുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com