'മോഹന്‍ലാല്‍ പുലിമുരുകനില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ'; വെളിപ്പെടുത്തലുമായി ടോമിച്ചന്‍ മുളകുപാടം

'ലാല്‍ സാര്‍ 200 ദിവസം അഭിനയിക്കുകയും ചെയ്തു, സാമ്പത്തികമായി സഹായിക്കുകയും ചെയ്തു'
'മോഹന്‍ലാല്‍ പുലിമുരുകനില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ'; വെളിപ്പെടുത്തലുമായി ടോമിച്ചന്‍ മുളകുപാടം

പുലിമുരുകന്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ സാമ്പത്തികമായി ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലുമാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ചിത്രം റിലീസായി 25 ദിവസം കഴിഞ്ഞതിന് ശേഷമാണ് സിനിമയുടെ പ്രതിഫലം മോഹന്‍ലാലിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പുലിമുരുകന്‍ എടുക്കുമ്പോള്‍ പലബുദ്ധിമുട്ടികളുമുണ്ടായെന്നും ചിത്രം പുറത്തിറങ്ങില്ലെന്നുവരെ പലരും പറഞ്ഞെന്നും ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു. രാമലീലയുടെ വിജയാഘോഷ ചടങ്ങിലായിരുന്നു അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞത്. 

'പുലിമുരുകന്‍ സിനിമ എടുത്ത സമയത്ത് ഷൂട്ടിങ് നൂറ് ദിവസം വരെ പിന്നിട്ടു. സിനിമാ മേഖലയില്‍ ഇതുതന്നെ സംസാരം. 'ഇവനെന്തോ സുഖമില്ലാത്തവനാണ്. കാശ് പോയിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമ ഇറങ്ങത്തില്ല'. പല ബുദ്ധിമുട്ടുകളും ഈ സിനിമയില്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. 2007 ല്‍ ഞാന്‍ ഫ്‌ലാഷ് തുടങ്ങുമ്പോള്‍ മുതല്‍ ആന്റണിയുമായി പരിചയമുണ്ട്. ഇന്നും ഒരു കുടുംബാംഗമായി പോകുന്നു. ആന്റണി ഷൂട്ടിങ്ങിന് എല്ലാ ദിവസവും രാവിലെ ചേട്ടാ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിക്കും. ഞങ്ങള്‍ ഉദ്ദേശിച്ച ബജറ്റിനേക്കാള്‍ മൂന്നിരട്ടി പോയ പടമാണ്.' 

'സാമ്പത്തികമായി ഏറ്റവും സപ്പോര്‍ട്ട് ചെയ്ത ആളാണ് ആന്റണിയും ലാല്‍സാറും. ആ സിനിമയുടെ പ്രതിഫലം ലാല്‍ സാറിന് കൊടുക്കുന്നത് പുലിമുരുകന്‍ റിലീസായി 25 ദിവസം കഴിഞ്ഞതിന് ശേഷമാണ്. ആരും വിശ്വസിക്കില്ല. ലാല്‍ സാര്‍ 200 ദിവസം അഭിനയിക്കുകയും ചെയ്തു, സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. മലയാളം ഇന്‍ഡസ്ട്രി തന്നെ ഓര്‍ക്കേണ്ട ഒരുകാര്യമാണിത്.' ടോമിച്ചന്‍ പറഞ്ഞു

രാമലീല റിലീസ് ചെയ്യിക്കാന്‍ കുറേ ബുദ്ധിമുട്ടിയെന്നും ദിലീപിന്റെ സിനിമയായതിനാല്‍ അത് എടുക്കാന്‍ തിയറ്റുകാര്‍ മടികാണിച്ചിരുന്നെന്നും ടോമിച്ചന്‍ വ്യക്തമാക്കി. 'ജൂലൈ മാസത്തില്‍ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു രാമലീല. എന്നാല്‍ ഈ സിനിമ ഒരു തിയറ്ററുകാരും കളിക്കില്ല എന്നുതീരുമാനിച്ചു. നമ്മളെ കാണുമ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. തിയറ്ററില്‍ പടം ഓടിക്കാം എന്നു പറയും . പിന്നെ പറയും ഞങ്ങള്‍ക്ക് ഡേറ്റ് ഇല്ല എന്ന്' അദ്ദേഹം പറഞ്ഞു. സിനിമ നല്ലതാണെങ്കില്‍ ജനങ്ങള്‍ സിനിമ കാണുമെന്നും സിനിമകളെ നല്ലതാക്കുന്ന ജനങ്ങളോടാണ് നന്ദി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com