നടിയാകാന്‍ കൊതിച്ച് മുംബൈയിലെത്തി, തോല്‍വികള്‍ അവളെ ഇന്ത്യയിലെ മികച്ച സംവിധായികയാക്കി; റിമ ദാസ് എന്ന ഒറ്റയാള്‍ പോരാളിയെക്കുറിച്ച്

ഇത്തവണത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം റിമ ദാസ് സംവിധാനം ചെയ്ത വില്ലേജ് റോക്ക്‌സ്റ്റാറിനായിരുന്നു
നടിയാകാന്‍ കൊതിച്ച് മുംബൈയിലെത്തി, തോല്‍വികള്‍ അവളെ ഇന്ത്യയിലെ മികച്ച സംവിധായികയാക്കി; റിമ ദാസ് എന്ന ഒറ്റയാള്‍ പോരാളിയെക്കുറിച്ച്

'വലിയൊരു നടിയാകണം', മുംബൈയിലേക്ക് ട്രെയ്ന്‍ കേറുമ്പോള്‍ റിമ ദാസ് എന്ന അസാമി പെണ്‍കുട്ടിയുടെ മനസ്സില്‍ ഒറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഹിന്ദി സിനിമാലോകത്തിന് അസാമി ചുവയില്‍ സംസാരിക്കുന്ന പെണ്‍കുട്ടിയെ ആവശ്യമില്ലായിരുന്നു. പ്രതീക്ഷയോടെ കയറിച്ചെന്ന എല്ലാ സ്ഥലത്തുനിന്നും അവള്‍ നിഷ്‌കരുണം ആട്ടി അകറ്റപ്പെട്ടു.തന്റെ ജനനത്തെ തന്നെ ശപിച്ചുകൊണ്ടുള്ള വിഷാദത്തിന്റെ നാളുകളായിരുന്നു പിന്നീട്. ഇതുവരെ കേട്ടതില്‍ നിന്ന് റിമയ്ക്ക് നിങ്ങള്‍ വിഷാദ നായികയുടെ പരിവേഷം നല്‍കിയോ? എന്നാല്‍ അത് അവര്‍ക്ക് ചേരില്ല. ഇന്ന് അവര്‍ വിജയിയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍. 

ഇത്തവണത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്‌കാരം റിമ ദാസ് സംവിധാനം ചെയ്ത വില്ലേജ് റോക്ക്‌സ്റ്റാറിനായിരുന്നു. ഒരു സിനിമ ഒരുപാട് പേരുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായിരിക്കും. എന്നാല്‍ റീമയുടെ കാര്യത്തില്‍ ഇത് കുറച്ച് വ്യത്യസ്തമാണ്. കാരണം വില്ലേജ് റോക്ക് സ്റ്റാര്‍ മുഴുവനും റിമയുടെ പ്രൊഡക്റ്റാണ്. തിരക്കഥ മുതല്‍ എഡിറ്റിംഗ് വരെയുള്ള എല്ലാം റിമ ദാസ് എന്ന അസാമി പെണ്ണിന്റെ പേരിലാണ്. 

വിഷാദത്തില്‍ നിന്നുള്ള തിരിച്ചുവരവിലാണ് റിമ തന്നിലെ യഥാര്‍ത്ഥ സിനിമക്കാരിയെ തിരിച്ചറിയുന്നത്. ജീവിതം പഠിപ്പിച്ചുതന്ന പാഠങ്ങളില്‍ നിന്നാണ് റീമയില്‍ ഒരു സംവിധായക പിറവികൊണ്ടു. വണ്‍ വുമണ്‍ ക്രൂവുമായാണ് റിമ വില്ലേജ് റോക്‌സ്റ്റാര്‍ ഷൂട്ട് ചെയ്യാന്‍ ഇറങ്ങിയത്. കൂടെ ചിത്രത്തിന്റെ അഭിനേതാക്കളായ തന്റെ കസിന്‍ ബനിത ദാസും എന്തിനും തയാറായി നില്‍ക്കുന്ന ഗ്രാമത്തിലെ ലിറ്റില്‍ റോക്‌സ്റ്റാര്‍സും. തന്റെ സ്വന്തം ഗ്രാമത്തിലെ കുട്ടികളെ വെച്ചായിരുന്നു സിനിമ ഷൂട്ട് ചെയ്തത്. സിനിമയ്ക്ക് പ്രചോദനമായതോ ഈ കുട്ടികളുടെ ഒരു കുട്ടി കളിയും. 

കാനോണ്‍ 5 ഡി ക്യാമറയുമായി തന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ മാന്‍ വിത് ദി ബൈനോക്കുലര്‍ (2016) എടുക്കുന്നതിനായി അസാമിലെ തന്റെ ഗ്രാമമായ ഛയാഗണില്‍ എത്തിയതായിരുന്നു റിമ. ഷൂട്ടിംഗിന്റെ ഇടവേളയിലാണ് കുറച്ച് ആണ്‍കുട്ടികള്‍ തെര്‍മോക്കോളില്‍ തീര്‍ത്ത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് സ്റ്റേജിലെ സംഗീത പരിപാടി അവതരിപ്പിക്കുന്നത് അഭിനയിക്കുന്നത് കണ്ടു. ഇത് കണ്ട് ആകൃഷ്ടയായ റിമ ഇവരെ വെച്ച് സിനിമ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

കുട്ടികളെ വെച്ച് ഷൂട്ടിംഗ് ക്യാമറ പരീക്ഷണങ്ങള്‍ റിമ ചെയ്യുന്നതു കണ്ടാണ് ബനിത ദാസ് കൂടെ കൂടുന്നത്. അങ്ങനെ ചിത്രത്തിലെ 10 വയസുകാരനായ ധനുവായി ബനിതയെ റിമ തെരഞ്ഞെടുത്ത്. ഒരു ഇലക്ട്രോണിക് ഗിറ്റാര്‍ സ്വന്തമാക്കാനുള്ള ധനുവിന്റെ സ്വപ്നമാണ് സിനിമയുടെ ഇതിവൃത്തം. മൂന്നര വര്‍ഷം എടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയത്. ഷൂട്ടിംഗ് 150 ദിവസം നീണ്ടു നിന്നു. സംവിധാനം, രചന, നിര്‍മാണം, ചിത്രസംയോജനം, ഛായാഗ്രഹണം അങ്ങനെ സമസ്ത മേഖലകളിലും റിമ ദാസ് എന്ന ഒരാള്‍ മാത്രം. വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ഇതിനോടകം നിരൂപക ശ്രദ്ധ നേടിക്കഴിഞ്ഞു. 

മുംബൈയിലേക്കുള്ള യാത്രയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നാണ് റിമ പറയുന്നത്. സിനിമ എന്ന വലിയ ലോകം തുറന്നു കിട്ടിയത് മുംബൈ എന്ന വലിയ നഗരത്തില്‍ നിന്നാണ്. ലോകത്തിലെ പ്രധാന സംവിധായകരുടെ ചിത്രങ്ങള്‍ കണ്ടും ഇന്റര്‍നെറ്റില്‍ ലഭ്യമായ ഫിലിംമേക്കിംഗ് വീഡിയോകള്‍ കണ്ടുമാണ് സംവിധാനം ഉള്‍പ്പടെയുള്ള മേഖലയെക്കുറിച്ച് റിമ പഠിച്ചെടുക്കുന്നത്. ഇതിന് പിന്നാലെ ഹൃസ്വചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്യാന്‍ തുടങ്ങിയതും റിമയ്ക്ക് ഗുണമായി. 2009 ലാണ് റിമ ആദ്യത്തെ ഷോട്ട് ഫിലിം നിര്‍മിക്കുന്നത്, പ്രാത. രണ്ട് ഹ്രസ്വചിത്രം കൂടി നിര്‍മിച്ചതിന് ശേഷമാണ് 36 കാരി ഫീച്ചര്‍ ഫിലിമിലേക്ക് കടക്കുന്നത്. 

അടുത്ത ഫീച്ചര്‍ ഫിലിമിന് തുടക്കം കുറിച്ചിരിക്കുകയാണ് റിമ. തന്റെ ഗ്രാമം തന്നെയാണ് ഈ ചിത്രത്തിന്റേയും ലൊക്കേഷന്‍. കൗമാരക്കാരുടെ പ്രണയമാണ് ഇതില്‍ പറയുന്നത്. ഇതിലും താരങ്ങള്‍ റിമയും കുറച്ച് കുട്ടിത്താരങ്ങളും തന്നെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com