'വിഷയം മാറ്റാന്‍ എന്റെ പ്രായമായ അമ്മയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണ്'; ആന്ധ്ര മുഖ്യമന്ത്രിയേയും മാധ്യമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് പവന്‍ കല്യാണ്‍

തന്റെ അമ്മയുടെ അഭിമാനം സംരക്ഷിക്കാന്‍ സാധിക്കാത്തതില്‍ നാണക്കേടുണ്ടെന്നും താന്‍ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു
'വിഷയം മാറ്റാന്‍ എന്റെ പ്രായമായ അമ്മയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണ്'; ആന്ധ്ര മുഖ്യമന്ത്രിയേയും മാധ്യമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് പവന്‍ കല്യാണ്‍

പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മാധ്യമങ്ങളെ ഉപയോഗിക്കുന്നു എന്നാരോപിച്ച് നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണ്‍ രംഗത്ത്. സ്‌പെഷ്യല്‍ കാറ്റഗറി സ്റ്റാറ്റസില്‍ നിന്ന് ശ്രീ റെഡ്ഡിയിലേക്ക് ശ്രദ്ധ തിരിക്കാന്‍ തന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ മുഖ്യമന്ത്രി ഉപയോഗിക്കുകയാണെന്നാണ് പവന്‍ കല്യാണിന്റെ ആരോപണം. കാസ്റ്റിംഗ് കൗച്ചിനെതിരേ നടി ശ്രീ റെഡ്ഡി രംഗത്തെത്തിയതിന് പിന്നാലെ തെലുങ്ക് സിനിമ ലോകം വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീ റെഡ്ഡി പരസ്യമായി പവന്‍ കല്യാണിനെ തെറി വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി ജന സേന നേതാവ് രംഗത്തെത്തിയത്. 

ശ്രീ റെഡ്ഡിയുടെ പരസ്യ പ്രതികരണം മാധ്യമങ്ങള്‍ തുടര്‍ച്ചയായി എടുത്തുകാണിക്കുന്നതിനെയും പവന്‍ കല്യാണ്‍ ചോദ്യം ചെയ്തു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനേയോ അദ്ദേഹത്തിന്റെ മകന്‍ നര ലോകേഷിനേയോ ടിഡിപി എംഎല്‍എ ബാലകൃഷ്ണയേയോ ടിഎന്‍ രാമ റാവു കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും എതിരെയാണ് ഇത്തരം വാക്കുകള്‍ വരുന്നതെങ്കില്‍ ഇത്തരത്തില്‍ കാണിക്കുമോ എന്ന് മാധ്യമ മേധാവികളോട് പവന്‍ കല്യാണ്‍ ചോദിച്ചു. താനും പ്രായമായ തന്റെ അമ്മയ്ക്കും എതിരെയായതിനാലാണ് ഇത് എടുത്തുകാണിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നത്. എന്തിനാണ് തന്റെ അമ്മയ്ക്ക് ഇത്തരം പ്രത്യേക പരിഗണന നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

ചാനലുകള്‍ക്ക് സ്‌പെഷ്യല്‍ കാറ്റഗറി സ്റ്റാറ്റസിനേക്കാള്‍ പ്രാധാന്യമാണ് നിയമപരമായ വേശ്യാവൃത്തിക്ക് നല്‍കുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന താങ്കള്‍ പ്രാധാന്യം നല്‍കുന്നത് ഏത് വിഷയത്തിനാണെന്നും മുഖ്യമന്ത്രിയോട് പവന്‍ കല്യാണ് ചോദിച്ചു. തുടര്‍ച്ചയായ ട്വീറ്റുകളിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയേയും മാധ്യമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ചത്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ തന്റെ പ്രായമായ അമ്മയെ അധിക്ഷേപിക്കുകയാണെന്നാണ് പവന്‍ പറയുന്നത്. 70 വയസുകാരിയായ തന്റെ അമ്മയെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ അമ്മയുടെ അഭിമാനം സംരക്ഷിക്കാന്‍ സാധിക്കാത്തതില്‍ നാണക്കേടുണ്ടെന്നും താന്‍ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു. 

സംഭവം വിവാദമായതോടെ നടി ശ്രീ റെഡ്ഡി ക്ഷമ പറഞ്ഞു. താന്‍ അറിഞ്ഞുകൊണ്ടു ചെയ്തതല്ലെന്നും എന്നാല്‍ ചെയ്തത് തെറ്റാണെന്നും നടി പറഞ്ഞു. പവന്‍ കല്യാണിന്റെ അമ്മയോട് ക്ഷമ ചോദിക്കുന്നതായും ശ്രീറെഡ്ഡി കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com