എല്ലാം ശരിയാകുന്നു; സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നത്തില്‍ മേല്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട്

ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമഗ്ര അന്വേഷണം നടത്തി ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍.
എല്ലാം ശരിയാകുന്നു; സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നത്തില്‍ മേല്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രി പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമഗ്ര അന്വേഷണം നടത്തി ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍. കമ്മീഷന്‍ രൂപീകരിച്ച് ആറു മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് അടുത്തിടെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സാംസ്‌കാരിക മന്ത്രിയുടെ പ്രഖ്യാപനം.

ജസ്റ്റിസ് ഹേമയ്ക്കു പുറമേ കമ്മിറ്റി അംഗങ്ങളായ നടി ശാരദ, കെ.വത്സലകുമാരി എന്നിവര്‍ മന്ത്രി എ.കെ.ബാലനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായിരുന്നു സന്ദര്‍ശനം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്മിറ്റി തീരുമാനം. സര്‍ക്കാരില്‍ നിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചു. 

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ഈ സംരംഭം ഇന്ത്യയിലെന്നല്ല ലോകത്തു തന്നെ ആദ്യമായിരിക്കുമെന്ന് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പറഞ്ഞു. 

2017 മേയിലാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് കൂട്ടായ്മ മുഖ്യമന്ത്രിയെ തങ്ങളുടെ പ്രശ്‌നങ്ങളുമായി സമീപിച്ചത്. ൈവകാതെ കമ്മിഷന്‍ രൂപീകരിച്ചു. പക്ഷേ ആറു മാസം കഴിഞ്ഞിട്ടും കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിനെത്തുടര്‍ന്നാണ് കൂട്ടായ്മ വീണ്ടും മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. സിനിമയിലെ വനിതകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കൃത്യമായ വിവരങ്ങള്‍ ആവശ്യമാണെന്നിരിക്കെ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തു കൊണ്ടാണു വൈകുന്നതെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com