'ആ വേഷം ചെയ്യാതിരുന്നതില്‍ നഷ്ടബോധമുണ്ട്'; കരുണാനിധിയുടെ വിയോഗത്തില്‍ മമ്മൂട്ടി

എംജിആറിന്റേയും കരുണാനിധിയുടേയും ജീവിതത്തേയും സൗഹൃദത്തെക്കുറിച്ചുമാണ് 'ഇരുവര്‍' പറയുന്നത്
'ആ വേഷം ചെയ്യാതിരുന്നതില്‍ നഷ്ടബോധമുണ്ട്'; കരുണാനിധിയുടെ വിയോഗത്തില്‍ മമ്മൂട്ടി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. കരുണാനിധിയുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്ന് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. മണിരത്‌നം സിനിമയില്‍ കരുണാനിധിയുടെ വേഷം അവതരിപ്പിക്കാന്‍ കിട്ടിയ അവസരം പാഴാക്കിയതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 

'നികത്താനാവാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും സ്‌നേഹിച്ച മനസ്സിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഃഖിക്കുന്നു.' മമ്മൂട്ടി ഫേയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു.

മോഹന്‍ലാലിനേയും പ്രകാശ് രാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ഇരുവര്‍ എന്ന സിനിമയെക്കുറിച്ചാണ് മമ്മൂട്ടി പോസ്റ്റില്‍ സൂചിപ്പിച്ചത്. എംജിആറിന്റേയും കരുണാനിധിയുടേയും ജീവിതത്തേയും സൗഹൃദത്തെക്കുറിച്ചുമാണ് ചിത്രത്തില്‍ പറയുന്നത്. എംജിആറായി മോഹന്‍ലാലും കരുണാനിധിയായി പ്രകാശ് രാജുമാണ് എത്തിയത്. 

തമിഴ്‌സെല്‍വല്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട കഥാപാത്രം പറഞ്ഞത് കലൈഞ്ജറുടെ ജീവിതമായിരുന്നു. നാനാ പടേക്കര്‍ ആയിരുന്നു ഈ വേഷത്തിനായി ആദ്യം പരിഗണിക്കെപ്പട്ടത്. പിന്നീട് മമ്മൂട്ടിയുടെ കൈയിലേക്ക് എത്തി. എന്നാല്‍ ചില കാരണങ്ങള്‍കൊണ്ട് അദ്ദേഹത്തിനും ആ വേഷം ചെയ്യാനായില്ല. പിന്നീട് തമിഴ്‌സെല്‍വലാവാന്‍ കമല്‍ഹാസന്‍, സത്യരാജ്, അരവിന്ദ് സാമി എന്നിവരെയെല്ലാം പരിഗണിച്ചെങ്കിലും അവസാനം പ്രകാശ് രാജിലേക്ക് എത്തുകയായിരുന്നു. ഇരുവറിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com