'ഞാന്‍ കൈചൂണ്ടിയതാണ്, അല്ലാതെ വെടിവെച്ചതല്ല'; മോഹന്‍ലാലിന് നേരെ 'തോക്കു'ചൂണ്ടിയതില്‍ വിശദീകരണവുമായി അലന്‍സിയര്‍

സാമൂഹിക വ്യവസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്
'ഞാന്‍ കൈചൂണ്ടിയതാണ്, അല്ലാതെ വെടിവെച്ചതല്ല'; മോഹന്‍ലാലിന് നേരെ 'തോക്കു'ചൂണ്ടിയതില്‍ വിശദീകരണവുമായി അലന്‍സിയര്‍

വിവാദങ്ങളുടെ പേരിലാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങ് ഇത്തവണ വാര്‍ത്തകളില്‍ ഇടം നേടിയത്. മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതും അതിന് ശേഷമുണ്ടായ പ്രതിഷേധങ്ങളുമെല്ലാം നമ്മള്‍ കണ്ടതാണ്. ചടങ്ങിന് ശേഷവും വിവാദങ്ങള്‍ക്ക് കുറവില്ല. എന്നാല്‍ ഇപ്പോള്‍ സംസാരവിഷയം അലന്‍സിയറും അദ്ദേഹത്തിന്റെ തോക്കുമാണ്. വേദിയില്‍ സംസാരിച്ചുകൊണ്ടിരുന്ന മോഹന്‍ലാലിന് നേര്‍ക്ക് കൈവിരലുകള്‍ തോക്കാക്കി നീട്ടിപ്പിടിച്ച് അലന്‍സിയര്‍ നിന്നതാണ് വിവാദമായത്. 

മോഹന്‍ലാലിനോടുള്ള പ്രതിഷേധ സൂചകമായിരുന്നു അലന്‍സിയറുടെ പ്രകടനമെന്നാണ് വിലയിരുത്തപ്പെട്ടത്. തുടര്‍ന്ന് അലന്‍സിയര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അത് പ്രതിഷേധമായിരുന്നില്ലെന്നാണ് അലന്‍സിയര്‍ പറയുന്നത്. സാമൂഹിക വ്യവസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് താന്‍ ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. 

മോഹന്‍ലാല്‍ എന്ന മഹാനടനെതിരേ വെടിയുതിര്‍ത്തതല്ല, സാമൂഹിക വ്യവസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്ത്. മോഹന്‍ലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വ്യവസ്ഥിതിക്കെതിരെ ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേജില്‍ കൈചൂണ്ടിയതാണെന്നും അല്ലാതെ തോക്ക് എടുത്തതെല്ലെന്നുമാണ് അലന്‍സിയര്‍ പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. നേരത്തെ ആ നിമിഷം താന്‍ എന്താണ് ചെയ്തതെന്ന് വ്യക്തമായ ഓര്‍മയില്ലെന്നായിരുന്നു അലന്‍സിയര്‍ മറ്റൊരു മാധ്യമത്തോട് പറഞ്ഞത്. 

മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിന് താഴെയെത്തി കൈ തോക്കുപോലെ പിടിച്ച് രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നുണയാണ് എന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവര്‍ത്തി. 

സ്‌റ്റേജിലേക്ക് കയറി മോഹന്‍ലാലിന് അടുത്തെത്താനും അലന്‍സിയര്‍ ശ്രമിച്ചു. എന്നാല്‍ ഇത് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ജുവും പൊലീസും ചേര്‍ന്ന് തടഞ്ഞു. മുഖ്യമന്ത്രിയും സാസ്‌കാരിക വകുപ്പ് മന്ത്രിയും മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവും വേദിയിലിരിക്കെയായിരുന്നു അലന്‍സിയറുടെ പ്രതിഷേധം. വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവെയ്ക്കുന്നത് മന്ത്രി എകെ ബാലന്‍ മുഖ്യമന്ത്രിക്ക് കാട്ടിക്കൊടുത്തു. എന്നാല്‍ ഗൗരവ ഭാവം വിട്ട മുഖ്യമന്ത്രി ചിരിച്ചുവിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com