'തന്നെ ജയിപ്പിച്ചുവിട്ടതിന് സിപിഎമ്മിനെ പറഞ്ഞാല്‍മതി': 'അമ്മ' യോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ വാക്കേറ്റം

സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്ന ഷമ്മി തിലകന്റെ ആരോപണമാണ് തര്‍ക്കത്തിന് കാരണമായത്
'തന്നെ ജയിപ്പിച്ചുവിട്ടതിന് സിപിഎമ്മിനെ പറഞ്ഞാല്‍മതി': 'അമ്മ' യോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ വാക്കേറ്റം

കൊച്ചി; താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഷമ്മി തിലകനും മുകേഷും തമ്മില്‍ വാക്കേറ്റം. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്ന ഷമ്മി തിലകന്റെ ആരോപണമാണ് തര്‍ക്കത്തിന് കാരണമായത്. കൈയാങ്കളിയുടെ വക്കോളമെത്തിയെങ്കിലും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ഇരുവരേയും അനുനയിപ്പിക്കുകയായിരുന്നു. 

തിലകനും സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഷമ്മിയെ ചൊവ്വാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്. ഷമ്മി തിലകന്‍ സംസാരിക്കുന്നതിനിടയില്‍ മുകേഷ് തനിക്ക് പാരവെച്ചെന്ന ആരോപണമുയര്‍ത്തി. 'വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണ്' എന്നാണ് ഷമ്മി പറഞ്ഞത്. ഇത് കേട്ട് 'ഞാന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയോ' എന്നായിരുന്നു മുകേഷിന്റെ ചോദ്യം. 

'അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും' എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. 'മാന്നാര്‍ മത്തായി സ്പീക്കിങ്2' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നും വിശദീകരിച്ചു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടര്‍ന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി ആരോപിച്ചു.

തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്. ഇത് ഷമ്മിയെ കുപിതനാക്കി. 'തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സിപിഎമ്മിനെ പറഞ്ഞാല്‍മതി'യെന്നും ഷമ്മി തുറന്നടിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വലിയ വാക് തര്‍ക്കമായി. കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com