ആ ഡയലോ​ഗുകൾക്ക് മാപ്പ് പറയാൻ ഞാനില്ല; പാർവതിയുടേത് സ്വന്തം അഭിപ്രായമെന്ന് രഞ്ജിത്ത് 

സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൊല്ലി താൻ ഒരിക്കലും മാപ്പു പറയില്ലെന്ന് തുറന്നുപറഞ്ഞ് പ്രസിദ്ധ സംവിധായകനും തിരക്കഥാകൃത്തുമായ  രഞ്ജിത്ത്
ആ ഡയലോ​ഗുകൾക്ക് മാപ്പ് പറയാൻ ഞാനില്ല; പാർവതിയുടേത് സ്വന്തം അഭിപ്രായമെന്ന് രഞ്ജിത്ത് 

സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൊല്ലി താൻ ഒരിക്കലും മാപ്പു പറയില്ലെന്ന് തുറന്നുപറഞ്ഞ് പ്രസിദ്ധ സംവിധായകനും തിരക്കഥാകൃത്തുമായ  രഞ്ജിത്ത്. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരോടും മാപ്പ് പറയേണ്ട സാഹചര്യം തനിക്കില്ലെന്നും ഒന്നുകില്‍ അതൊരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവമായിരിക്കാം, അല്ലെങ്കില്‍ നിര്‍ദോഷമായ തമാശയായിരിക്കാം അല്ലാതെ സ്ത്രീവിരുദ്ധതയല്ലെന്നാണ് രഞ്ജിത്തിന്റെ വിശദീകരണം. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ ഈ അഭിപ്രായപ്രകടനം.

താൻ മനുഷ്യരെ സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിച്ചു കാണാറില്ലെന്നും കഥാപാത്രങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന്റെതാണെന്നും രഞ്ജിത്ത് പറഞ്ഞു.  ക്രൂരനായ അല്ലെങ്കില്‍ സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് ശരിയെന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള സ്വതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർവതി പറഞ്ഞത് പാർവതിയുടെ അഭിപ്രായമാണെന്നും അതിന്റെ പേരിൽ പാർവതിയെ കല്ലെറിയുന്നതിനോട് യോജിക്കാനാകുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. 

'എടി ഞാൻ കാഞ്ഞിരപ്പിളളി നസ്രാണിയാ എനിക്കറിയാം എന്റെ പെണ്ണിനെ എങ്ങനെ നിർത്തണമെന്ന്', എന്ന സംഭാഷണം പത്മരാജന്റെ കൂടെവിടെയിലെ കഥാപാത്രം പറഞ്ഞപ്പോൾ  പത്മരാജനെതിരെ പ്രതിഷേധമുണ്ടായില്ലെന്നും ഇതിന്റെ കാരണം പത്മരാജനല്ല സിനിമയിലെ കഥാപാത്രമാണ് സംസാരിച്ചതെന്ന് എല്ലാവർക്കും ബോധ്യമുണ്ടായത് കൊണ്ടാണെന്നും രഞ്ജിത്ത് വിശദീകരിക്കുന്നു. തന്റെതന്നെ ചിത്രത്തിൽ മുൻഭാര്യയോട് 'ഞാൻ കളളുകുടി നിർത്തിയത് നന്നായി അല്ലേൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ' എന്ന് നായകൻ പറയുന്നത് ചൂണ്ടിക്കാട്ടി  കഥാകൃത്തിനോട് കലഹിക്കുന്നത് ബാലിശമാണെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com