'മമ്മൂട്ടിയോട് കഥ പറയാന്‍ പോയി, അദ്ദേഹം ഒന്നും മിണ്ടിയില്ല, ഞാന്‍ നിരാശനായി മടങ്ങി'; അനുഭവം പങ്കുവെച്ച് മിഥുന്‍

അജു വര്‍ഗീസിനേയും നിവിന്‍ പോളിയേയും പരിജയപ്പെട്ടതാണ് മിഥുന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അജു സിനിമയിലെ ഗോഡ് ഫാദറാണെന്നാണ് അദ്ദേഹം പറയുന്നത്
'മമ്മൂട്ടിയോട് കഥ പറയാന്‍ പോയി, അദ്ദേഹം ഒന്നും മിണ്ടിയില്ല, ഞാന്‍ നിരാശനായി മടങ്ങി'; അനുഭവം പങ്കുവെച്ച് മിഥുന്‍

ട് ഒരു ഭീകരജീവിയല്ല എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. അട് 2 വിജയമായതിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 ന്റെ തിരക്കിലാണ് അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യുക എന്ന തന്റെ സ്വപ്‌നം സഫലമായതിന്റെ സന്തോഷമുണ്ട് മിഥുന്. എന്നാല്‍ ആദ്യമായി മമ്മൂക്കയോട് കഥപറയാന്‍ എത്തിയപ്പോള്‍ നിരാശനായി മടങ്ങേണ്ടിവന്ന അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. സിനിമ പ്രവേശനത്തെക്കുറിച്ച് ചിന്തിക്കുന്ന സമയത്തായിരുന്നു അത്. കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മിഥുന്റെ തുറന്നു പറച്ചില്‍. 

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ദുബായില്‍ ജോലി നോക്കുകയായിരുന്നു മിഥുന്‍. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ജോലി നഷ്ടപ്പെട്ടു. നാട്ടില്‍ എത്തിയശേഷം ആദ്യം തീരുമാനിച്ചത് സിവില്‍ സര്‍വീസ് എഴുതാം എന്നാണ്. പക്ഷേ ആദ്യത്തെ ദിവസംകൊണ്ടുതന്നെ ഇത് നടക്കില്ലെന്നും തിരിച്ചറിഞ്ഞു. പിന്നെ പല കച്ചവടം ചെയ്‌തെങ്കിലും പൊട്ടിപ്പൊളിഞ്ഞു. അങ്ങനെയാണ് തിരക്കഥാകൃത്താകാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. തന്റെ ഒരു കഥ പോലും അച്ചടിച്ച് വന്നിട്ടില്ലായിരുന്നതിനാല്‍ ഇത് ആര്‍ക്കും ഉള്‍ക്കൊള്ളാനായില്ലെന്നാണ് മിഥുന്‍ പറയുന്നത്. 

അങ്ങനെ മമ്മൂട്ടിയുടെ അടുത്ത് കഥ പറയാനായി സിനിമ ബന്ധമുള്ള ഒരു ബന്ധുവിന്റെ സുഹൃത്തിനെ സമീപിച്ചു. പണ്ട് ചെന്നൈയിലെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാളെയും കൂട്ടി മമ്മൂട്ടിയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് മിഥുന്‍ പോയി. സിനിമക്കാരനാകാതെ തരമില്ല എന്ന അവസ്ഥയിലായിരുന്നു മിഥുന്‍ അപ്പോള്‍.

'മമ്മൂക്ക എന്റെ കൂടെ ഉണ്ടായിരുന്ന ആളെ കണ്ടപ്പോള്‍ സംസാരിച്ചു, വിശേഷങ്ങള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സമാധാനമായി. അടുത്തഘട്ടം എന്നെ പരിചയപ്പെടുത്തുക പിന്നെ കഥ പറയുക എന്നതാണ്. പക്ഷേ അദ്ദേഹം ഒന്നും മിണ്ടിയില്ല, ഞാന്‍ വയനാട്ടില്‍ നിന്നുള്ള ഒരു പയ്യനാണ് എന്ന് മാത്രം മമ്മൂക്കയോട് പറഞ്ഞു. കഥയുടെ കാര്യം പറഞ്ഞില്ല. അതുകഴിഞ്ഞ് പോകാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, കഥപറയണ്ടേ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അങ്ങനെ ഒറ്റ അടിക്ക് കഥ പറച്ചില്‍ ഒന്നും നടക്കില്ല. ഇങ്ങനെ സെറ്റില്‍ വന്ന് നില്‍ക്കണം, മമ്മൂക്കയുമായി പരിചയം ഉണ്ടാക്കണം, എന്നിട്ട് പതുക്കെ കഥപറയണമെന്ന്. അതുകേട്ടപ്പോള്‍ എനിക്ക് കടുത്ത നിരാശയായി.' മിഥുന്‍ പറഞ്ഞു. 

പിന്നീട് അജു വര്‍ഗീസിനേയും നിവിന്‍ പോളിയേയും പരിജയപ്പെട്ടതാണ് മിഥുന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അജു സിനിമയിലെ ഗോഡ് ഫാദറാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പെട്ടിയില്‍ അഞ്ച് കഥയുമായാണ് മിഥുന്‍ അജുവിനെ കാണാന്‍ പോകുന്നത്. അതില്‍ ഓം ശാന്തി ഓശാനയും ആടും സിനിമയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com