ഡോറയുടേയും ബുജിയുടേയും യാത്ര സിനിമയാകുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

ട്രാന്‍സ്‌ഫോമേഴ്‌സ് ദി ലാസ്റ്റ് നൈറ്റിലൂടെ ശ്രദ്ധ നേടിയ ഇസബെല്ല മോണറാണ് ഡോറയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്
ഡോറയുടേയും ബുജിയുടേയും യാത്ര സിനിമയാകുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

തോളറ്റം നില്‍ക്കുന്ന മുടി, പിങ്കും ഓറഞ്ചും നിറമുള്ള വേഷം തോളിലൊരു ബാക്ക് ബാഗും. കുട്ടികളുടെ ഇഷ്ടതാരമായ ഡോറയെക്കുറിച്ച് തന്നെയാണ് പറയുന്നത്. കുട്ടികള്‍ ആഘോഷമാക്കുന്ന കുഞ്ഞു ഡോറയെ എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ആ ഡോറ അല്ല ഈ ഡോറ. ഡോറയുടേയും കൂട്ടുകാരന്‍ ബുജിയുടേയും കഥ സിനിമയാക്കുകയാണ്. സ്‌മോള്‍ സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോള്‍ ഡോറയും ആള് വലുതായിട്ടുണ്ട്. 

ട്രാന്‍സ്‌ഫോമേഴ്‌സ് ദി ലാസ്റ്റ് നൈറ്റിലൂടെ ശ്രദ്ധ നേടിയ ഇസബെല്ല മോണറാണ് ഡോറയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ജെയിംസ് ബോബിനാണ് സംവിധാനം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കുട്ടി ഡോറയുടേതു പോലെ വേഷം ധരിച്ച് ബാഗുമിട്ട് നില്‍ക്കുന്ന ഇസബെല്ലയാണ് പോസ്റ്റില്‍.

നിക്കലോഡിയോണ്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിലെ പ്രശസ്തമായ ഒരു കാര്‍ട്ടൂണ്‍ പരമ്പരയാണ് ഡോറ ദി എക്‌സ്‌പ്ലോറര്‍. കുട്ടികകളുടെ ബുദ്ധിവികാസനത്തിന് സഹായകമാകുന്ന രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. നിക്ക് ജൂനിയര്‍ പോലുള്ള ചാനലുകളില്‍ 2000 മുതല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ പരമ്പര വളരെപെട്ടെന്നാണ് പ്രേക്ഷക സ്വീകാര്യത നേടിയത്. ഇപ്പോള്‍ മലയാളം, തമിഴ് ഉള്‍പ്പടെയുള്ള നിരവധി പ്രാദേശിക ഭാഷകളിലും ഇത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എട്ട് വയസുകാരിയുടെ യാത്രയാണ് ഇതില്‍ പറയുന്നത്. കൂട്ടിന് ബുജി എന്ന് പേരുള്ള കൂട്ടുകാരന്‍ കുരങ്ങനുമുണ്ട്. പ്രേക്ഷകരായ കുട്ടികളേയും തങ്ങളുടെ യാത്രയുടെ ഭാഗമാക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com