പ്രളയം: ഉണ്ണിമേനോന്റെ മകന്റെ വിവാഹം ലളിതമാക്കി നടത്തുന്നു, പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

ഓഗസ്റ്റ് ഇരുപത്തിയാറിന് തൃശൂര്‍ ലൂലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
പ്രളയം: ഉണ്ണിമേനോന്റെ മകന്റെ വിവാഹം ലളിതമാക്കി നടത്തുന്നു, പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

പ്രളയക്കെടുതിയില്‍ കേരളം കഷ്ടപ്പെടുമ്പോള്‍ മകന്റെ വിവാഹത്തിന് ആര്‍ഭാടങ്ങളൊഴിവാക്കി ഗായകന്‍ ഉണ്ണിമേനോന്‍.  കേരളത്തിലെ മഴക്കെടുതി കണക്കിലെടുത്താണ് മകന്‍ അങ്കൂര്‍ ഉണ്ണിയും കാവ്യയും തമ്മിലുള്ള വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നതെന്ന് ഉണ്ണി മേനോന്‍ പറഞ്ഞു.

ഓഗസ്റ്റ് ഇരുപത്തിയാറിന് തൃശൂര്‍ ലൂലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ വേദിയടക്കം മാറ്റിയിട്ടുണ്ട്. വിവാഹം അതേ ദിവസം അതേ മുഹൂര്‍ത്തത്തില്‍ ചെന്നൈ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തില്‍ നടക്കും. 

ആദ്യം 2500 ഓളം പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. ഇത് 200 പേരായി ചുരുക്കി. ഇതില്‍ നിന്ന് മിച്ചം പിടിക്കുന്ന പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുന്നത്.

ചെന്നൈയില്‍ ആര്‍ക്കിടെക്റ്റാണ് അങ്കൂര്‍.കണ്ണൂര്‍ സ്വദേശിയായ  കാവ്യ ദുബായിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തോളമായി വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ചടങ്ങുകള്‍ ആര്‍ഭാടപൂര്‍വം നടത്താനായിരുന്നു ആലോചന. എന്നാല്‍, ജനങ്ങള്‍ ഒന്നടങ്കം പ്രളയത്തിന്റെ ദുരിതം അനുഭവിക്കുമ്പോള്‍ വിവാഹം ഇത്ര വലിയ രീതിയില്‍ നടത്തുന്നത് ശരിയല്ല. അതുകൊണ്ടാണ് ചടങ്ങുകള്‍ ലളിതമാക്കാന്‍ തീരുമാനിച്ചതെന്ന് ഉണ്ണിമേനോന്‍ അറിയിച്ചു. 

'ലുലു അധികൃതര്‍ മണ്ഡപം ശരിയാക്കി കല്യാണം നിശ്ചയിച്ച രീതിയില്‍ നടത്താം എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ വേണ്ട എന്നു തീരുമാനിച്ചു. ചുറ്റുമുള്ളവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ ആഘോഷിക്കുന്നത് ശരിയല്ലലോ. മുഹൂര്‍ത്തം മാറ്റാന്‍ പറ്റാത്തതിനാലാണ് അതേ ദിവസം ചെന്നെയില്‍ വെച്ച് നടത്തുന്നത്. പെണ്‍കുട്ടികളുടെ വീട്ടുകാരും ഞങ്ങളും ചേര്‍ന്നെടുത്ത തീരുമാനമാണിത്'- ഉണ്ണി മേനോന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com