പത്മാവതിന്റെ പത്ത് ദിവസത്തെ കളക്ഷന്‍ 190.50 കോടി

ചിത്രത്തിന്റെ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ 190.50 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.
പത്മാവതിന്റെ പത്ത് ദിവസത്തെ കളക്ഷന്‍ 190.50 കോടി

റിലീസിന് മുന്‍പ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത്. സംവിധായകനും നായികയയ്ക്കും വധഭീഷണി വരെ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രതിഷേധമെല്ലാം പടത്തിന്റെ വിജയത്തിനായി ഉപയോഗപ്പെട്ടു എന്ന് വേണം കരുതാന്‍. ചിത്രത്തിന്റെ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ 190.50 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മാത്രം പതിനാറ് കോടിയാണ് ചിത്രം തീയേറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത്. ഉടന്‍ തന്നെ ചിത്രം 200 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. പ്രതിഷേധങ്ങള്‍ക്കിടെ പത്മാവതി എന്ന പേര് പോലും മാറ്റി പത്മാവത് എന്നാക്കി ജനുവരി 24, 25 തീയതികളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. 

രജ്പുത് വംശജരെ ചിത്രം അപമാനിക്കുന്നുവെന്ന് കാണിച്ച് കര്‍ണിസേനയാണ് പത്മാവതിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ചിത്രത്തിന്റെ പേരില്‍ സംഘടന അക്രമം അഴിച്ചുവിടുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളും ചിത്രത്തിനെതിരെ രംഗത്തു വന്നു.

അവസാനം ചിത്രത്തിന് ഉപാധികളോടുകൂടി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു.  സിനിമയുടെ പേര് 'പത്മാവത്' എന്ന് മാറ്റണമെന്നതായാരുന്നു പ്രധാന നിര്‍ദ്ദേശം. വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണം, ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിനിമയ്ക്ക് മുന്‍പ് എഴുതിക്കാണിക്കണം എന്നിവയായിരുന്നു മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 

അതേസമയം, ചിത്രം പത്ത് ദിവത്തില്‍ എത്തിനില്‍ക്കെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കര്‍ണിസേന രണ്ട് തട്ടിലാണ്. പത്മാവതിന് എതിരായ പ്രതിഷേധം പിന്‍വലിക്കുന്നതായി കര്‍ണിസേനയുടെ മുംബൈ് നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ പ്രതിഷേധം പിന്‍വലിച്ചതായുള്ള വാര്‍ത്തകള്‍ രജപുത്ര കര്‍ണിസേന തലവന്‍ ലോകേന്ദ്രസിംഗ് കാല്‍വി നിഷേധിച്ചു. വ്യാജ കര്‍ണിസേനയാണ് പ്രതിഷേധം പിന്‍വലിച്ചതായി അറിയിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കൂട്ടുനിന്ന ബിജെപിക്കെതിരെ തങ്ങള്‍ വോട്ടിലൂടെ പ്രതികരിക്കുമെന്നും കാല്‍വി പറഞ്ഞു.

സത്യം തിരിച്ചറിഞ്ഞതിനാല്‍ ചിത്രത്തിനെതിരായ പ്രതിഷേധം പിന്‍വലിക്കുന്നതായാണ് സംഘടനയുടെ മുംബയ് നേതാവ് യോഗേന്ദ്രസിങ്ങ് അറിയിച്ചത്. ദേശീയ പ്രസിഡന്റ് സുഖ്‌ദേവ് സിംഗ് ഗോഗമദിയുടെ നിര്‍ദേശ പ്രകാരം കര്‍ണിസേനയുടെ പ്രതിനിധികള്‍ ചിത്രം കണ്ടു. തുടര്‍ന്ന് രജപുത്രരുടെ ധൈര്യത്തെയും ത്യാഗത്തെയും ഉയര്‍ത്തിക്കാട്ടുന്ന ചിത്രമാണെന്ന് മനസിലാക്കുകയായിരുന്നു. എതിര്‍ക്കപ്പെടേണ്ട തരത്തില്‍ ചിത്രത്തില്‍ രംഗങ്ങളില്ലെന്നും മുംബൈയിലെ നേതാവ് യോഗേന്ദ്രസിംഗ് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, യഥാര്‍ഥ കര്‍ണിസേന തങ്ങളാണെന്നും പ്രതിഷേധം പിന്‍വലിച്ചിട്ടില്ലെന്നും കാല്‍വി വ്യക്തമാക്കി.

ഇതിനിടെ പത്മാവതിന് ദീപിക 13 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കേന്ദ്ര നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷാഹിദ് കപൂറും, രണ്‍വീര്‍ സിങും കൈപ്പറ്റിയത് 10 കോടി രൂപയാണത്രേ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com