പദ്മാവതിന് പുറമെ കങ്കണ നായികയാകുന്ന മണികര്‍ണികയും വിവാദക്കുരുക്കിലേക്ക് 

കങ്കണ റണാവത് നായികയായെത്തുന്ന മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സിയാണ് പുതിയ വിവാദചിത്രം.
പദ്മാവതിന് പുറമെ കങ്കണ നായികയാകുന്ന മണികര്‍ണികയും വിവാദക്കുരുക്കിലേക്ക് 

സഞ്ചയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദീപിക പദുക്കോണ്‍ നായികയായെത്തിയ പദ്മാവത് നേരിട്ട വിവാദങ്ങള്‍ കെട്ടടങ്ങി വന്നപ്പോള്‍ മറ്റൊരു ബോളിവുഡ് ചിത്രവും വിവാദത്തിലേക്ക് നീങ്ങുന്നു. കങ്കണ റണാവത് നായികയായെത്തുന്ന മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സിയാണ് പുതിയ വിവാദചിത്രം. ഝാന്‍സി റാണിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചരിത്ര സിനിമ തന്നെയാണ് വീണ്ടും വിവാദങ്ങളുടെ പിടിയിലായിരിക്കുന്നത്. 

ചിത്രം ലക്ഷ്മി ഭായുമായി ബന്ധപ്പെട്ട ചരിത്രം വളച്ചൊടിക്കുകയാണെന്നാണ് മണികര്‍ണികയ്‌ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം. ലക്ഷ്മി ഭായും ഒരു ബ്രിട്ടീഷുകാരനുമായുള്ള പ്രണയം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്ന് സര്‍വ്വ ബ്രാഹ്മണ മഹാസഭ (എസ് ബി എം) പ്രസിഡന്റ് സുരേഷ് മിഷ്‌റ ആരോപിച്ചു. 'രാജസ്ഥാനില്‍ വിവിധ ഇടങ്ങളിലായി സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയില്‍ ഞങ്ങളുടെ പല സുഹൃത്തുക്കളും അഭ്യുതയകാംഷികളും ചിത്രത്തെ കുറിച്ച് അവര്‍ അറിഞ്ഞ ചില വസ്തുതകള്‍ ഞങ്ങളുമായി പങ്കുവച്ചിരുന്നു. അങ്ങനെയാണ് ചിത്രത്തിന്റെ കഥ ഒരു വിദേശ ബുക്കിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും ഝാന്‍സി റാണിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും അറിഞ്ഞത്', അദ്ദേഹം അഭിപ്രായപ്പെട്ടു. 

താന്‍ ചിത്രത്തിന്റെ നിര്‍മാതാവ് കമാല്‍ ജെയ്‌ന് ചിത്രത്തിന്റെ തിരകഥാകൃത്തുക്കളെയും ചരിത്രമറിയാന്‍ ബന്ധപ്പെട്ട വ്യക്തികളെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗാനങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചിട്ടുണ്ടെന്നും മിഷ്‌റ പറഞ്ഞു. എന്നാല്‍ നിര്‍മാതാവിന്റെ ഭാഗത്തുനിന്ന് തനിക്ക് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ചിത്രത്തില്‍ റാണി ലക്ഷ്മി ഭായിയെവളരെ ബഹുമാനപുരസ്‌കരമാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ചരിത്രകാരന്‍മാരുമായി കൂടിയാലോചിച്ചാണ് തിരകഥയൊരുക്കിയിരിക്കുന്നതെന്നും നിര്‍മാതാവ് കമാല്‍ ജയിന്‍ പറഞ്ഞു. രാജ്യം കണ്ട ബഹുമാന്യരായ നേതാക്കളില്‍ ഒരാളായിരുന്നു ഝാന്‍സി റാണിയെന്ന വസ്തുത തന്നെയാണ് ചിത്രത്തിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. ആരോപിക്കപ്പെടുന്നതുപോലെ ചിത്രത്തില്‍ യാതൊരു തരത്തിലുള്ള പ്രണയ ബന്ധങ്ങളും ഉള്‍പ്പെട്ടിട്ടില്ല. ചരിത്രത്തെ വളച്ചൊടിച്ചല്ല മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രം ഞങ്ങള്‍ ഒരുക്കുന്നത്, കമാല്‍ പറഞ്ഞു.

ഇപ്പോള്‍ ആരോപിക്കപ്പെട്ടുന്നവ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും തങ്ങള്‍ക്ക് മറയ്ക്കാന്‍ ഒന്നുമില്ലെന്നും കമാല്‍ പറഞ്ഞു. ചിത്രത്തിന്റെ പൂര്‍ണ്ണ സ്‌ക്രിപ്റ്റ് വേണമെങ്കില്‍ കാണിക്കാം എന്നുവരെ ഞങ്ങള്‍ പറഞ്ഞു, കമാല്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com