'എനിക്കു മടുത്തു, അങ്ങനെയാണ് വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നത്'-  വേണു സംസാരിക്കുന്നു

വലിയ എഴുത്തുകാര്‍ക്ക്  മാത്രമേ ഇത്തരം കാര്യങ്ങളെ ശുദ്ധതയോടെ ചെയ്യാനാവൂ. എനിക്ക് അതിനുള്ള കഴിവൊന്നുമില്ല
'എനിക്കു മടുത്തു, അങ്ങനെയാണ് വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നത്'-  വേണു സംസാരിക്കുന്നു

ഞാന്‍ ക്യാമറ വര്‍ക്ക് ചെയ്തു മടുത്തു. കേരളത്തിനകത്തും പുറത്തുമായി നിരവധി പടങ്ങള്‍ ചെയ്തു. നമുക്ക് യാതൊരു ബഹുമാനവും തോന്നാത്ത ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ തരുന്നു. നമ്മളെ നിയന്ത്രിക്കുന്നു. സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരോടൊപ്പം ജോലി ചെയ്യുന്നു. നമുക്ക് നമ്മോടുതന്നെ ഒരുതരം വെറുപ്പ് തോന്നിത്തുടങ്ങി. അങ്ങനെയാണ് വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നത്.-  സംവിധായകന്‍ വേണു സംസാരിക്കുന്നു

80-കളുടെ മധ്യത്തില്‍, പത്മരാജന്റെ ഒരു ചലച്ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്തുവെച്ചാണ് വേണു എന്ന ഛായാഗ്രാഹകനെ ആദ്യം കാണുന്നത്. പത്മരാജന്റെ തിരക്കഥകളുടെ ദൃശ്യാലേഖനം  എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. മനസ്സിന്റേയും മനോഭാവത്തിന്റേയും സൂക്ഷ്മമായ ആവിഷ്‌ക്കാരങ്ങളില്‍ വേണുവിന്റെ സര്‍ഗ്ഗാത്മകതയുടെ വെളിച്ചം പകര്‍ന്നിരുന്നു. പത്മരാജന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ വേണുവിനേയും ഓര്‍മ്മിക്കും. 'അരപ്പട്ട കെട്ടിയ ഗ്രാമ'ത്തില്‍ തുടങ്ങിയ ഭാഗിക സാന്നിധ്യം, പിന്നീട് സമ്പൂര്‍ണ്ണ സാന്നിധ്യമായി 'ഞാന്‍ ഗന്ധര്‍വ്വനി'ല്‍ വരെ തുടര്‍ന്നു. പത്മരാജനുമായി മാത്രമല്ല, കെ.ജി. ജോര്‍ജ്, ഭരതന്‍ ജോണ്‍ എബ്രഹാം തുടങ്ങിയവരോടൊപ്പം വേണു പ്രവര്‍ത്തിച്ചു. സിനിമാട്ടോഗ്രാഫിക്ക്  സിനിമയില്‍ സര്‍ഗ്ഗാത്മകമായ സംഭാവനകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിച്ച അപൂര്‍വ്വം ഛായാഗ്രാഹകന്മാരില്‍ ഒരാളാണ് വേണു.
ചലച്ചിത്രത്തിന്റെ മുഖ്യധാരയുടെ ഭാഗമായി നില്‍ക്കുമ്പോഴും സിനിമയുടെ പുതിയ സൗന്ദര്യ സമീപനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തി. ഒരു തൊഴിലിന്റെ പ്രൊഫഷണലിസം സൂക്ഷിക്കുമ്പോഴും ആ കലയിലെ സര്‍ഗ്ഗാത്മക സാധ്യതകള്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചലച്ചിത്രങ്ങളുടെ സംവിധാനത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്. സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളും വേറിട്ട മൂന്ന് അനുഭവങ്ങളാണ്. കാര്‍ബണ്‍ വേണുവിന്റെ സമ്പൂര്‍ണ്ണ സിനിമയാണ്. കഥയും തിരക്കഥയും സംവിധാനവും വേണു തന്നെ നിര്‍വ്വഹിക്കുന്നു. മാത്രമല്ല, കാടുകാണാനും കാടിന്റെ സൗന്ദര്യം തേടാനുമുള്ള താല്‍പ്പര്യം ചലച്ചിത്രത്തിനുള്ളിലും  പ്രകാശിക്കുന്നു. കാരൂര്‍ നീലകണ്ഠപിള്ളയില്‍നിന്ന്  തുടങ്ങുന്ന എഴുത്തുപാരമ്പര്യം വേണു കാര്‍ബണിലൂടെ തുടരുകയും ചെയ്യുന്നു. കാര്‍ബണിന്റെ പശ്ചാത്തലത്തില്‍ വേണുവുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്.
 

സിനിമ ഗൗരവമുള്ള ഒരു മാധ്യമമായി തെരഞ്ഞെടുക്കുന്നത് എപ്പോഴാണ്?

അടിയന്തരാവസ്ഥയിലെ അനിശ്ചിതത്വത്തില്‍നിന്നാണ് സിനിമ എന്നിലേക്ക് വരുന്നത്. ഞാനപ്പോള്‍ കോളേജില്‍ പഠിക്കുന്ന സമയമാണ്. അടിയന്തരാവസ്ഥ വന്നതോടെ മറ്റ് ആക്ടിവിറ്റികള്‍ ഒന്നും ഇല്ലാതായി. കോളേജില്‍ സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടായിരുന്നു. അതൊക്കെ നിന്നു. പിന്നെ സിനിമ കാണുക എന്നതു മാത്രമേ ഉള്ളൂ വഴി. അന്ന് കോട്ടയത്ത് തിയേറ്ററുകളിലൊക്കെ ധാരാളം നല്ല സിനിമകള്‍ വന്നിരുന്നു. ഒരു ഷോയൊക്കെ കാണൂ. ഞങ്ങള്‍ കുറച്ചുപേര്‍ കൃത്യമായും അത് പോയി കാണും. ചില ഫിലിം സൊസൈറ്റികളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അന്നൊന്നും സിനിമ ഒരു പ്രൊഫഷനാക്കാമെന്ന് തീരുമാനിച്ചിരുന്നില്ല. ജോണ്‍ എബ്രഹാം കോട്ടയത്തു കൂടി നടന്നുപോകുന്നതൊക്കെ കണ്ടിട്ടുണ്ട്. അരവിന്ദന്‍ എന്റെ ബന്ധുകൂടിയാണ്. അപ്പോഴൊക്കെ അദ്ദേഹം കോഴിക്കോട്ടായിരുന്നു.
കോട്ടയത്ത് അന്ന് ഒരു വര്‍ക്കിച്ചായന്‍ ഉണ്ട്. ഇപ്പോഴുമുണ്ട്. പാര്‍ട്ടിയുടെ വലിയ പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി ആഫീസിലായിരുന്നു താമസം. ഞങ്ങളൊക്കെ പറയും, അദ്ദേഹം 200 വര്‍ഷമായി അവിടെത്തന്നെയാണ്  താമസമെന്ന്! അതുപോലെയായിരുന്നു പാര്‍ട്ടിയുമായുള്ള ബന്ധം. കോട്ടയത്ത് ദേശാഭിമാനി ബുക്ക് സ്റ്റാള്‍ ഉണ്ടായിരുന്നു. അവിടെയാണ് വര്‍ക്കിച്ചായന്‍ ഇരിക്കുന്നത്.  നമ്മളെയൊന്നും അങ്ങനെ അടുപ്പിക്കുന്ന ആളല്ല അദ്ദേഹം. വര്‍ക്കിച്ചായന്‍ ഒരു 16 എം.എം. ക്യാമറ എവിടെനിന്നോ വാങ്ങിച്ചു. പക്ഷേ, അത് ഓപ്പറേറ്റ് ചെയ്യാനൊന്നും അറിയില്ല. അതില്‍ നിരന്തരം പരീക്ഷണം നടത്തുമായിരുന്നു അദ്ദേഹം. ഫിലിം ലോഡ് ചെയ്യാന്‍ പോലും  അറിയില്ല. ഒടുവില്‍ വര്‍ക്കിച്ചായന്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഞാനായിരുന്നു നായകന്‍. കുറെയൊക്കെ എന്തൊക്കെയോ ഷൂട്ട് ചെയ്തു. പിന്നെ വള്ളംകളിയൊക്കെ ഷൂട്ട് ചെയ്തു. ദൃശ്യങ്ങള്‍  ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞൊന്നും താല്‍പ്പര്യമുണ്ടായില്ല. പണ്ട് ലൂമിയര്‍ ബ്രദേഴ്‌സ് ചെയ്തതുപോലെ. ഈ സമയത്താണ് എനിക്ക് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിഷന്‍ കിട്ടുന്നത്. ഞാന്‍ വണ്ടി കയറി.

ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോകാനുള്ള കാരണം എന്താണ്?

പഠനമൊക്കെ കഴിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായി. ആ സമയത്താണ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അപേക്ഷ അയച്ചത്. എന്തോ ഭാഗ്യത്തിന് അഡ്മിഷന്‍ കിട്ടി. നമുക്കൊന്നും ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോകാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതിയിരുന്നു. നമുക്കൊന്നും എത്താന്‍ കഴിയുന്ന സ്ഥലമല്ല ഇന്‍സ്റ്റിറ്റിയൂട്ട് എന്ന് വിചാരിച്ചിരുന്നു. അഡ്മിഷന്‍ കിട്ടിയതോടെ സിനിമയിലായി ശ്രദ്ധ.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരുന്നവര്‍ സാധാരണ ഡയറക്ഷനാണല്ലോ തെരഞ്ഞെടുക്കുന്നത്. എന്തുകൊണ്ടാണ് താങ്കള്‍ ക്യാമറയിലേയ്ക്ക് തിരിഞ്ഞത്?

ഞാന്‍ ചേരുമ്പോള്‍ ഡയറക്ഷന്‍ കോഴ്‌സ് ഉണ്ടായിരുന്നില്ല. സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗും മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. ഞാന്‍ എഡിറ്റിംഗിനാണ് ചേര്‍ന്നത്. അതു ഒരു വര്‍ഷം പഠിച്ചിട്ടാണ് ക്യാമറയിലേയ്ക്ക് വരുന്നത്. എനിക്ക് ഒരിടത്തിരുന്നു മാത്രം പണി ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. എപ്പോഴും ആക്ടീവായി നില്‍ക്കണം. അതിനു പറ്റിയത് സിനിമാട്ടോഗ്രാഫിയാണ്. പിന്നെ എഡിറ്ററെക്കാള്‍ ഗ്ലാമര്‍ ഉള്ളത് ക്യാമറാമാനാണ്. ഷൂട്ടിംഗില്‍ പങ്കെടുക്കാത്തവര്‍ സിനിമയില്‍ താണവരായാണ് കണക്കാക്കുന്നത്! അങ്ങനെ ക്യാമറ വിഭാഗത്തില്‍ ചേര്‍ന്നു.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തുന്നതോടെ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിയോ? പുതിയ ദിശാബോധം മാറിയോ?

സത്യത്തില്‍ കലയിലെ ഇടതുപക്ഷം എന്താണെന്ന് മനസ്സിലായത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിയപ്പോഴാണ്. ഇവിടെ നാം കണ്ട പാര്‍ട്ടിയുടെ ഗുളികരൂപത്തിലുള്ള ഇടതുപക്ഷമൊന്നുമല്ല യഥാര്‍ത്ഥ ഇടതുപക്ഷം എന്ന് തിരിച്ചറിഞ്ഞു.
പിന്നെ, സിനിമയുടെ കാഴ്ചയിലും മാറ്റങ്ങള്‍ വന്നു. പി.കെ. നായര്‍ സാര്‍ അവതരിപ്പിച്ച ക്ലാസ്സിക് സിനിമകള്‍ മാത്രമാണ് നാം കണ്ടുകൊണ്ടിരുന്നത്. അത് മാറി. എത്രയോ അദ്ഭുതകരമായ സിനിമകള്‍ കണ്ടു. സിനിമ എന്താണെന്ന് മനസ്സിലായത്  അവിടെ വച്ചാണ്. ഞാന്‍ ആദ്യമായിട്ട് കേരളത്തിനു പുറത്തേയ്ക്ക് പോകുന്നത് പൂനയിലേക്കാണ്. അവിടെനിന്നാണ് ഒരു പാന്‍ ഇന്ത്യന്‍ അനുഭവം ഉണ്ടാകുന്നത്. വ്യത്യസ്ത ഭാഷകള്‍, സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍ ഉള്ളവര്‍ അവിടെ പഠിച്ചിരുന്നു. എല്ലാവരും പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയുമാണ് കഴിഞ്ഞത്. ഇതിലൂടെയൊക്കെ കടന്നുപോകുമ്പോള്‍ മനസ്സൊക്കെ ശുദ്ധമാകും. അത്തരം അവസ്ഥകളാണ് എനിക്ക് ഉണ്ടായത്. പക്ഷേ, ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം കഴിഞ്ഞപ്പോഴേയ്ക്കും വലിയ കണ്‍ഫ്യൂഷനായി. മൂന്നുവര്‍ഷം ഇങ്ങനെയൊക്കെ കഴിഞ്ഞു. ഇനി എന്തു ചെയ്യുമെന്ന വലിയ ആശങ്ക ഉണ്ടായി.

ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് പുറത്തുവന്നശേഷം കരിയര്‍ തുടങ്ങുന്നത് എങ്ങനെയാണ്?

ഒരു വഴിത്തിരിവ് ഉണ്ടാക്കിത്തന്നത് അരവിന്ദനാണ്. ഞങ്ങളുടെ കുടുംബത്തിന്റെ അടുത്ത ബന്ധുവായിരുന്നല്ലോ അദ്ദേഹം. ഞാന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുമ്പോഴാണ്  'പോക്കുവെയില്‍' തുടങ്ങുന്നത്. ഷാജിയായിരുന്നു ക്യാമറാമാന്‍. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം അരവിന്ദനോട് പറഞ്ഞു. അത് ഷാജിയെ അറിയിച്ചു. അവിടെനിന്നാണ് സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് എത്തുന്നതും.

അരവിന്ദനോടൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ദുഃഖം ഉണ്ടോ?

അങ്ങനെയൊന്നുമില്ല. ചില ചിത്രങ്ങളിലൊക്കെ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നുരണ്ട് ഡോക്യുമെന്ററികള്‍ക്ക് ക്യാമറ ചെയ്തു. ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പവും ബന്ധവുമൊക്കെ ഉണ്ടായിരുന്നു. പോകുംമുന്‍പ് അമ്മ അരവിന്ദന്റെ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. ങമസെ മിറ ങമസലൗു എന്നൊരു ഡോക്യുമെന്ററി ചെയ്തു. ചിദംബരത്തിലെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.

സ്വതന്ത്രമായി ചിത്രങ്ങള്‍ ചെയ്തു തുടങ്ങിയതെപ്പോഴാണ്?

ഷാജി സാര്‍ അരവിന്ദന്റെ മാത്രം സിനിമകള്‍ ചെയ്യുന്ന കാലമായിരുന്നു അത്. പിന്നീട് എം.ടിയുടെ മഞ്ഞ് ചെയ്തു. അതുകഴിഞ്ഞ് അവധിയെടുത്ത് ധാരാളം ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ്  കെ.ജി. ജോര്‍ജ്ജിന്റെ 'ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്' ഷൂട്ട് ചെയ്യുന്നത്. അപ്പോഴും ഞാന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നുണ്ട്. ആ സിനിമ ഒരു വലിയ അനുഭവമായിരുന്നു. കോടമ്പാക്കത്തേക്കുള്ള  ഇറക്കമായിരുന്നു അത്. പിന്നീട് പത്മരാജന്റെ 'കൂടെവിടെ', 'അരപ്പട്ട കെട്ടിയ ഗ്രാമ'ത്തില്‍ തുടങ്ങിയ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തു. എടുത്തുപറയേണ്ട ഒരു കാര്യം ഞാന്‍ അസിസ്റ്റന്റ് വര്‍ക്ക് ചെയ്ത സംവിധായകരുടെ ചിത്രങ്ങളാണ് പിന്നീട് എനിക്ക് ക്യാമറ ചെയ്യാനായി കിട്ടിയത്. ലെനിന്‍ രാജേന്ദ്രന്റെ 'പ്രേംനസീറിനെ കാണ്‍മാനില്ല' എന്ന ചിത്രമാണ് ഞാന്‍ ആദ്യമായി സ്വതന്ത്രമായി ഷൂട്ട് ചെയ്തത്. ഷാജി സാര്‍ തന്നെയാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത്.

ഷാജി എന്‍. കരുണിന്റെ ചലച്ചിത്ര സമീപനങ്ങളോ സ്വഭാവങ്ങളോ അല്ലല്ലോ പിന്നീട് താങ്കള്‍ പിന്തുടര്‍ന്നത്?

ഒരാളെ അസിസ്റ്റു ചെയ്താല്‍ അയാളുടെ രീതിതന്നെ പിന്തുടരണമെന്നിലല്ലോ. മധു അമ്പാട്ടിന്റെ അസിസ്റ്റന്റായിരുന്നല്ലോ വിപിന്‍ മേനോന്‍. രണ്ടുപേരും രണ്ടു വഴികളിലാണല്ലോ സഞ്ചരിച്ചത്. ഒരേ വഴിയില്‍ത്തന്നെ സഞ്ചരിക്കണമെന്നില്ല. സ്വന്തമായ രീതികള്‍ കണ്ടെത്തേണ്ടതാണ്.

പത്മരാജന്റെ നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചെയ്തു. നിങ്ങള്‍ തമ്മില്‍ വലിയൊരു ആത്മബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അതിന്റെ അടിസ്ഥാനം എന്താണ്?

പത്മരാജനുമായി വ്യക്തിപരമായ വലിയ ബന്ധം ഉണ്ടായിരുന്നു. അത് നിരവധി തലങ്ങളിലൂടെ വളര്‍ന്നു. അദ്ദേഹവുമായി എനിക്ക് എന്തും സംസാരിക്കാമായിരുന്നു. സിനിമ മാത്രമല്ല ഞങ്ങള്‍ സംസാരിച്ചിരുന്നത്. പുസ്തകങ്ങളെക്കുറിച്ചൊക്കെ പറയുമായിരുന്നു. പത്മരാജന്‍ ഇവിടെ വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച ആളല്ലായിരുന്നു. എനിക്ക് അക്കാലത്ത് വലിയ തിരക്കുണ്ടായിരുന്നു. എന്നാലും ഞാന്‍ അദ്ദേഹത്തെ ഫ്‌ലാറ്റില്‍ പോയി കാണും. കഥകള്‍ പറയും. അങ്ങനെ വലിയ ബന്ധം രൂപപ്പെട്ടുവന്നിരുന്നു.
ഞങ്ങള്‍ രണ്ടുപേരും കൂടി ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. പലപ്പോഴും ലൊക്കേഷന്‍ തേടിയുള്ള യാത്രകളായിരുന്നു അധികം. ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ആത്മബന്ധം വളരും. 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളു'ടെ ലൊക്കേഷന്‍ തേടിയുള്ള യാത്രയൊക്കെ വലിയ അനുഭവമായിരുന്നു. ഞങ്ങള്‍ ജീപ്പിലൊക്കെയാണ് യാത്ര ചെയ്തത്. മംഗലാപുരം, മണിപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നീണ്ടയാത്ര. അതുപോലെ 'സീസണ്‍' എന്ന ചിത്രത്തിനുവേണ്ടിയും യാത്ര ചെയ്തു.
പിന്നീട് ഇത്തരം ലൊക്കേഷന്‍ തേടിയുള്ള യാത്രകള്‍ പത്മരാജന്റെ ഒരു സ്‌റ്റൈല്‍ ആക്കി മാറ്റി. സിനിമയ്ക്കുവേണ്ടി കഥയുണ്ടാക്കുക, പിന്നീട് ലൊക്കേഷന്‍ കാണുക, ഒടുവില്‍ സ്‌ക്രിപ്റ്റ് എഴുതുക അങ്ങനെയാക്കി മാറ്റി. ലൊക്കേഷന്‍ കണ്ടിട്ട് സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ സിനിമയ്ക്ക് ഒരുപാട് ഗുണം കിട്ടും. മുന്തിരിത്തോപ്പുകള്‍ക്ക് കിട്ടിയ മെച്ചം അതായിരുന്നു. ക്യാമറ വര്‍ക്ക് ചെയ്യുമ്പോഴും അത് വലിയ സഹായമായിരുന്നു.

അക്കാലത്തെ പ്രസിദ്ധരായ നിരവധി സംവിധായകരോടൊപ്പം, കെ.ജി. ജോര്‍ജ് ഉള്‍പ്പെടെ ക്യാമറ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്നും പത്മരാജനെ വ്യത്യസ്തനാക്കുന്നത് എന്താണ്?

പത്മരാജന്റെ പല ആശയങ്ങളും വ്യത്യസ്തവും വിഭിന്നവും വിചിത്രവുമാണ്. കെ.ജി. ജോര്‍ജ്ജിനെപ്പോലെ പരിശീലനം നേടിയ ഒരു സംവിധായകന്‍ അല്ലാത്തതുകൊണ്ട് പത്മരാജന് ചില പരിമിതികള്‍ ഉണ്ടായിരുന്നു. പക്ഷേ, ആശയങ്ങളിലെ പുതുമകൊണ്ടും പുതിയ സമീപനങ്ങള്‍കൊണ്ടും അതെല്ലാം മറികടന്നു. ധാരാളം നാട്ടറിവുകള്‍, നാട്ടുഭാഷ ഒക്കെ കൈ മുതലായി പത്മരാജനുണ്ടായിരുന്നു. പത്മരാജന്‍ യഥാര്‍ത്ഥത്തില്‍ ഒരു ജീനിയസ്സായിരുന്നു. ഓരോ സിനിമയും വ്യത്യസ്തമായിരുന്നു. ഒന്നും ഒന്നിനേയും അനുകരിച്ചില്ല.

കെ.ജി. ജോര്‍ജ്ജ് ട്രെയിനഡായിട്ടുള്ള സംവിധായകനാണെന്ന് പറഞ്ഞല്ലോ. പക്ഷേ, അദ്ദേഹത്തിന്റെ ചലച്ചിത്രത്തിന്റെ പരിമിതി എന്തായിരുന്നു?

സിനിമയുടെ ടെക്്യുനിക്കിലൊക്കെ കെ.ജി. ജോര്‍ജ്ജ് കൃത്യമാണ്. എന്തെങ്കിലും പരിമിതിയുണ്ടെങ്കില്‍ ആശയങ്ങളുടെ പുതുമയിലുള്ളത് മാത്രമാണ്. പത്മരാജന്റെ സിനിമകള്‍ കുറേക്കൂടി ഓര്‍ഗാനിക്കാണ്. ജോര്‍ജ്ജിന്റെ ചിത്രങ്ങളില്‍ ചിലപ്പോഴൊക്കെ യാന്ത്രികത അനുഭവപ്പെടും.

അരവിന്ദനും അക്കാദമിക് പരിശീലനമില്ലാത്ത സംവിധായകനാണല്ലോ. അദ്ദേഹത്തിന്റെ സിനിമകളെ എങ്ങനെ കാണുന്നു?

അരവിന്ദന്റെ സിനിമകളൊക്കെ എനിക്ക് ഇഷ്ടമാണ്. അരവിന്ദന്റെ ഏറ്റവും മികച്ച സിനിമ 'കാഞ്ചനസീത'യാണെന്ന് ഞാന്‍ കരുതുന്നു. ആ കാലത്ത് നമുക്കൊന്നും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സിനിമയാണ് അരവിന്ദന്‍ സൃഷ്ടിച്ചത്. കാഞ്ചനസീത സംവിധാനം ചെയ്യാനുള്ള  ധൈര്യത്തെ നാം വിലമതിക്കേണ്ടതാണ്. അരവിന്ദന്റേത് ഒരു ജീനിയസ്സിന്റെ സിനിമകളാണ്. സാങ്കേതിക ബോധം കുറേക്കൂടി ഉണ്ടായിരുന്നെങ്കില്‍ കുറേക്കൂടി മെച്ചപ്പെട്ട ചലച്ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.


താങ്കള്‍ ജോണ്‍ ഏബ്രഹാമിന്റെ 'അമ്മ അറിയാ'ന്റെ ക്യാമറമാനായിരുന്നു. അത് ചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് അത്തരം ചലച്ചിത്രങ്ങളുടെ പിന്നില്‍ താങ്കളെ കണ്ടിലല്ലോ. ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണോ അത്?


അമ്മ അറിയാന്‍ പോലെ മറ്റൊരു സിനിമ പിന്നീട് ഉണ്ടായോ? ക്യാമറ ചെയ്യുക എന്നത് എന്റെ പ്രൊഫഷനാണ്. എനിക്കത്  മുന്നോട്ട് കൊണ്ടുപോകണം. നല്ല സിനിമ ചെയ്ത സംവിധായകര്‍ക്കൊന്നും ബുദ്ധിമുട്ടുണ്ടായില്ല. പിന്നില്‍ നിന്നവര്‍ക്കേ പണം കിട്ടാതെ വരൂ. കലാമൂല്യമുള്ള സിനിമ മാത്രമേ ചെയ്യൂ എന്ന് വാശിപിടിക്കാനൊന്നും ആവില്ല. അമ്മ അറിയാന്‍ കഴിഞ്ഞ ശേഷം എത്രയോ പേര്‍ അത്തരം സിനിമകള്‍  നിര്‍മ്മിക്കാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ, എന്നെക്കൊണ്ട് കഴിയില്ലെന്ന് പറഞ്ഞുതന്നെ ഞാന്‍ ഒഴിഞ്ഞിട്ടുണ്ട്. ജോണ്‍ എബ്രഹാമിന് പഠിക്കുന്ന ഒരുപാടു പേര്‍ എന്നെ തേടി വന്നിട്ടുണ്ട്!

ജോണ്‍ ഏബ്രഹാം എന്ന സംവിധായകനെ നാം വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ കലാപ്രതിഭ വേണ്ട രീതിയില്‍ പുറത്തു വന്നിട്ടുണ്ടോ?

ശരിയാണ്, ഒരു പേര്‍സണാലിറ്റി പ്രശ്‌നം ഉണ്ട്. ജോണിനെ ഒരു പെര്‍ഫക്റ്റ് ഫിലിംമേക്കറായൊന്നും കാണാന്‍ പറ്റിയിട്ടില്ല. പണവും ആളുകളുടെ അദ്ധ്വാനവുമൊക്കെ ആവശ്യമായ ഒന്നാണ് സിനിമ. അത്തരമൊരു ഗൗരവം ചലച്ചിത്ര നിര്‍മ്മിതിയില്‍ ഉണ്ടാവണം. ജോണ്‍ പ്രധാന കാര്യങ്ങള്‍ അപ്രധാനമാണെന്ന് കരുതും. അപ്രധാന കാര്യങ്ങള്‍ പ്രധാനമെന്നും കരുതും. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ജോണിന്റെ ചിത്രങ്ങളുടെ  മൂല്യം കുറയുന്നില്ല.

ജോണിനെ ഒരു വിഗ്രഹമാക്കി മാറ്റുകയാണല്ലോ മലയാളികള്‍ ചെയ്തത്?

ജോണ്‍ ഏബ്രഹാം എന്ന പ്രതിഭയെ അല്ല മലയാളികള്‍ അനുകരിച്ചത്. ജോണിന്റെ വേഷത്തേയും താടിയേയും വര്‍ത്തമാനങ്ങളേയും അനുകരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. ജോണ്‍ വര്‍ത്തമാനം പറഞ്ഞുതുടങ്ങിയാല്‍ അന്തംവിട്ടുപോകും. അത്തരത്തില്‍ വലിയ പ്രതിഭയായിരുന്നു ജോണ്‍. അതൊന്നും ആര്‍ക്കും അനുകരിക്കാനാവില്ല. ജോണിനെ വിഗ്രഹമാക്കുക എന്നതിലുപരി ജോണിന്റെ ഛായയില്‍ വിഗ്രഹമാകാനാണ് പലരും ശ്രമിച്ചത്. പത്മരാജനെ അനുകരിച്ചവരുമുണ്ട്. എപ്പോഴും ബാഹ്യജീവിതത്തെ അനുകരിക്കാനാണ് ശ്രമിക്കുന്നത്.

താങ്കള്‍ 1982-ല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് പഠിച്ചിറങ്ങുമ്പോള്‍, മലയാള സിനിമയുടെ ഒരു വസന്തകാലമായിരുന്നു. മുഖ്യധാര സിനിമകള്‍, മിഡില്‍ സിനിമകള്‍, സമാന്തര സിനിമകള്‍ എല്ലാം സജീവമായിരുന്നു. ക്യാമറമാന്‍ എന്ന നിലയിലുള്ള ഒരു തെരഞ്ഞെടുപ്പ് ഇവിടെ ആവശ്യമായിരുന്നോ?

ഒരു സിനിമ വര്‍ക്ക് ചെയ്യാന്‍ കിട്ടുക എന്നതായിരുന്നു അപ്പോഴത്തെ പ്രധാന കാര്യം. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും ആലോചിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. ഒരു പടം ചെയ്യുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. കെ.പി. കുമാരന്റെ 'കാട്ടിലെ പാട്ടി'ന്റെ ചില ഭാഗങ്ങള്‍, പത്മരാജന്റെ 'അരപ്പട്ട കെട്ടിയ ഗ്രാമ'ത്തിന്റെ കുറച്ചു ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്തു. ഭാഗികമായ ചില വര്‍ക്കുകള്‍ മാത്രമാണ് കിട്ടിയത്. അതു കഴിഞ്ഞപ്പോഴാണ് ലെനിന്‍ രാജേന്ദ്രന്‍ വിളിക്കുന്നത്. ഷാജി സാര്‍ പറഞ്ഞിട്ടാണ്  സമീപിക്കുന്നത്. അപ്പോള്‍ അവിടെ ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്‌നമില്ല. രണ്ടാമത് ചെയ്ത പടം വിജയന്‍ കരോട്ടിലെ 'ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണാണ്'. അതു പുറത്തിറങ്ങിപോലുമില്ല. മൂന്നാമത് മണികൗളിന്റെ സിനിമയാണ് കിട്ടിയത്. ഇതൊന്നും തമ്മില്‍ യാതൊരു ബന്ധവും ഇല്ലാത്ത പടങ്ങളാണ്. പിന്നീട് കെ.ജി. ജോര്‍ജ്ജിന്റെ 'ഇരകള്‍' ഷൂട്ട് ചെയ്തു. ഇവിടെയൊന്നും ഒരു തെരഞ്ഞെടുപ്പിന് സാധ്യത ഇല്ലായിരുന്നു.

സംവിധായകനും ക്യാമറാമാനും തമ്മില്‍ വലിയൊരു രസതന്ത്രം വേണമല്ലോ. അത്തരം ബന്ധങ്ങള്‍ ഇല്ലാതെ പോയ സന്ദര്‍ഭങ്ങള്‍ ഉണ്ടോ?

ഞാന്‍ വര്‍ക്ക് ചെയ്ത മിക്ക സംവിധായകരോടും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അപൂര്‍വ്വം  അനുഭവങ്ങളെ മറിച്ചുള്ളൂ. വ്യക്തമായും രണ്ട് ഭാഷകള്‍ സംസാരിക്കുന്നവര്‍ തമ്മില്‍ അത്ര വലിയ ബന്ധം ഉണ്ടാക്കാന്‍ പറ്റില്ലല്ലോ? ചില ആളുകള്‍ ഷൂട്ടിനു മുന്‍പ് വലിയ ആശയങ്ങളും സമീപനങ്ങളുമൊക്കെ പറയും. പക്ഷേ, ഷൂട്ട് തുടങ്ങുമ്പോള്‍ അത് മാറും. വ്യക്തിപരമായി ആരുടേയും പേരൊന്നും ഞാന്‍ എടുത്തു പറയുന്നില്ല.

ഇപ്പോള്‍ ക്യാമറയിലും ടെക്നോളജിയിലുമൊക്കെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇത് സിനിമയെ എങ്ങനെ ബാധിക്കുന്നു?

ഇന്ന് ഡിജിറ്റല്‍ കാലത്തിലേക്ക് കടന്നു കഴിഞ്ഞപ്പോള്‍ ഷൂട്ട് ചെയ്യുന്ന ഇമേജുകള്‍ അപ്പോള്‍ത്തന്നെ കാണാന്‍ കഴിയുന്നു എന്ന  സൗകര്യമുണ്ട്. പണ്ട് അങ്ങനെയായിരുന്നില്ല. ഒരു നീണ്ടകാലം കഴിഞ്ഞേ അതു കാണാന്‍ കഴിയൂ. പണ്ട് ക്യാമറാമാന്‍ മാത്രമേ ദൃശ്യങ്ങള്‍ കാണുന്നുള്ളൂ. ക്യാമറാമാന് മാത്രമായിരുന്നു പ്രധാന ഉത്തരവാദിത്വം. ഇന്നതു മാറി. ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ആര്‍ക്കും കാണാം. അഭിപ്രായം പറയാം. ക്യാമറാമാന്റെ അപ്രമാദിത്തം ഇവിടെ തകര്‍ന്നു എന്നതാണ് ശ്രദ്ധേയം. അത് നന്നായി എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ ജോലി ചെയ്യാനുള്ള എളുപ്പം കൂടി. പക്ഷേ, ചിന്തിക്കാനുള്ള സമയമൊന്നും കൂടിയിട്ടില്ല.

ഡിജിറ്റല്‍ ടെക്നോളജിയുടെ വരവ് ചലച്ചിത്ര നിര്‍മ്മിതിയില്‍ ജനാധിപത്യവല്‍ക്കരണം സൃഷ്ടിച്ചു എന്നു പറയാമോ?

നേരത്തേയും അങ്ങനെയൊക്കെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, പലര്‍ക്കും ക്യാമറ ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. റിസള്‍ട്ട് എന്താകുമെന്ന് അന്ന് അറിയില്ലായിരുന്നു. ഇന്ന അപ്പോള്‍ത്തന്നെ അറിയാം. മോണിട്ടര്‍ നോക്കി ഓരോ കാര്യങ്ങളും ശരിയാക്കാന്‍ ഇപ്പോള്‍ പറ്റും.

രണ്ടു പതിറ്റാണ്ടോളം ക്യാമറാമാനായി വര്‍ക്ക് ചെയ്തു. പെട്ടെന്ന് സംവിധായകനാകാന്‍ തീരുമാനിക്കുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചത്?

സംവിധായകനാകുക എന്നത് വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്. ഒരു ദിവസം എം.ടി. സാര്‍ എന്നെ വിളിച്ചു ഒരു പടം സംവിധാനം ചെയ്യാമോ എന്ന് ചോദിച്ചു. ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അതിനു മുന്‍പ് ഞാന്‍ ഒരു സ്‌ക്രിപ്റ്റ് എന്‍.എഫ്.ഡി.സിക്ക് കൊടുത്തിരുന്നു. അത് എം.ടി. മനസ്സിലാക്കിയിരുന്നു. ഞാന്‍ എന്റെ ജോലികളിലേക്ക്  മടങ്ങി. പിന്നീട് ഞാന്‍ ഒറ്റപ്പാലത്തുള്ളപ്പോള്‍ പോയി കണ്ടു. സ്‌ക്രിപ്റ്റ് തന്നു, വായിച്ചു.
സത്യത്തില്‍ എനിക്ക് ആകാംക്ഷയും പേടിയുമുണ്ടായിരുന്നു. പക്ഷേ, എം.ടി കൂടെ നില്‍ക്കുന്നതുകൊണ്ട്  കൂടുതല്‍ ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ലായിരുന്നു. മഞ്ഞിന്റെ കാലം മുതല്‍ എം.ടിയെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം എഴുതിയ പടങ്ങള്‍ ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. എം.ടി. കാര്യങ്ങളൊക്കെ പറഞ്ഞുതന്നിരുന്നു. അങ്ങനെയാണ് 'ദയ' ഉണ്ടാവുന്നത്.

പക്ഷേ, 'ദയ'യ്ക്ക് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ആ ചിത്രത്തിന്റെ പരിമിതി എന്തായിരുന്നു?

സംവിധായകന്‍ എന്ന നിലക്കുള്ള എന്റെ പരിചയക്കുറവ് ചിത്രത്തിന്റെ വിജയത്തെ ബാധിച്ചിട്ടുണ്ടാവാം. പിന്നീട് എം.ടി  ആരോടോ പറഞ്ഞത്, കുട്ടികളുടെ സിനിമയായാണ് അത് വിഭാവനം ചെയ്തത് എന്നാണ്. കുറേക്കൂടി നാടകീയമാക്കാനുള്ള സന്ദര്‍ഭങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. അങ്ങനെ അത് രൂപപ്പെട്ടുവന്നില്ല. അത്തരം നിരവധി കാരണങ്ങള്‍ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയും.

ആ ചിത്രത്തിന്റെ പരാജയം വലിയ വിഷമമുണ്ടാക്കി അല്ലേ?

വിഷമമുണ്ടാക്കി. ഒരുപാട് പണം ചെലവഴിച്ച് ചെയ്ത ചിത്രമല്ലേ! സ്വാഭാവികമായും വിഷമം ഉണ്ടാവും.

ദയയില്‍നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞോ?

എല്ലാ കാര്യങ്ങളില്‍നിന്നും പാഠം പഠിക്കാന്‍ കഴിയുമല്ലോ. വലിയ തത്ത്വശാസ്ത്രങ്ങള്‍ പഠിക്കുന്നതോടൊപ്പം ചെറിയ ചെറിയ കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. ഞാന്‍ ഒറ്റയ്ക്കാണ് ദയയുടെ ലൊക്കേഷന്‍ നോക്കാന്‍ പോയത്. അവിടം മുതല്‍ നിരവധി അനുഭവങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയത്.

സംവിധായകനാകാനുള്ള തെരഞ്ഞെടുപ്പില്‍ തെറ്റുപറ്റി എന്നി തോന്നിയോ?

അങ്ങനെയൊന്നും തോന്നിയില്ല. പക്ഷേ, വേണ്ട വിധത്തില്‍ ചിത്രം ശരിയായില്ല എന്ന ബോധം ഉണ്ടായി.

പിന്നീട്ട നീണ്ട വര്‍ഷങ്ങള്‍ക്കുശേഷമാണ്, 'മുന്നറിയിപ്പി'ലൂടെ സംവിധായകനാവുന്നത്. ഒരു തിരിച്ചുവരവ് സാധ്യമാക്കിയത് എങ്ങനെയാണ്?

ഞാന്‍ ക്യാമറ വര്‍ക്ക് ചെയ്തു മടുത്തു. കേരളത്തിനകത്തും പുറത്തുമായി നിരവധി പടങ്ങള്‍ ചെയ്തു. നമുക്ക് യാതൊരു ബഹുമാനവും തോന്നാത്ത ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ തരുന്നു. നമ്മളെ നിയന്ത്രിക്കുന്നു. സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരോടൊപ്പം ജോലി ചെയ്യുന്നു. നമുക്ക് നമ്മോടുതന്നെ ഒരുതരം വെറുപ്പ് തോന്നിത്തുടങ്ങി. അങ്ങനെയാണ് വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നത്.

സംവിധായകനായശേഷം വീണ്ടും ക്യാമറമാന്‍ ആവുന്നു. ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഉള്ളിലുള്ള സംവിധായകന്‍ പുറത്തു വരാറുണ്ടോ?

അങ്ങനെയൊന്നുമില്ല. നമ്മുടെ ആ സംവിധായകനെ ചില കാര്യങ്ങളില്‍ സഹായിക്കാനാവും. ചില പരിധികള്‍ക്കുള്ളില്‍നിന്നുകൊണ്ട് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. ആവശ്യമില്ലാതെ ഇടപെടുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ പാടില്ല.

സംവിധായകനായി മാറിയപ്പോള്‍ പത്മരാജനെപ്പോലുള്ള സംവിധായകരുടെ സമീപനങ്ങളും രീതികളും സ്വാധീനിച്ചിരുന്നോ?

കൂടെ ജോലിചെയ്ത എല്ലാ സംവിധായകരുടേയും സ്വാധീനം സ്വാഭാവികമായും ഉണ്ടാവും. നമുക്ക് ബഹുമാനമുള്ളവര്‍ നമ്മളെ സ്വാധീനിക്കും. അത് എന്റെ ചിത്രങ്ങളിലും ഉണ്ടായിട്ടുണ്ട്. പക്ഷേ, അതെല്ലാം എത്രമാത്രം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നത് ആലോചിക്കേണ്ടതാണ്.

ഒരു ചലച്ചിത്രം ഉണ്ടാവുന്നത് പ്രമേയത്തില്‍നിന്നാണോ അനുഭവത്തില്‍നിന്നാണോ  ആശയത്തില്‍നിന്നാണോ കഥയില്‍നിന്നാണോ?

ആശയത്തില്‍നിന്നാണ്  'മുന്നറിയിപ്പ്' ഉണ്ടാവുന്നത്. ഒരാള്‍ ചെയ്ത കാര്യം നിരന്തരം ചെയ്തില്ല എന്ന് പറയുന്നു. അതില്‍നിന്നാണ് ആ ചിത്രത്തിലേക്ക് എത്തുന്നത്. അതുപോലെ കാര്‍ബണും ചില ആശയങ്ങളില്‍നിന്ന് തുടങ്ങിയതാണ്. കാട് എനിക്ക് വലിയ പരിചയമുള്ള ഒരു ഏരിയ ആണ്. കാടിനെക്കുറിച്ച് ഒരുപാട് കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. കാട്ടില്‍ പോകുമ്പോള്‍ ഞാന്‍ സാധാരണക്കാരുമായി സംസാരിക്കാറുണ്ട്. എല്ലാവര്‍ക്കും പറയാന്‍ ഒരു കഥയുണ്ടാവും. ഒന്നുകില്‍ ഒരു ആനക്കൊമ്പ് അല്ലെങ്കില്‍ സ്വര്‍ണ്ണം, നാഗമാണിക്യം എന്നിങ്ങനെ എന്തെങ്കിലും. ഇതൊക്കെ തേടി പോകുന്നവരേയും കണ്ടിട്ടുണ്ട്. ഞാനും ഒരു പ്രത്യേക പൂവ് നോക്കി പോയിട്ടുണ്ട്.

ഞാന്‍ കാര്‍ബണിനെ കാണുന്നത് ഒരു യാത്രികന്റെ സിനിമയായാണ്. കഥാപാത്രങ്ങളും കഥയുമെല്ലാം യാത്രയുടെ ഭാഗമാണ്. വേണുവിലെ ഒരു യാത്രികനാണോ ഈ ചലച്ചിത്രത്തെ നിയന്ത്രിക്കുന്നത്?

അശാന്തനും  ആര്‍ത്തിക്കാരനുമാണ് നായകന്‍. പക്ഷേ, ഞാന്‍ അങ്ങനെയൊരു ആര്‍ത്തിക്കാരനേയല്ല. കഠിനപ്രയത്‌നിയുമല്ല. എന്നോട് താരതമ്യം ചെയ്യാന്‍ കഴിയില്ല. പക്ഷേ, മറ്റ് ചില കഥാപാത്രങ്ങളില്‍ എന്റെ സ്വഭാവങ്ങള്‍ വന്നിട്ടുണ്ടെന്നു തോന്നുന്നു. മംമ്ത മോഹന്‍ദാസിന്റെ കഥാപാത്രത്തില്‍ എന്റെ ചില അംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പിന്നെ ഞാന്‍ അങ്ങനെ വലിയൊരു യാത്രികനൊന്നുമല്ല. ഇടയ്‌ക്കൊക്കെ പോകും അത്രമാത്രം.

കാര്‍ബണിലെ പ്രധാന പ്രമേയം ആസക്തിയാണല്ലോ? അമൂര്‍ത്തമായ ഈ മനോഭാവം ഒരു കഥയാക്കി രൂപാന്തരപ്പെടുത്തുമ്പോള്‍ നേരിട്ട വെല്ലുവിളി എന്താണ്?

വലിയ എഴുത്തുകാര്‍ക്ക്  മാത്രമേ ഇത്തരം കാര്യങ്ങളെ ശുദ്ധതയോടെ ചെയ്യാനാവൂ. എനിക്ക് അതിനുള്ള കഴിവൊന്നുമില്ല. അതുകൊണ്ട് ചില പിഴവുകളൊക്കെ സംഭവിച്ചേക്കാം. ആ ആശയം എത്രമാത്രം ഫലപ്രദമായി വരുന്നു എന്ന് പറയാനാവില്ല.

ഇത്തരം ഒരു ആശയം സാക്ഷാത്ക്കരിക്കുമ്പോള്‍  ഉണ്ടാവുന്ന പരിമിതികളെക്കുറിച്ച്, ദൗര്‍ബ്ബല്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

നിരവധി ദൗര്‍ബ്ബല്യങ്ങളുണ്ട്. എന്റെ ഓരോ സിനിമയും ഞാന്‍ മാറിനിന്ന് വിലയിരുത്താറുണ്ട്. ഈ സിനിമയെക്കുറിച്ച് അത്തരമൊരു  ആലോചനയ്ക്കു സമയമായിട്ടില്ല. എന്റെ ക്യാമറ വര്‍ക്കുകളില്‍പ്പോലും നിരവധി അബദ്ധങ്ങള്‍ കാണാനാവും.

ഇത്തരമൊരു ആശയം ചലച്ചിത്രമാവുമ്പോള്‍ അതില്‍ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നോ?

പലതരത്തില്‍ പാളിപ്പോകാന്‍ സാധ്യതകളുണ്ട്. ആശയമെന്ന തരത്തില്‍ പാളിപ്പോകാം. ഒരു പ്രോഡക്ട് എന്ന നിലയില്‍ തകരാം. ഒരു എന്റര്‍ടെയിനര്‍ എന്ന നിലയില്‍ പാളാം. ഇങ്ങനെ ഒരുപാട് സാധ്യതകള്‍ മുന്‍പിലുണ്ട്. അതൊന്നും ആലോചിച്ചാല്‍ മുന്നോട്ട് പോകാനാവില്ല. ഞാനൊരു വലിയ ജീനിയസ്സ് അല്ലാത്തതുകൊണ്ട് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കാര്‍ബണില്‍ ഫോട്ടോഗ്രാഫി ചെയ്തത് മറ്റാരെല്ലാമാണ്. താങ്കളുടെ സങ്കല്‍പ്പങ്ങളില്‍നിന്നും ദൃശ്യങ്ങള്‍ അകന്നുപോയിട്ടുണ്ടോ?

മോഹനന്‍ എനിക്ക് വലിയ അടുപ്പമുള്ള ആളാണ്. ഞാന്‍ ചെയ്യുന്നതുപോലെയാണ് മോഹന്‍ ചെയ്തിരിക്കുന്നത്. എനിക്ക് അടുപ്പമുള്ളതും ബന്ധമുള്ളതും എന്നോടൊപ്പം ജോലിചെയ്തതുമായ നിരവധി ക്യാമറാമാന്‍മാര്‍ കേരളത്തിലുണ്ട്. പക്ഷേ, മോഹനന് ഞാനുമായി നിരവധി തലങ്ങളില്‍ ഒത്തുപോകാന്‍ കഴിയുമെന്ന് കരുതിയതുകൊണ്ടാണ് ആ തെരഞ്ഞെടുപ്പ് നടത്തിയത്. ഞാന്‍ മണികൗളിന്റെ ചിത്രം ഷൂട്ട് ചെയ്തതുപോലെ മോഹനനും ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത് മണികൗളില്‍നിന്നാണ്. അതുപോലെ മോഹനനും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ വലിയ ചര്‍ച്ചകള്‍ ഒന്നും നടത്തിയില്ല. എനിക്കു വേണ്ടത് എന്താണെന്ന് മോഹനന് അറിയാമായിരുന്നു.

കാടിന്റെ സൗന്ദര്യം ഈ ചിത്രത്തില്‍ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. താങ്കളുടെ വനയാത്രകള്‍ അതിനെ സഹായിച്ചിട്ടുണ്ടോ?

അത്തരം യാത്രകള്‍ വലിയ രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പലര്‍ക്കും കാടിനെക്കുറിച്ച് വേണ്ടത്ര അറിവില്ല. പലതരത്തിലാണ് കാടിനെ കാണുന്നത്. എനിക്ക് കാടിന്റെ സാധ്യതകളെക്കുറിച്ച് അറിയാമായിരുന്നു. അത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

കാര്‍ബണ്‍ എന്ന പേര് കണ്ടെത്തുന്നത് എങ്ങനെയാണ്?

കാര്‍ബണിനെ കരിക്കട്ടയായും വജ്രമായും കാണാം. നായകന്റെ സ്വഭാവവുമായി അതിനെ ബന്ധിപ്പിക്കുന്ന ജീവന്റെ അടിസ്ഥാനവും കാര്‍ബണ്‍ ആണല്ലോ. കാര്‍ബണ്‍ ഇല്ലാതെ ജീവിക്കാനാവില്ലല്ലോ.

കഥയും തിരക്കഥയും വേണു തന്നെയാണല്ലോ എഴുതിയിരിക്കുന്നത്. എഴുത്തിന്റെ പാരമ്പര്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണോ അത്?

കഥയൊക്കെ മനസ്സില്‍ വന്നശേഷം മറ്റൊരാളുടെ സഹായത്തോടെ എഴുതാന്‍ തീരുമാനിച്ചിരുന്നു. ചില കാരണങ്ങള്‍കൊണ്ട് നടന്നില്ല. എന്റെ നാട്ടിലൊക്കെയാണല്ലോ കഥ നടക്കുന്നത്. അതുകൊണ്ട്, അവിടുത്തെ ഭാഷയില്‍ ഞാന്‍  എഴുതി. ദൃശ്യങ്ങളൊക്കെ എന്റെ മനസ്സില്‍ ഉണ്ടല്ലോ. സംഭവങ്ങള്‍ എഴുതിയാല്‍ മാത്രം മതിയായിരുന്നു. അതങ്ങ് എഴുതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com