അനുമതി നല്‍കരുതെന്ന് പാക് ചാരസംഘടന ; ബോളിവുഡ് സിനിമ 'അയ്യാരി'ക്കും പാകിസ്ഥാനില്‍ നിരോധനം

പാകിസ്ഥാനില്‍ പ്രദര്‍ശന നിരോധനം നേരിടുന്ന നീരജ് പാണ്ഡെയുടെ മൂന്നാമത്തെ സിനിമയാണ് അയ്യാരി
അനുമതി നല്‍കരുതെന്ന് പാക് ചാരസംഘടന ; ബോളിവുഡ് സിനിമ 'അയ്യാരി'ക്കും പാകിസ്ഥാനില്‍ നിരോധനം

ന്യൂഡല്‍ഹി : അക്ഷയ് കുമാറിന്റെ പാഡ്മാന് പിന്നാലെ, നീരജ്പാണ്ഡെയുടെ പുതിയ ചിത്രം 'അയ്യാരി'ക്കും പാകിസ്ഥാനില്‍ പ്രദര്‍ശന നിരോധനം. ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍, പാകിസ്ഥാനെ മോശമായാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന് പാകിസ്ഥാനില്‍ പ്രദര്‍ശന അനുമതി നല്‍കരുതെന്ന് പാക് ചാരസംഘടനയായ ഐഎസ്‌ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐഎസ്‌ഐയുടെ ആവശ്യം അംഗീകരിച്ച് അയ്യാരിക്ക് പാക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നു. 

പാകിസ്ഥാനില്‍ പ്രദര്‍ശന നിരോധനം നേരിടുന്ന നീരജ് പാണ്ഡെയുടെ മൂന്നാമത്തെ സിനിമയാണ് അയ്യാരി. എ വെനസ്‌ഡേ, ബേബി ആന്റ് നാം ഷബാന എന്നീ ചിത്രങ്ങളാണ് നേരത്തെ പാകിസ്ഥാന്‍ നിരോധിച്ച നീരജ് ചിത്രങ്ങള്‍. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന് ശേഷം നീരജ് പാണ്ഡെ സംവിധാനം ചെയ്ത സിനിമയാണ് അയ്യാരി. 

ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന, രാജ്യസ്‌നേഹം പ്രമേയമാക്കുന്ന അയ്യാരിയില്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, മനോജ് ബാജ്‌പേയി, അനുപം ഖേര്‍, നസറുദ്ദീന്‍ഷാ, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. 
ജനുവരി 25 ന് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് ജനുവരി 25 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ, അയ്യാരിയുടെ റിലീസ് ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റുകയായിരുന്നു. 

ഇതിനിടെ ചാരവൃത്തിയും വിഷയമാകുന്ന ചിത്രം സൈന്യത്തിനെതിരാണെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രത്തിന് അനുമതി നല്‍കുന്നതിനെതിരെ പ്രതിരോധമന്ത്രാലയവും രംഗത്തെത്തി. തുടര്‍ന്ന് പ്രതിരോധമന്ത്രാലയവും ചിത്രം വിലയിരുത്തിയ ശേഷമാണ് കേന്ദ്ര ഫിലിം സെന്‍സര്‍ബോര്‍ഡ് അയ്യാരിക്ക് അനുമതി നല്‍കിയത്. ഇതേതുടര്‍ന്നാണ് ഫെബ്രുവരി 16 ന് ചിത്രം രാജ്യത്തെ തിയേറ്ററുകളിലെത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com