ഇതെന്റെ ജീവിതം തന്നെ: ക്യാപ്റ്റന്‍ കണ്ടിറങ്ങിയ ശേഷം കണ്ണീരോടെ അനിത സത്യന്‍

വിപി സത്യന്റെ ഭാര്യ അനിത സത്യനായിരുന്നു അഭ്രപാളികളില്‍ തന്റെ ഭര്‍ത്താവ് പുനരവതരിക്കുന്നത് കണ്ട് വികാരാധീനയായത്.
ഇതെന്റെ ജീവിതം തന്നെ: ക്യാപ്റ്റന്‍ കണ്ടിറങ്ങിയ ശേഷം കണ്ണീരോടെ അനിത സത്യന്‍

ന്ത്യന്‍ ഫുട്‌ബോളിന്റെ കരുത്തുറ്റ നായകന്‍ വിപി സത്യന്റെ ജീവിതം സിനിമയായി ക്യാപ്റ്റന്‍ എന്ന പേരില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വിപി സത്യനെന്ന ഫുട്‌ബോള്‍ ഇതിഹാസത്തെ ആരാധകര്‍ ആരാധനയോടെയും ആവേശത്തോടെയും നോക്കിക്കാണുമ്പോള്‍ ഒരാള്‍ മാത്രം വിതുമ്പലടക്കാനാകാതെ തേങ്ങി.. വിപി സത്യന്റെ ഭാര്യ അനിത സത്യനായിരുന്നു അഭ്രപാളികളില്‍ തന്റെ ഭര്‍ത്താവ് പുനരവതരിക്കുന്നത് കണ്ട് വികാരാധീനയായത്.

മരണശേഷം നാട്ടിലെത്തിച്ച് സത്യന്റെ ചേതനയറ്റ ശരീരം കണ്ട് 'തോല്‍പ്പിച്ചു കളഞ്ഞല്ലോ' എന്നു പരിശീലകന്‍ പരിതപിക്കുമ്പോള്‍, 'ഓന്‍ തോല്‍ക്കുകയല്ല, ജയിക്കുകയാണ് ചെയ്തത്' എന്ന് സിദ്ദീഖിന്റെ മൈതാനം എന്ന കഥാപാത്രം പറയുന്നുണ്ട്. മരിച്ചു കിടക്കുമ്പോളും സത്യന്റെ മുഖത്ത് ആ വിജയച്ചിരി ഉണ്ടായിരുന്നു. ആ ജീവിതം പരാജയമല്ലെന്ന് കാണികളെ ബോധ്യപ്പെടുത്തി, സമ്പന്നമായ വിജയനിമിഷം അവതരിപ്പിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. 

ക്യാപ്റ്റന്‍ കണ്ട് കയ്യടിയോടെ കാണികളെല്ലാം പുറത്തിറങ്ങുമ്പോള്‍, അനിത മാത്രം അനിയന്ത്രിതമായി പൊട്ടിക്കരഞ്ഞു. 'ഇത് എന്റെ ജീവിതം തന്നെ'- ഏങ്ങലടിയോടെ അവര്‍ പറഞ്ഞു. 

വിപി സത്യനെന്ന കരുത്തുറ്റ കളിക്കാരന്റെ ജീവിതാവസാനകാലത്തെ ആകുലതകള്‍ കാണികള്‍ കൊതുകത്തോടെയും അമ്പരപ്പോടെയും നോക്കിക്കാണുകയായിരുന്നു. എന്നാല്‍ ആ സമയത്ത് താനും സത്യേട്ടനും അനുഭവിച്ച വേദനയുടെ നാളുകള്‍ ചികഞ്ഞെടുക്കുകയായിരുന്നു അനിത. ആ വേര്‍പിരിയലിന്റെ നടുക്കവും നിരാശയും അവരെ നന്നായി അലട്ടുന്നുണ്ടായിരുന്നു.

കടുത്ത വിഷാദരോഗത്തിനടിമയായ സത്യന്‍ 2006ലെ ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ആത്മഹത്യ ചെയ്യുന്നത്. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com