കളിജയിച്ചവന്റെ ചിരി

ക്യാപ്റ്റന്‍ ഒരു പാഠമാണ്. കൃത്യമായ അന്വേഷണവും ആത്മസമര്‍പ്പണവുമുണ്ടങ്കില്‍ നവാഗത സംവിധായകര്‍ക്കും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന പാഠം
കളിജയിച്ചവന്റെ ചിരി

ദ്യ ഷോട്ടല്ലെ, നായകന് പിഴക്കില്ലന്നാണ് തിയ്യറ്ററിലെ പ്രേക്ഷകന്റെ വിശ്വാസം, എന്നാല്‍ കളിക്കളത്തിലെ ഗ്യാലറിയില്‍ കാണികള്‍ക്ക് മുന്‍വിധിയില്ല, അടുത്ത നിമിഷത്തേക്കുള്ള ആംകാക്ഷയും പിരിമുറുക്കവും മാത്രം. ഫുട്‌ബോള്‍ മൈതാനിയില്‍ നിന്നുയരുന്ന ആരവങ്ങളുടെ നേരിയ ശബ്ദ പശ്ചാത്തലത്തിലാണ് ഓപ്പണിങ്ങ് ക്രെഡിറ്റ് തെളിഞ്ഞ് വരുന്നത്. ലോകകപ്പ് മത്സരങ്ങളുടെ ദൃശ്യങ്ങളിലൂടെ വിവിധ സ്‌റ്റേഡിയങ്ങളില്‍ ആരോഹണവരോഹണ ക്രമത്തില്‍, ഉയര്‍ന്നു പൊന്തിയ നെഞ്ചിടിപ്പിന്റെ ആരവങ്ങളിലൂടെ.. പ്രേക്ഷകനെ വളരെ പെട്ടന്ന് ഓര്‍മ്മകളുടെ കളിക്കളങ്ങളിലേക്ക് പിടിച്ചുയര്‍ത്തും. തിയ്യറ്റര്‍ വിട്ട് ഗ്യാലറിയിലെ കാണിയായി ആര്‍പ്പുവിളികളില്‍ പങ്ക് ചേരുമ്പോഴാണ് ക്യാപ്റ്റന്‍ പ്രത്യക്ഷപ്പെടുന്നത്. സാഫ് ഗെയിംസില്‍ ഇന്ത്യയുടെ 6ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ ക്യാപ്റ്റന്‍ സത്യന്‍ ഷൂട്ടൗട്ടിന് ഒരുങ്ങുകയാണ്..മുന്‍ നിശ്ചയങ്ങളുള്ള തിയ്യറ്ററിലെ പ്രേക്ഷകന്‍ അയ്യാളടിക്കുന്ന ഗോളിന് ആര്‍പ്പുവിളിക്കാന്‍ തയ്യാറായി നില്‍ക്കും. പക്ഷെ ഗ്യാലറിയിലെ പ്രേക്ഷകന്‍ അനുഭവിക്കുന്ന അനശ്ചിതത്വം അത് ഗോളടിക്കുന്നവനെയും ഗോളിയേയും പോലെ തീവ്രമാണ്. ലക്ഷ്യം പിഴക്കില്ലന്നുറപ്പുള്ള ക്യാപ്റ്റന്റെ കാലില്‍ നിന്നും പന്ത് ഉയര്‍ന്നുപൊങ്ങുന്നു..ശ്വാസമടക്കി നിന്ന നിമിഷത്തിനൊടുവില്‍ പന്ത് ബാറില്‍ തട്ടി പുറത്തേക്ക് പോകുന്നു. ചെറു നിശബ്ദതക്ക് ശേഷം എതിര്‍ടീമിന്റെ ആരവമുയരുന്നു..തിയ്യറ്ററിലെ പ്രേക്ഷകന്‍ തങ്ങളുടെ നായകന് തുടക്കത്തിലെ ഇതെന്തുപറ്റി എന്ന് നെടുവീര്‍പ്പിടുന്നു. ഗ്യാലറിയിലെ കാണിക്കാകട്ടെ നിസംഗതയോടെ മുഖം കുനിക്കുന്നു... ലക്ഷ്യം തെറ്റിയ പന്തിന് വീണ്ടുമൊന്ന് നോക്കാനാകാതെ അയ്യാള്‍ തളര്‍ന്നിരിക്കുന്നു... ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ വിപി സത്യന്റെ ജീവിതം പറഞ്ഞ് തുടങ്ങുന്നത് നഷ്ടപ്പെട്ട ഒരു പെനാല്‍റ്റി ക്വിക്കില്‍ നിന്നാണ്. വിജയ കിരീടത്തില്‍ മുത്തമിട്ട ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സത്യന്റെ ജീവിതത്തില്‍ ഇല്ലാഞ്ഞിട്ടല്ല ഇങ്ങനെയൊരു തുടക്കം. മറിച്ച് കളിക്കളത്തില്‍ പ്രതിരോധ നിരയെ കാത്ത കളിക്കാരന്‍ ജീവിതത്തില്‍ പ്രതിരോധങ്ങളില്ലാതെ നിസഹായനായി പോയതിന്റെ കഥയിലേക്കാണ് ക്യാമറ കണ്ണ് തുറക്കുന്നത്. അവിടെ പ്രതിപ്പട്ടികയില്‍ നമ്മളുമുണ്ട്.. അതുകൊണ്ടാണ് അനിതാസത്യന്‍ ''എന്റെ സ്‌ത്യേട്ടന്‍ ആത്മഹത്യ ചെയ്യില്ല കൊന്നതാണ''് എന്ന് ആവര്‍ത്തിക്കുന്നത്. 

പ്രജേഷ് സെന്നിന്റെ 'ക്യാപറ്റന്‍' വിപി സത്യന്റെ ജീവിതമാണ്, അതുകൊണ്ട് തന്നെ അത് ഭാര്യ അനിതയുടെയും കൂടിയാണ്. അതിനേക്കാള്‍ ഒരു കാലഘട്ടത്തിലെ ഫുട്‌ബോളിന്റെ കഥയാണ്. കാരണം വിപി സത്യന് ഫുട്‌ബോള്‍ മാറ്റി നിര്‍ത്തിയുള്ള ഒരു ജീവിതമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഫുട്‌ബോളിന്റെ സാന്നിദ്ധ്യമില്ലാത്ത, വിരലിലെണ്ണാവുന്ന സീനുകള്‍ മാത്രമെ ക്യാപ്റ്റനിലുള്ളു. അത്രമാത്രം സൂക്ഷ്മതയോടെയാണ് പ്രജേഷ് സെന്‍ ഈ ബയോപിക്ക് ഒരുക്കിയിരിക്കുന്നത്.

നഷ്ടപ്പെടുത്തിയ പെനാല്‍റ്റി ക്വിക്കില്‍ പതറിപ്പോയ ക്യാപ്റ്റനെ ചിത്രത്തില്‍ പിന്നീട് കാണുന്നത് 2006 ജൂലൈ 18 ലെ പല്ലാവരം റെയില്‍വെ സ്‌റ്റേഷനിലാണ്. അയാളറിയാതെ അയാള്‍ക്ക് ചുറ്റും അവസാനകളിയുടെ കളിക്കളമൊരുങ്ങുന്നത് പ്രേക്ഷകനറിയുന്നു. പാഞ്ഞടുക്കുന്ന തീവണ്ടി ഒച്ച വാര്‍ത്തയിലേക്കുള്ള അതിവേഗ അസ്വസ്ഥതയാകുന്നു. മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിപി സത്യന്‍ ട്രെയിന്‍ തട്ടി മരിച്ചു എന്ന നടുക്കത്തിലേക്കും പിന്നീട് അനിതാസത്യന്റെ പ്രതികരണത്തിലേക്കുമാണ് പ്രേക്ഷകനെത്തുന്നത്. അപ്പോഴും ഗ്യാലറിയില്‍ ആ കാണിയുണ്ട്. സത്യന്റെ കാല്‍വേഗവും പ്രതിരോധവും ആവേശത്തോടെ കണ്‍ചിമ്മാതെ നോക്കിയിരിക്കുന്ന കാണി. പ്രേക്ഷകന് കളിക്കളം കൊണ്ട് മാത്രം തൃപ്തിയാകില്ല അവന് ആ ജീവിതമറിയണം. മരണത്തിന്റെ ക്ലൈമാക്‌സ് ഒളിപ്പിച്ച് വെച്ച, കൃത്യമായ ഒരു നേര്‍ രേഖാ ചിത്രമല്ല പ്രജേഷ് സെന്നിന്റെത്. അതുകൊണ്ട് തന്നെ അതിലെ റിസ്‌ക്കും കൂടുതലാണ്. നായകന്റെ മരണം തുടക്കത്തിലെ നിര്‍വ്വചിച്ച 
ഒരു ചിത്രത്തിലേക്കെങ്ങനെ പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്തും. അതുകൊണ്ട് ക്യാപ്റ്റന്‍ ഒരു പാഠമാണ്. കൃത്യമായ അന്വേഷണവും ആത്മസമര്‍പ്പണവുമുണ്ടങ്കില്‍ നവാഗത സംവിധായകര്‍ക്കും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന പാഠം
   
പന്തുരുളുന്ന വഴികള്‍

കളിക്കളത്തിലെ സത്യനെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നന്നായറിയാം. 19 വര്‍ഷത്തിന് ശേഷം ഗോവയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സന്തോഷ് ട്രോഫി കേരളത്തിലേക്കെത്തിച്ച കേരള പൊലീസിന്റ ക്യാപറ്റന്‍. എന്നാല്‍ ആത്മസംഘര്‍ഷങ്ങളില്‍ നിന്ന് വിഷാദത്തിലേ്ക്ക് വഴുതി വീണ ആ മനുഷ്യനെ അത്രയൊന്നുന്നും നമുക്കറിയില്ല. കാരണം ഗ്യാലറിയിലെ കാണികള്‍ക്ക് 90 മിനിറ്റിന്റെ ആവേശം മതി.അവസരങ്ങള്‍ മുതലാക്കി ഗോള്‍ വല നിറച്ചവനാണ് അവന്റെ ഹീറോ. ഗോള്‍ വല കാത്ത ഗോളിയാണ് താരം. ഗോളിക്കും മുന്‍പെ പാഞ്ഞടുക്കുന്ന പന്തിനെ പ്രതിരോധിച്ച ഡിഫന്റര്‍ അവനെ അത്രയൊന്നും ആവേശം കൊള്ളിക്കാറില്ല. എന്നാല്‍ അവന്റെ ഒറ്റപിഴവ് മതി അക്കാലമത്രയും അവന്‍ തടുത്ത പന്തുകളെല്ലാം കൂട്ടത്തോടെ ഉരുണ്ട് നെഞ്ചില്‍ പതിക്കാന്‍. ഒരു മൈനസ് പാസ് മതി ഭ്രാന്തെടുത്ത ഒരു കാണിക്ക് തോക്ക് ചുണ്ടി അവന്റെ ജീവനെടുക്കാന്‍ (1994ലെ ലോകകപ്പ് മത്സരത്തില്‍  സെല്‍ഫ് ഗോളടിച്ചതിന്റെ പേരില്‍ വെടിയേറ്റ് മരിച്ച ആേ്രന്ദ എസ്‌കോബാര്‍ എന്ന കൊളൊംബിയന്‍ ഡിഫന്റര്‍,.ദി ടു എസ്‌കോബാര്‍സ് എന്ന കൊളംബിയന്‍ ഡോക്യുമെന്ററിയുടെ പ്രധാന പ്രമേയം എസ്‌കോബാറിന്റെ ജീവിതവും ചൂതാട്ടലഹരിമാഫിയയുടെ പിടിയിലമരുന്ന ഫുട്‌ബോളുമാണ്.) ഡിഫന്റെറുടെ കണ്ണീരും ചോരയും വെറുതെയായ വിയര്‍പ്പും  പുരണ്ട പന്ത് അതുകൊണ്ട് തന്നെ ജീവിതത്തിന്റെ പ്രതീകമാണ്. ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ട വിപി സത്യന്റെ പ്രതിരോധങ്ങളിലേക്ക് വിഷാദത്തിന്റെ പന്ത് ഉരുണ്ടുകയറുന്നത് അങ്ങിനെയാണ്. ക്യാപ്റ്റനില്‍ ഏറെ വൈകാരികമായി തന്നെ സത്യന്‍ ഡിഫന്ററുടെ ജീവിതം പറയുന്നുണ്ട്.
കുട്ടിക്കാലത്ത് കൂട്ടുകാര്‍ അടിച്ച് വീഴ്ത്തി കാല് തല്ലിയൊടിച്ചത് മുതല്‍ സ്റ്റീലിട്ട കാലുമായാണ് സത്യന്‍ കളികളത്തിലിറങ്ങിയത്. കഠിന വേദനയിലും കളിക്കളം ഉപേക്ഷിക്കാന്‍ അയാള്‍ തയ്യാറല്ല. സന്തോഷ് ട്രോഫിയുടെ ഫൈനല്‍ മത്സരത്തിലെ ഇടവേളയില്‍ വേദന കടിച്ചമര്‍ത്തി കാലില്‍ ഐസ് ക്യൂബുകള്‍ കെട്ടിവെച്ച് കളിക്കാനൊരുങ്ങുന്ന സത്യനുണ്ട്, ആ ഒരറ്റ ഷോട്ടുമതി ആ കളിക്കാരന്റെ കരുത്ത് അടയാളപെടുത്താന്‍. ഒടുവില്‍ ഫിസിക്കലി ഫിറ്റല്ല എന്ന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തോട് എന്റെ ആത്മവിശ്വാസമാണ് തന്റെ ധൈര്യമെന്ന് സത്യന്‍ ആവര്‍ത്തിക്കുന്നതും ഹൃദയസ്പര്‍ശിയാണ്.
   
അനിതയുടെ സത്യന്‍

കാര്‍ഷിക എഞ്ചിനിയറിങ്ങില്‍ തനിക്ക് കിട്ടാനിരിക്കുന്ന ബിരുദം പോലും വേണ്ടന്ന് വെച്ച് അനിത സത്യനിലേക്ക് എത്തുന്നത് ഇന്ത്യന്‍ ടീമിന് ക്യാപറ്റനെ നഷ്ടപെടാതിരിക്കാനാണ് എന്ന സ്‌നേഹത്തോടെയാണ്. പൊലീസിനെയും ഫുട്‌ബോള്‍ കളിക്കാരനെയും ഇഷ്ടമില്ലാത്ത അനിത, സത്യനിലേക്ക് അടുക്കുന്നത് തന്‍മയത്തോടെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്നുണ്ട് പ്രജേഷ് സെന്‍.
ബിവറേജ് ഷോപ്പില്‍ ക്യു നിന്ന് മദ്യം വാങ്ങി വീട്ടിലേക്കുള്ള നടത്തവും,'ഇത് കുടിച്ചെങ്കിലും ഒന്നുറങ്ങു' എന്ന സത്യനോടുള്ള അഭ്യര്‍ത്ഥനയും പഴയ ക്വാര്‍ട്ടേഴ്‌സിന്റെ പശ്ചാത്തലവും അനിത എത്തിപ്പെട്ട സംഘര്‍ഷങ്ങളെ വ്യക്തമാക്കുന്നുണ്ട്. ഫ്രാന്‍സിന്റെ കളികാണാന്‍(2006 ലെ ലോകകപ്പ്) തന്നെ വിളിച്ചുണര്‍ത്തണമെന്ന നിബന്ധനയിലാണ് അയാള്‍ ഉറങ്ങി പോകുന്നത്. കഠിനമായ പനിയും മാനസിക സംഘര്‍ഷങ്ങളും അയാളെ അത്രമേല്‍ ക്ഷീണിപ്പിച്ചിരിക്കുന്നു, ഉറക്കത്തില്‍ നിന്ന് കളികാണാന്‍ വിളിക്കാതിരിക്കാന്‍ ആ കരുതലും വാത്സല്യവും മതിയായ കാരണമാണ്. പക്ഷെ സത്യന് അങ്ങനെയല്ല കളിയാണ് ജീവിതം. കളി കഴിഞ്ഞുപോയതറിഞ്ഞ് അയാള്‍ പൊട്ടിത്തെറിക്കുകയും ടിവി  നിലത്തിട്ട് പൊട്ടിക്കുകയും ചെയ്യുന്നു. റിപ്പീറ്റുണ്ട് എന്ന് ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ച അനിതയോട് നിനക്കോ എനിക്കോ റിപ്പീറ്റുണ്ടോ എന്ന് സത്യന്‍ ചോദിക്കുന്നത് ആവര്‍ത്തിക്കപ്പെടാന്‍ കഴിയാത്ത എത്ര എത്ര സന്ദര്‍ഭങ്ങളിലേക്കാണ് കളിയെ മുന്‍ നിര്‍ത്തി വിരല്‍ ചൂണ്ടുന്നത്. പ്രതിഷേധിച്ച് വീട് വിട്ടിറങ്ങി പോകുന്ന സത്യനെ അത്രമേല്‍ നിസഹായതയോടെ നോക്കി നില്‍ക്കുവാനെ അനിതക്കാകുന്നുള്ളു. ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് ഇടക്കെല്ലാം അപ്രത്യക്ഷമാകുന്ന ഭര്‍ത്താവിനെ കാത്തുള്ള അവരുടെ ഇരുപ്പും എത്ര ശ്രമിച്ചിട്ടും ശമിപ്പിക്കാനാകാത്ത് അസ്വസ്ഥകളും അവളെ അത്രമേല്‍ ബാധിക്കുന്നുണ്ട്.  അനിത പിടിച്ചുനില്‍ക്കുന്നത് സത്യന് വേണ്ടി മാത്രമാണ്. അയാള്‍ കളിക്കളത്തില്‍ പതറാതിരിക്കാനാണ്. അയാളുടെ വിജയങ്ങളില്‍ തുള്ളിച്ചാടാനാണ്. ്അയാളോടൊപ്പം വേദനിക്കുവാനാണ്, ചിലപ്പോള്‍ ഭര്‍ത്താവിനായി സ്വയം മാറ്റിവെക്കുന്ന സ്ത്രീ ജീവിതങ്ങളുടെ പ്രതീകമാണ് അനിത. പ്രത്യേകിച്ച് സെലിബ്രേറ്റ് ചെയ്യപ്പെടുന്ന പുരുഷന്റെ പുറകില്‍ ,നിഴലായി പുറം ലോകമറിയാത്ത എല്ലാ അസ്വസ്ഥതകളും ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുന്ന ഭാര്യമാരുടെ പ്രതീകം പരിക്ക് പറ്റിയ കാല്‍ മണലില്‍ പൊതിഞ്ഞ് നിര്‍വികാരനായി ഇരിക്കുന്ന സത്യന്റെ അടുത്തേക്ക് തന്റെ കാല്‍ നീട്ടി വെക്കുന്ന അനിത ഞാനുണ്ട് കൂടെ എന്ന് ആവര്‍ത്തിക്കുന്നുണ്ട്. ആത്മഹത്യാ കുറിപ്പ് എഴുതും മുന്‍പ് തന്നെയും മകളെയും ഓര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. തെല്ലാം അവഗണിക്കുവാന്‍ മാത്രം അയാള്‍ കലങ്ങി മറിഞ്ഞിരുന്നു. മാറി നില്‍ക്കുന്നവരെ മറന്ന് പോകുന്ന ലോകത്ത് തന്നെ ഓര്‍ത്തതില്‍ സന്തോഷമുണ്ട് എന്ന സത്യന്റെ പ്രസംഗം ഫോണിലൂടെ കേള്‍ക്കുന്ന അനിതയുടെ മുഖത്തെ ആശ്വാസവും പ്രതീക്ഷയും അത്ര തന്നെ വേഗത്തില്‍ ഇല്ലാതാകുന്നു. സത്യന്റെ ആത്മഹത്യാകുറിപ്പും മരണവും വിശ്വസിക്കാന്‍ അനിതക്കാകുന്നില്ല. ('ഈ കടുംകൈ ചെയ്യുന്നതില്‍ ദുഃഖമുണ്ട്. നിങ്ങളെ അവസാനമായി കാണണമെന്നുണ്ടായിരുന്നു പക്ഷെ,അപ്പോള്‍ ഈ തീരുമാനം മാറ്റേണ്ടി വന്നേക്കാം അതുകൊണ്ട് എന്നോട് ക്ഷമിക്കുക.'' എന്നായിരുന്നു സത്യന്റെ ആത്മഹത്യാകുറിപ്പ്) അല്‍പം അശ്രദ്ധമായാല്‍ കൈവിട്ട് പോകാവുന്ന ഈ വൈകാരിക മുഹൂര്‍ത്തങ്ങളെ അത്രമേല്‍ തീവ്രതയോടെ അവതരിപ്പിച്ചു എന്നത് തന്നെയാണ് ക്യാപ്റ്റന്റെ സവിശേഷത. അനുസിത്താര അനിതയായി ജീവിച്ചു.


ജീവ വായു നിറച്ച പന്ത്

''അവന്റെ ഉള്ളില്‍ തീയുണ്ട്, അത് ഊതിക്കത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തത''്. സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് തൊട്ട് മുന്‍പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ (ജനാര്‍ദനന്‍) സത്യനെ ഫോണ്‍ ചെയ്ത് ആശംസകളറിയിക്കുന്നു. ഇത് ക്യാപറ്റനെ സമ്മര്‍ദത്തിലാക്കില്ലെ എന്ന സഹപ്രവര്‍ത്തകന്റെ ചോദ്യത്തിന് ''അവന്റെ ഉള്ളില്‍ തീയുണ്ട് അത് ഊതി ക്കത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്'' എന്നായിരുന്നു   ലീഡറുടെ മറുപടി. ഉള്ളില്‍ തീയുള്ള ആ കളിക്കാരന്‍ കളിക്കളത്തില്‍ താന്‍ ബഹിഷ്‌കൃതനാകുന്നത് അത്രമേല്‍ വേദനയോടെയാണ് സ്വയം അറിയുന്നത്. നിസഹായനും നിരാശനുമായി കാലിന്റെ വേദന കടിച്ചമര്‍ത്തി കിടക്കുന്ന സത്യന്‍ മകളെ ചേര്‍ത്ത് നിര്‍ത്തി പന്ത് ഊതിവീര്‍പ്പിക്കുന്ന സീനില്‍ സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മുഴുവന്‍ വേദനകളും അമര്‍ഷവും പ്രതിക്ഷയും ആ ജീവവായുവിലുണ്ട്. അതിശക്തിയായി പന്ത് ഊതി വീര്‍പ്പിക്കുന്ന വലിഞ്ഞ് മുറുകിയ ആ മുഖം എത്ര വാചാലമാണ്. അച്ഛന്റെ ജീവവായു നിറച്ച ആ പന്ത് വിലാപയാത്രയിലും മകള്‍ നെഞ്ചോട് ചേര്‍ക്കുന്നത് ഹൃദയ വേദനയോടെ മാത്രമേ കണ്ടിരിക്കാനാകൂ. സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ നിന്ന് പരിക്ക് മൂലം മാറി നില്‍ക്കേണ്ടി വരുമെന്ന ഘട്ടത്തില്‍ സത്യന്‍ അനിതയെ കളികാണാന്‍ ക്ഷണിക്കുന്ന സീന്‍ അത്യന്തം സംഘര്‍ഷാത്മകമാണ്. നീ വരണം ഗ്യാലറിയില്‍ ഞാനുണ്ടാകും,'എന്ന സത്യന്റെ വാക്കുകളോട് 'കളിക്കളത്തിലെ സത്യനെ കാണാനാണിഷ്ടം' എന്ന അനിതയുടെ മറുപടിയും സത്യന്റെ വാചാലമായ നിശബ്ദതയ്ക്കുമൊടുവില്‍ കാല്‍ ചുവട്ടിലെ പന്ത് സ്വിച്ച് ബോര്‍ഡിലേക്ക് തട്ടി ഫേന്‍ തിരിക്കുന്ന സീനും അസാധ്യ അനുഭവമാണ്. നിശ്ചലമായ ഫാനില്‍ നിന്ന് ഹൈ ആങ്കിളില്‍ സത്യനിലേക്കുള്ള ഷോട്ട്, കേവല നിശ്ചലത മാത്രമല്ല ഉരുണ്ടുകൂടുന്ന ആത്മഹത്യാ പ്രവണതയിലേക്കുള്ള ആദ്യ സൂചന കൂടിയാണ്. അയാളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് മുകളില്‍ ഫാന്‍ കറങ്ങുന്നതാകട്ടെ ഫുട്‌ബോളിലൂടെയും.
ക്രിക്കറ്റ് താരങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ആരും തിരിച്ചറിയാത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ എന്ന അപകര്‍ഷതയും ദുഃഖവും സത്യനും അനിതയ്ക്കുമുണ്ട്. നടന്‍ മമ്മുട്ടിയാണ് ഈ അപകര്‍ഷതയെ തിരുത്തുന്നത്.സത്യനെ തിരിച്ചറിഞ്ഞ മമ്മുട്ടി.

''തോറ്റവരാണ് ആണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറി നിന്നിട്ടേ ഉള്ളു, ഇന്ത്യന്‍ ഫുട്‌ബോളിനൊരു നല്ല കാലം വരും സത്യാ''എന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.നൂറ് കോടി ജനങ്ങളുടെ ജീവവായു നിറച്ച പന്ത് ഒരു ജനതയുടെ ആരവമാണ് ഈ പന്തിലൂടെ സാക്ഷ്ാത്കരിക്കേണ്ടത് എന്ന് സ്വന്തം ടീമിനെ അവസാന സീനിലും സത്യനിലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ക്യാപ്റ്റന്‍. എവിടെ നിന്നെങ്കിലും 11 പേരെ വിളിച്ചുകൊണ്ടുവന്നാല്‍ ടീമാകില്ല, നെഞ്ചില്‍ തീയുള്ളവരെ വേണം കളിക്ക് പരിശീലിപ്പിക്കാന്‍ എന്ന് ഒരു ഘട്ടത്തില്‍ സത്യന്‍ പൊട്ടിത്തെറിക്കുന്നു.

വിഷാദത്തിലേക്കുള്ള വഴികള്‍


നിങ്ങള്‍ ഇത്രയൊക്കെ നേടിയില്ലെ കാലിന് ഓപ്പറേഷനും കളിക്കളത്തില്‍ നിന്ന് അവധിയും വിധിക്കുന്ന ഡോക്ടറുടെ ഈ ചോദ്യത്തോട് കലഹിച്ച് പുറത്തിറങ്ങുന്നുണ്ട് സത്യന്‍. കളിക്കളത്തിലെ ആരവങ്ങളാണ് അയാളുടെ ജീവന്‍. അതില്ലാതാകുന്ന നിമിഷം ഒരു ഫുട്‌ബോളര്‍ക്ക് ആലോചിക്കാനെ വയ്യ. സന്തോഷ് ട്രോഫി കേരളത്തിലേക്ക് കൊണ്ടുവന്ന ക്യാപ്റ്റന് കേരള പൊലീസില്‍ പ്രമോഷന്‍ നിഷേധിക്കുന്നതും വിവിധ ക്ലബ്ബുകളിലേക്കും ഒടുവില്‍ ഇന്ത്യന്‍ ബാങ്കിലേക്കും തൊഴിലിടം ചുരുക്കിക്കൊണ്ടുവരുന്നതില്‍ അത്രമേല്‍ അസ്വസ്ഥനായിരുന്നു സത്യന്‍. ചിത്രത്തിലുടനീളം സത്യന്റെ മുഖത്ത് ഈ വിഷാദമുണ്ട്. പരിശീലകനായിരിക്കെ ഗോള്‍ പോസ്റ്റില്‍ ഘടിപ്പിച്ച വളയത്തിലൂടെ ലക്ഷ്യം തെറ്റാതെ പന്ത് തട്ടാന്‍ പരിശീലിപ്പിക്കുന്ന സത്യനെ കുട്ടികളിലൊരാള്‍ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി ഏറ്റെടുത്തങ്കിലും അങ്ങേയറ്റം ഏകാഗ്രത വേണ്ട ആപ്രകടനത്തില്‍ അയാള്‍ പരാജയപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയിലും അനുഭവിക്കേണ്ടി വരുന്ന കടുത്ത ഏകാന്തത. വിഷാദം ദയയില്ലാത്ത മാനസികാവസ്ഥയാണ്. അത് അടിച്ചേല്‍പ്പിക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് ചെറുതല്ല. അവസാന കളിയൊരുക്കത്തില്‍ സത്യന്റെ മനോവികാരങ്ങള്‍ പശ്ചാത്തലവുമായി താദാത്മ്യപ്പെടുന്നത് അത്രമാത്രം സൂക്ഷ്മതയോടെ പ്രജേഷ് സെന്‍ അവതരിപ്പിക്കുന്നുണ്ട്. ട്രെയിന്‍ സമയം ഉച്ചത്തിലാകുന്നത് കളിക്കളത്തിലെ അനൗണ്‍സ്‌മെന്റിലേക്കും ട്രാക്കില്‍ വിതറുന്ന ബ്ലീച്ചിങ്ങ് പൗഡര്‍ കളിക്കളത്തിലെ കുമ്മായമായും ട്രെയിനടുക്കുന്ന ശബ്ദം മൈതാനത്തെ ആരവമായും സത്യനെ മരണത്തിലേക്ക് ക്ഷണിക്കുന്നു. കാലില്ലാത്ത ഒരു സ്ത്രീ ഭിക്ഷ യാചിക്കുന്ന്ും അയാളുടെ അസ്വസ്ഥതകളുടെ മരണവേഗം കൂട്ടുന്നു.

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രതിരോധം

മലപ്പുറത്തിന്റെ ഫുട്‌ബോള്‍ കമ്പം പറയാതെ മലയാളത്തിലിറങ്ങുന്ന ഒരു ഫുട്‌ബോള്‍ ബയോപിക്ക് പൂര്‍ത്തിയാകുന്നതെങ്ങിനെ? സത്യനെ പിന്‍തുടരുന്ന പേരില്ലാത്ത മൈതാനം എന്ന് വിളിപ്പേരുള്ള മലപ്പുറത്തുകാരനിലൂടെയാണ് ക്യാപ്റ്റനില്‍ മലപ്പുറം പെരുമ ഇടം പിടിക്കുന്നത്. സിദ്ധിഖിന്റെ അത്യുഗ്രന്‍ കഥാപാത്രമാണ് മൈതാനം എന്ന് വിളിപ്പേരുള്ള ഈ കഥാപാത്രം. നിങ്ങളെന്തിനാണ് എന്റെ പുറകെ നടക്കുന്നത് എന്ന സത്യന്റെ ചോദ്യത്തിന് നിന്റെ പുറകെയല്ല ഈ പന്തിന്റെ പുറകെയാണ് എന്നാണ് മൈതാനത്തിന്റെ മറുപടി. സായിപ്പിനോട് ജയിക്കാന്‍ വേണ്ടി കളിപഠിച്ചവരാണ് മലപ്പുറത്തുകാര്‍, സായിപ്പിന് വിനോദവും മലപ്പുറത്തിന് പ്രതിരോധവും ജീവിതവുമായി ഫുട്‌ബോള്‍ മാറിയതിന്റെ രാഷ്ട്രീയവും അയാള്‍ സത്യനോട് പങ്ക് വെക്കുന്നുണ്ട്. ഈ മലപ്പുറം കഥയ്ക്ക് ഫുട്‌ബോള്‍ പ്രതിരോധമാക്കിയ നിരവധി രാജ്യങ്ങളുടെ  സാര്‍വ്വദേശീയ പ്രതിരോധവുമായി താതാത്മ്യമുണ്ട്.'ഇത് വെറുമൊരു പന്തല്ല ഭൂഗോളമാണ് ഇതിന്‍മേല്‍ ശരിയായി കളിച്ചാല്‍ ഇത് അന്നെ ലോകം മുഴുവന്‍ കാണിക്കും..'ഇതാണ് മൈതാനത്തിന്റെ ഉപദേശം

കളിജയിച്ചവന്റെ ചിരി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ മൃതദേഹവുമായുള്ള വിലാപയാത്രയില്‍ ദേശീയ പതാക മാറ്റി സത്യനെ കണ്ടിറങ്ങുന്ന മൈതാനത്തിന്റെ വാക്കുകള്‍ സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും നമ്മുടെ കാതില്‍ മുഴങ്ങും'' കളി ജയിച്ചവന്റെ ചിരിയുണ്ട് ആ മുഖത്ത്'' അതാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ്.

ശ്വാസമടക്കിപിടിച്ചിരുന്നു കാണേണ്ടിവരുന്ന ഒരു കളിയുടെ ആകാംക്ഷയും അനിശ്ചിതത്വവും ആഹ്ലാദവും നിരാശയും കണ്ണീരും പ്രതീക്ഷയുമുണ്ട് ഈ ചിത്രത്തിന്. സന്തോഷ് ട്രോഫി അടക്കമുള്ള മത്സരങ്ങളുടെ തത്സമയ വിശകലനം കേള്‍ക്കാന്‍ റേഡിയോക്ക് കാതോര്‍ത്തിരുന്നവര്‍ ആന്റിന തിരിച്ച് ടി.വിയിലേക്ക് കണ്ണു നട്ടിരുന്ന നാട്ടിന്‍പുറങ്ങള്‍, തെങ്ങിന്‍ തോപ്പും വയലും ഗോള്‍പോസ്റ്റുകള്‍ക്ക് വഴിമാറിയിരുന്ന ഗ്രാമങ്ങള്‍ അങ്ങനെയങ്ങനെ എത്ര എത്ര ഗൃഹാതുരത്വങ്ങളിലേക്കാണ് പ്രജേഷ് സെന്‍ പന്തുരുട്ടിയത്. ഇതിനിടയിലാണ് ഹൗസിങ്ങ് കോളനിയിലെ ചെറിയ മുറ്റം ക്രിക്കറ്റ് ബാറ്റുമായി കുട്ടികള്‍ കൈയ്യടക്കുന്നത്. ബാറ്റിങ്ങിനിടെ തെറിച്ചുപോയ പന്ത് സത്യന്റെ ചുമലില്‍ തട്ടുന്ന രംഗമുണ്ട് പേടിയോടെ നോക്കി നില്‍ക്കുന്ന കുട്ടികളോട് ചിരിച്ച് തിരിച്ചു നടക്കുന്ന രംഗം. ഒരു കാലഘട്ടത്തിന്റെ മാറ്റത്തെ വിദഗ്ധമായി അടയാളപ്പെടുത്തുന്നതായി.

ജയസൂര്യ നിങ്ങള്‍ അതിശയിപ്പിക്കുന്നു

ഇത്ര ചലഞ്ചിങ്ങായ കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറായ നടനാണ് ജയസൂര്യ എന്ന് പ്രജേഷ്‌സെന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വെറുതയല്ലന്ന് ക്യാപ്റ്റന്‍ സാക്ഷ്യപ്പെടുത്തുന്നു. സത്യനിലേക്കുള്ള പരകായ പ്രവേശം ജയസൂര്യ യുടെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായമാണ്. കോച്ച് ജാഫറായി രഞ്ജിപണിക്കരും ഷറഫലിയായി ദീപക്കും മികച്ചു നിന്നു.
ബോബി വര്‍ഗീസ് രാജിന്റെ ക്യാമറ കളിയെയും ജീവിതത്തെയും കൃത്യമായി അടയാളപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com