വിസ്മയിപ്പിച്ച ഇതിഹാസ താരം, എണ്‍പതുകളില്‍ കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പര്യായം

ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയില്‍ ഒരു ഉത്തരമേയുള്ളൂ. അത് ശ്രീദേവിയാണ്.
വിസ്മയിപ്പിച്ച ഇതിഹാസ താരം, എണ്‍പതുകളില്‍ കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പര്യായം

ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയില്‍ ഒരു ഉത്തരമേയുള്ളൂ. അത് ശ്രീദേവിയാണ്. 
സൗന്ദര്യം കൊണ്ടും അഭിനയമികവും കൊണ്ട് ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂര്‍വം നടിമാരില്‍ ഒന്നാമത്തെയാള്‍ ശ്രീദേവിയാണ്. 
അഭിനയമികവും മുഖശ്രീയും പരസ്പരം മത്സരിച്ച നിരവധി കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും ഇതര ഭാഷാ ചിത്രങ്ങളിലും ഒരു പോലെ നിറഞ്ഞു നിന്ന അഭിനേത്രിയായിരുന്നു ശ്രീദേവി. കഴിഞ്ഞ വര്‍ഷം 54ആം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ശ്രീദേവിയെ കാത്ത് സമീപകാലത്ത് ഇത്തരമൊരു ദുര്‍വിധി ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. ശ്രീദേവിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു യുഗത്തിന് തന്നെ അന്ത്യമാവുകയാണ്.

എണ്‍പതുകളില്‍ കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പര്യായമായിരുന്നു ശ്രീദേവി. പ്രായം അമ്പത് പിന്നിട്ടിട്ടും മുഖശ്രീയ്ക്ക് ഇന്നും മങ്ങലേറ്റിട്ടിട്ടില്ല. ഗൗരവമുള്ള വേഷങ്ങളും ഹാസ്യരസപ്രധാനമായ വേഷങ്ങളും ആക്ഷനും അനായാസം കൈകാര്യം ചെയ്ത ശ്രീദേവി ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ഇന്നും കാത്തുസൂക്ഷിക്കുന്നു. നാലാം വയസ്സില്‍ സിനിമാ ലോകത്തെത്തിയ ശ്രീദേവി വിവിധ ഭാഷകളില്‍ വിസ്മയം തീര്‍ത്തു. മകള്‍ ജാഹ്നവിയുടെ സിനിമാ അരങ്ങേറ്റത്തിന് കാത്ത് നില്‍ക്കാതെയാണ് അപ്രതീക്ഷിത വിടപറച്ചില്‍.

1976ല്‍ നായികയായി അരങ്ങേറിയ ശ്രീദേവി ഹിന്ദി, മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ആകെ ഇതുവരെ 200 മുതല്‍ 250 സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എന്ന സത്യം അംഗീകരിക്കുമ്പോഴാണ് ശ്രീദേവിയുടെ സ്ഥാനം എന്താണെന്ന് മനസിലാവുക.


1963 ആഗസ്റ്റ് 13ന് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ വക്കീലായ അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായാണ് ശ്രീ അമ്മയങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ജനിച്ചത്. 1967ല്‍ റിലീസ് ചെയ്ത കന്തന്‍ കരുണൈയില്‍ മുരുകന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ട് തുടക്കം. അന്ന് നാലു വയസുള്ള കുട്ടി ശ്രീദേവിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. എ.പി.നാഗരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, സാവിത്രി തുടങ്ങിയ വന്‍ താര നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. 1969ല്‍ പി. സുബ്രഹ്മണ്യത്തിന്റെ 'കുമാരസംഭവ'ത്തിലൂടെയാണ് ശ്രീദേവി മലയാള സിനിമയില്‍ ചുവടുവച്ചത്. 1970ല്‍ 'മാ നന്ന നിര്‍ദോഷി'യിലൂടെ തെലുങ്കിലും 1974ല്‍ 'ഭക്ത കുമ്പര'യിലൂടെ കന്നഡയിലും 1975ല്‍'ജൂലി' എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറി. 1976ല്‍ കെ. ബാലചന്ദറിന്റെ 'മൂണ്‍ട്രു മുടിച്ച്'എന്ന ചിത്രത്തിലൂടെ നായികയായി. കമലഹാസനും രജനീകാന്തുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. തുടര്‍ന്നു വന്ന പതിനാറു വയതിനിലെ 'മൂന്‍ട്രാം പിറൈ' തുടങ്ങിയവ ശ്രീദേവിയെ മുന്‍നിര നായികാ പദവിയിലേക്ക് ഉയര്‍ത്തി. കമലഹാസന്‍ ശ്രീദേവി ജോഡി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. സമാനമായി മലയാളത്തിലും തെലുങ്കിലും ശ്രീദേവി അഭിനയിച്ചിരുന്നു.

1980ല്‍  ജിതേന്ദ്രയുടെ നായികയായി പുറത്തിറങ്ങിയ 'ഹിമ്മത്‌വാല' സൂപ്പര്‍ ഹിറ്റായി. തുടര്‍ന്ന് മി. ഇന്ത്യ, ചാന്ദിനി തുടങ്ങിയ ചിത്രങ്ങളിലൂടെ താരറാണിയായി ഉയര്‍ന്നു. വിവാഹത്തെ തുടര്‍ന്ന് ഏഴു വര്‍ഷത്തെ ഇടവേളയെടുത്ത ശ്രീദേവി ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയത് 2012ല്‍ ഇംഗ്ലിഷ് വിംഗ്ലിഷിലൂടെയാണ്. രണ്ട് പെണ്‍മക്കളുടെ അമ്മയായ തനിക്ക് ഈ കഥാപാത്രം വളരെ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നാണ് താരം പറഞ്ഞത്. 2015ല്‍ വിജയ് നായകനായ 'പുലി' എന്ന സിനിമയിലൂടെ ശ്രീദേവി തമിഴകത്ത് മടങ്ങിയെത്തി. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടെങ്കിലും ശ്രീദേവിയുടെ യവനറാണി എന്ന രാജ്ഞിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ 'മോം' എന്ന സിനിമയിലാണ് ശ്രീദേവി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ഇതിനിടെ ബാഹുബലി 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വേഷത്തെ ചൊല്ലി സംവിധായകന്‍ രാജമൗലിയും ശ്രീദേവിയും തമ്മില്‍ കൊമ്പുകോര്‍ക്കുകയും ചെയ്തത് നടിയെ വീണ്ടും ചര്‍ച്ചാ കേന്ദ്രമാക്കി. ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ ചെയ്ത ശിവകാമി എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. ശ്രീദേവി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതിനാലാണ് താരത്തെ ഒഴിവാക്കിയതെന്ന് രാജമൗലി പരസ്യമായി പറഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്. ആദ്യം മൗനം പാലിച്ച ശ്രീദേവി പിന്നീട് മറുപടിയുമായി എത്തി. രാജമൗലിയെ പോലൊരു സംവിധായകന്‍ ഇങ്ങനെ പറയരുതായിരുന്നു.രാജമൗലി അന്തസുള്ള വ്യക്തിയാണെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും ശ്രീദേവി പറഞ്ഞിരുന്നു. പിന്നാലെ രാജമൗലി ഖേദം പ്രകടിപ്പിച്ച് വിവാദങ്ങള്‍ക്ക് അന്ത്യം കുറിക്കുകയായിരുന്നു.

1996ല്‍ ബോളിവുഡ് നിര്‍മ്മാതാവും നടന്‍ അനില്‍ കപൂറിന്റെ സഹോദരനുമായ ബോണി കപൂറിനെ വിവാഹം കഴിച്ചു. ജാന്‍വി, ഖുഷി എന്നിവരാണ് മക്കള്‍. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ശ്രീദേവിയെ 2013ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com