'ഒരാളെ ഇഷ്ടമല്ലെന്ന് കരുതി സിനിമയെ ആക്രമിക്കുന്നത് കാടത്തം';' മൈ സ്‌റ്റോറി'യിലെ പാട്ടിന് ഡിസ് ലൈക്ക് അടിക്കുന്നതിനെതിരേ ജൂഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2018 04:36 PM |
Last Updated: 01st January 2018 04:37 PM | A+A A- |
കസബ പരാമര്‍ശത്തോടെ പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ അക്രമമാണ് നടക്കുന്നത്. നടി അഭിനയിക്കുന്ന ചിത്രത്തിലെ പാട്ടുപോലും ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. ഒരാളെ ഇഷ്ടമല്ലെന്ന് കരുതി ആ വ്യക്തി അഭിനയിക്കുന്ന സിനിമയെ ആക്രമിക്കുന്നത് കാടത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'മൈ സ്‌റ്റോറി'യിലെ പാട്ടിന് ഡിസ് ലൈക്ക് അടിച്ച് പ്രതിഷേധിക്കുകയാണ് ഒരു വിഭാഗം. സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ എടുത്തു പറയാതെയാണ് ജൂഡിന്റെ പ്രതികരണം. 'ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ് ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണ്, സപ്പോര്‍ട്ട് സിനിമ' - അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി യൂട്യൂബില്‍ അപ് ലോഡ് ചെയ്ത പാട്ടിനും ടീസറിനുമാണ് ആക്രമണം നേരിടേണ്ടിവരുന്നത്. പാര്‍വതിയെ ചീത്ത വിളിച്ചുകൊണ്ടുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാര്‍വതി അഭിനയിക്കുന്നതിനാല്‍ സിനിമ കാണില്ലെന്നും അതിനാല്‍ പൃഥ്വിരാജിനോട് ക്ഷമ ചോദിക്കുന്നവരുമുണ്ട്. മമ്മൂട്ടിയുടെ കസബ സിനിമ സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞതിന്റെ പേരിലാണ് പാര്‍വതിക്ക് നേരെ ആക്രമണം നടക്കുന്നത്.