ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല; പേജ് റേറ്റിങ്ങല്ല സംഘടനയുടെ വിശ്വാസ്യത നിര്‍ണയിക്കുന്നതെന്ന് ഡബ്യുസിസി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 04th January 2018 07:40 AM |
Last Updated: 04th January 2018 07:40 AM | A+A A- |

കൊച്ചി: റേറ്റിങ് കുറച്ചുകൊണ്ടുള്ള ഫാന്‍സിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വിമന്‍ ഇന്‍ സിനിമ കളക്ടിവ്. മലയാള സിനിമാലോകത്ത് സൗഹാര്‍ദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍കൂടി നന്ദിയെന്ന് ഡബ്യുസിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിക്കെതിരെ ആക്ഷേപവുമായി ഡബ്ല്യുസിസി എന്ന തരത്തില്‍ ഈ ലേഖനം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റേറ്റിങ് ആക്രമണം തുടങ്ങിയത്. ഡബ്യുസിസി ലേഖനം പിന്‍വലിച്ചെങ്കിലും ആക്രമണത്തിന് കുറവുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്.
ഞങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തുക്കള്‍ അറിയുവാന്‍' എന്ന മുഖവുരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണ്ണയിക്കുന്നത് എന്ന് തങ്ങള്‍ക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബര്‍ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് തങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവര്‍ക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നതായി വുമണ്‍ കളക്ടീവ് പറയുന്നു.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റ്, (ഡെയ്‌ലി ഒ യില്‍ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമര്‍ശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടന്‍മാരുടെ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടര്‍ന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതില്‍ എഴുതിയിരുന്ന അഭിപ്രായങ്ങള്‍ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ.
മലയാള സിനിമാലോകത്ത് സൗഹാര്‍ദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍കൂടി നന്ദി. ഡബ്യുസിസി പോസ്റ്റില്‍ പറയുന്നു.