'സ്ത്രീകളെ വിശ്വസിക്കാതിരുന്ന ലോകത്തില്‍ വര്‍ഷങ്ങളോളം അവള്‍ ജീവിച്ചു'; ഹൃദയം കീഴടക്കി ഗോള്‍ഡന്‍ ഗ്ലോബിലെ ഒപ്ര വിന്‍ഫ്രിയുടെ പ്രസംഗം 

ഹോളിവുഡിലെ ലൈംഗീക അതിക്രമണങ്ങള്‍ക്കെതിരേ ഉയരുന്ന മീ റ്റൂ, ടൈംസ് അപ്പ് എന്നീ വാക്കുകളുടെ പ്രധാന്യം തന്റെ ജീവിതവുമായി ചേര്‍ത്ത് പറഞ്ഞുവെക്കുകയാണ് ഒപ്ര
'സ്ത്രീകളെ വിശ്വസിക്കാതിരുന്ന ലോകത്തില്‍ വര്‍ഷങ്ങളോളം അവള്‍ ജീവിച്ചു'; ഹൃദയം കീഴടക്കി ഗോള്‍ഡന്‍ ഗ്ലോബിലെ ഒപ്ര വിന്‍ഫ്രിയുടെ പ്രസംഗം 

സെസില്‍ ബി ഡെമില്ലെ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ഒപ്ര വിന്‍ഫ്രി നടത്തിയ പ്രസംഗം ലോകത്തിന്റെ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. പലകാരണങ്ങള്‍കൊണ്ട് ലോകത്തു നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നവരുടെ ചിത്രം വളരെ മനോഹരമായാണ് അവര്‍ തന്റെ പ്രസംഗത്തിലൂടെ പറഞ്ഞുവെച്ചത്. ഹോളിവുഡിലെ ലൈംഗീക അതിക്രമണങ്ങള്‍ക്കെതിരേ ഉയരുന്ന മീ റ്റൂ, ടൈംസ് അപ്പ് എന്നീ വാക്കുകളുടെ പ്രധാന്യം തന്റെ ജീവിതവുമായി ചേര്‍ത്ത് പറഞ്ഞുവെക്കുകയാണ് ഒപ്ര. 

ചെറിയ പെണ്‍കുട്ടിയായിരിക്കുന്ന സമയത്ത് കറുത്ത വര്‍ഗ്ഗക്കാരനായ സിഡ്‌നെ പൊയ്ടിയര്‍ ഗോള്‍ഡന്‍ ഗ്ലോബല്‍ പുരസ്‌കാരം നേടുന്നത് കണ്ടതിന്റെ സന്തോഷം പങ്കുവെച്ചാണ് ഒപ്ര തന്റെ പ്രസംഗം ആരംഭിച്ചത്. കറുത്തവര്‍ഗക്കാരന്‍ ആഘോഷിക്കപ്പെടുന്നത് ആദ്യമായി കണ്ടതിന്റെ എല്ലാ സന്തോഷങ്ങളും അവരുടെ വാക്കുകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇത്തരത്തില്‍ താന്‍ ആദരിക്കപ്പെടുന്നത് കാണുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം വരച്ചിടാനും അവര്‍ മറന്നില്ല. സെസില്‍ ബി ഡെമില്ലെ പുരസ്‌കാരം നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയാണ് ഒപ്ര. 

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തുറന്നു കാട്ടാന്‍ പോന്ന ഒരു കഥയും അവര്‍ കൈയില്‍ കരുതിയിരുന്നു. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട റെസി ടെയ്‌ലര്‍ എന്ന സ്ത്രീയുടെ കഥ. 10 ദിവസം മുന്‍പ് മരിച്ചുപോയ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഒപ്ര പറഞ്ഞു- 'ക്രൂരമായ ആണധികാരത്തിലൂടെ തകര്‍ന്നുപോയ സംസ്‌കാരത്തില്‍ അവള്‍ വര്‍ഷങ്ങള്‍ ജീവിച്ചു. സ്ത്രീകളെ വിശ്വസിക്കരുതെന്ന ചിന്ത നിലനിന്നിരുന്ന സംസ്‌കാരത്തില്‍.'

അത്തരത്തിലുള്ള സമയം കഴിഞ്ഞുപോയി. ഇത് മാറ്റത്തിന്റെ പാതയാണ്. എല്ലാ മേഖലകളിലും വളരെ ദൂരെ മുന്നോട്ടുപോകാനുണ്ട്. ഇത് അവസാനമാണെന്ന് ചിന്തിക്കരുത്. മുന്നേറ്റം ആദ്യ ഘട്ടത്തിലാണ്. സ്ത്രീകള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന ചിന്ത ഇവിടെ നിലനിന്നിരുന്നെന്നും എന്നാല്‍ ഇന്ന് അത്തരം ചിന്തകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ഇനി ഒരു വ്യക്തിയും 'മീ റ്റൂ' എന്ന് പറയാന്‍ ഇടവരുത്താതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൂട്ടം തുടക്കമിട്ടിരിക്കുകയാണ്. മുന്നേറാനുള്ള സമയം എത്തിയിരിക്കുന്നുവെന്ന് ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അവര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 

എന്തായാലും ഒപ്രയുടെ പ്രസംഗത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അവരെ പ്രശംസിച്ചുകൊണ്ട് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒപ്ര യുഎസ് പ്രസിഡന്റാവണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്. ഒപ്രാഹ് ഫോര്‍ പ്രസിഡന്റെ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com