മോഹന്‍ലാലിന് മാത്രമല്ല ഒടിയനില്‍ മഞ്ജുവിനും ഉണ്ട് മൂന്ന് ലുക്കുകള്‍  

മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളാണ് മഞ്ജു അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയാണെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍
മോഹന്‍ലാലിന് മാത്രമല്ല ഒടിയനില്‍ മഞ്ജുവിനും ഉണ്ട് മൂന്ന് ലുക്കുകള്‍  

ഒരുപക്ഷെ അടുത്തകാലത്ത് ചിത്രീകരണവേളയില്‍ തന്നെ ഇത്രയധികം ചര്‍ച്ചകള്‍ ഉണ്ടായ മറ്റൊരു മലയാള സിനിമ ഉണ്ടാകില്ല. അത്രയധികം വിസ്മയങ്ങളാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ചെറുപ്പക്കാരനായുള്ള മോഹന്‍ലാലിന്റെ മേക്കോവര്‍ തന്നെയാണ് ചിത്രത്തെ എപ്പോഴും സംസാരവിഷയമാക്കിയിരുന്നത്. ഇപ്പോഴിതാ ഒടിയനെ ആകാംഷയോടെ കാത്തിരിക്കാന്‍ ഒരു കാരണം കൂടി. ചിത്രത്തിലെ മഞ്ചുവാര്യരുടെ കഥാപാത്രത്തേകുറിച്ചാണ് ഇക്കുറി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംസാരിക്കുന്നത്. 

കഥാപാത്രത്തിന്റെ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളാണ് മഞ്ജു അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും കഥാപാത്രങ്ങള്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് നില്‍ക്കുന്നതെന്നും ശ്രീകുമാര്‍ പറയുന്നു. ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി, 35 വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും മഞ്ജു തിരശീലയിലെത്തിക്കുന്നു.


'മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയനിലെ മഞ്ജുവിന്റെ കഥാപാത്രം. വളരെ മികച്ച നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആറാം തമ്പുരാനിലെ ഉണ്ണിമായയാണ് ഇന്നും എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. തിരിച്ചുവരവില്‍  'എന്നും എപ്പോഴും' മാറ്റിനിര്‍ത്തിയാല്‍ മഞ്ജുവിന്റെ മറ്റു സിനിമകളെല്ലാം നായികയെ മാത്രം ചുറ്റിപറ്റിയുള്ളവയായിരുന്നു. ഒരു അഭിനേതാവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നത് അവര്‍ അത്രതന്നെ മികച്ച മറ്റോരു അഭിനേതാവിനൊപ്പം അഭിനയിക്കുമ്പോഴാണ്. ഒടിയനില്‍ മഞ്ജു അഭിനയിക്കുന്നത് ഇന്ത്യയിലെതന്നെ മികച്ച രണ്ട് താരങ്ങള്‍ക്കൊപ്പമാണ്', ശ്രീകുമാര്‍ പറയുന്നു.

ചിത്രം വെല്ലുവിളിയെക്കാള്‍ കൂടുതല്‍ ത്രില്ലിംഗ് ആയ അനുഭവമാണ് സമ്മാനിച്ചതെന്നാണ് മഞ്ജുവിന്റെ വാക്കുകള്‍. ലാലേട്ടനും ഇതേ അനുഭവമായിരുന്നെന്നും അതുകൊണ്ടാണ് സിനിമയ്ക്കായി മേക്കോവര്‍ നടത്താന്‍ പോലും തയ്യാറായതെന്നും മഞ്ജു പറയുന്നു. ഇങ്ങനെയൊരു പ്രൊജക്ടില്‍ ലാലേട്ടനൊപ്പം അഭിനയിക്കുക ഏതൊരു നടിയുടെയും സ്വപ്‌നം തന്നെയായിരിക്കുമെന്ന് മഞ്ജു കൂട്ടിച്ചേര്‍ത്തു. 

ആറാം തമ്പുരാനിലെ ഉണ്ണിമായയുടെ കഥാപാത്രത്തേപോലെയല്ല ഒടിയനിലെ മഞ്ജുവിന്റേ വേഷമെന്നും ശ്രീകുമാര്‍ പറഞ്ഞു. ഇടവേളയ്ക്ക് ശേഷം ഉണ്ണിമായയ്ക്ക് അത്ര പ്രാധാന്യമുണ്ടായിരുന്നില്ലെങ്കില്‍ ഒടിയനില്‍ ചിത്രത്തില്‍ ഉടനീളം മഞ്ജുവിന്റെ കഥാപാത്രം നിറഞ്ഞുനില്‍ക്കുന്നുണ്ട്. സിനിമയുടെ ഗതി നിയന്ത്രിക്കുന്നത് തന്നെ മഞ്ജുവിന്റെ കഥാപാത്രമാണെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു. 

ഫെബ്രുവരി അഞ്ച് മുതലാണ് ചിത്ത്രതിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുക. കഥാപാത്രങ്ങളുടെ ചെറുപ്പ കാലഘട്ടമാണ് ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, സനാ അല്‍ത്താഫ് എന്നിവരും ഒടിയനില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com