മനോഹരമായ തിരക്കഥയ്ക്ക് നന്ദി; മുരളീഗോപിയുടെ ട്വീറ്റിന് മറുപടിയായി സ്ദ്ധാര്‍ത്ഥ് കുറിച്ചു

രംഗ്‌ദേ ബസന്തി, ജിഗര്‍താണ്ട എന്നീ ചിത്രങ്ങളിലെ വേഷങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന കഥാപാത്രമാണ് സിദ്ധാര്‍ത്ഥ് കമ്മാരസംഭവത്തില്‍ അവതരിപ്പിക്കുന്നതെന്ന് ദിലീപ് കുറിച്ചിരുന്നു.
മനോഹരമായ തിരക്കഥയ്ക്ക് നന്ദി; മുരളീഗോപിയുടെ ട്വീറ്റിന് മറുപടിയായി സ്ദ്ധാര്‍ത്ഥ് കുറിച്ചു

തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. ദിലീപ് നായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. കമ്മാരസംഭവത്തിലെ വേഷം സിദ്ധാര്‍ത്ഥിന്റെ കരിയറിലെ മികച്ചതാകുമെന്ന് ദിലീപ് നേരത്തേ വ്യക്തമാക്കിയിരുന്നു. സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ദിലീപ് ഇങ്ങനെ പറഞ്ഞത്.

രംഗ്‌ദേ ബസന്തി, ജിഗര്‍താണ്ട എന്നീ ചിത്രങ്ങളിലെ വേഷങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന കഥാപാത്രമാണ് സിദ്ധാര്‍ത്ഥ് കമ്മാരസംഭവത്തില്‍ അവതരിപ്പിക്കുന്നതെന്ന് ദിലീപ് കുറിച്ചിരുന്നു. 

മാത്രമല്ല സിദ്ധാര്‍ത്ഥിന്റെ ആരാധകര്‍ക്കായി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മുരളി ഗോപി ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്ന് തനിക്ക് മലയാള സിനിമ നല്‍കുന്ന സ്വീകരണത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. 'എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലത് വരട്ടെ, മനോഹരമായ ആ തിരക്കഥയ്ക്ക് നന്ദി. ഒപ്പം എന്നില്‍ നിങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസത്തിനും' ഇങ്ങനെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

കമ്മാരസംഭവം തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ 2016 ആഗസ്റ്റ് മാസത്തില്‍ തന്നെ തുടങ്ങിയിരുന്നു. തമിഴ്‌നാട്ടിലെ തേനിയില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് മലയാളത്തിലെ ഒരു നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുന്നത്. പിന്നീട് സിനിമയുടെ ചിത്രീകരണം നീണ്ടുപോയി. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. മലയാറ്റൂര്‍, വേങ്കര, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ബാക്കി ചിത്രീകരണം. 

ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. നമിത പ്രമോദ്, ബോബി സിംഹ, ശ്വേത മേനോന്‍, സിദ്ദിഖ്, വിനയ് ഫോര്‍ട്ട്, വിജയ രാഘവന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com