2.0 വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാല്‍ അല്ല; വിതരണാവകാശത്തിന് ബാഹുബലിയേക്കാള്‍ ഉയര്‍ന്ന തുക

കേരളത്തില്‍ 2.0 വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തിലുള്ള ആശിര്‍വാദ് സിനിമാസ് ആണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2.0 വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാല്‍ അല്ല; വിതരണാവകാശത്തിന് ബാഹുബലിയേക്കാള്‍ ഉയര്‍ന്ന തുക

ഇന്ത്യന്‍ സിനിമയിലെ ഓരോ ചിത്രങ്ങളും ഇപ്പോള്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകളാണ്. കളക്ഷനില്‍ മാത്രമല്ല ബജറ്റിലും. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പുറത്തിറങ്ങുന്ന 2.0 എന്ന രജനികാന്ത് ചിത്രം ലക്ഷ്യമിടുന്നതും റെക്കോര്‍ഡ് കളക്ഷന്‍ തന്നെ. 

കേരളത്തില്‍ 2.0 വിതരണത്തിനെത്തിക്കുന്നത് മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തിലുള്ള ആശിര്‍വാദ് സിനിമാസ് ആണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമ ചിത്രത്തിന്റെ വിതരണാവകാശം വാങ്ങിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാല ഇതെ സംബന്ധിച്ച്  ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. 

16 കോടി റെക്കോഡ് തുക നല്‍കിയാണ് ആഗസ്റ്റ് സിനിമാസ് 2.0 കേരളത്തിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലോബല്‍ യുണൈഡ് മീഡിയയാണ് ബാഹുബലി രണ്ടാംഭാഗത്തിന്റെ വിതരണാവകാശം കരസ്ഥമാക്കിയത്. 10.5 കോടി രൂപയാണ് ഗ്ലോബല്‍ യുണൈഡ് മീഡിയ ചിത്രത്തിന് വേണ്ടി വിപണിയിലിറക്കിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായിരുന്നു ബാഹുബലി. 

പതിനഞ്ച് ഭാഷകളിലായി ഏഴായിരം തിയേറ്ററുകളിലെത്തുന്ന 2.0, നിലവില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 6500 തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഈ റെക്കോഡ് 2.0 വിന് മുന്‍പില്‍ പഴങ്കഥയാകും. 

2010ലെ സൂപ്പര്‍ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എമി ജാക്‌സനാണ് നായിക. മലയാള നടന്‍ കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com