അഭിപ്രായം തുറന്ന് പറഞ്ഞതിന് റിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം; ഇത്തവണ മുന്‍പന്തിയില്‍ ലാലേട്ടന്‍ ഫാന്‍സും ആങ്ങളമാരും

മലയാള സിനിമയിലെ ലിംഗവിവേചനങ്ങള്‍ക്കെതിരെ തുറന്നടിച്ച നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യവര്‍ഷം.
അഭിപ്രായം തുറന്ന് പറഞ്ഞതിന് റിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം; ഇത്തവണ മുന്‍പന്തിയില്‍ ലാലേട്ടന്‍ ഫാന്‍സും ആങ്ങളമാരും

ലയാള സിനിമയിലെ ലിംഗവിവേചനങ്ങള്‍ക്കെതിരെ തുറന്നടിച്ച നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യവര്‍ഷം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്‌സ് ടോക്ക്‌സില്‍ സംസാരിക്കവെയാണ് മലയാള സിനിമാ മേഖല എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് റിമ തുറന്നടിക്കുന്നത്. ഇതേ വിഷയത്തില്‍ നടി പാര്‍വതിയ്‌ക്കെതിരെ മമ്മൂട്ടി ഫാന്‍സ് സൈബര്‍ ആക്രമണം നടത്തിയത്തിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണിത്.

പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തെ റിമ ആ പരിപാടിയില്‍ വെച്ച് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്ന ഒരു സെക്‌സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റ്കൂട്ടുന്ന മറ്റൊരു അമ്മ ഇവരാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നുമായിരുന്നു പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ച് റിമ പറഞ്ഞിരുന്നത്.

മലയാള സിനിമയിലേക്ക് 150 ഓളം പുതുമുഖ നടിമാര്‍ അവതരിപ്പിക്കപ്പെടുമ്പോഴും പത്തോ അതില്‍ താഴെയോ നായകന്മാരാലാണ് ഈ ഇന്‍ഡസ്ട്രി ഭരിക്കപ്പെടുന്നതെന്ന് റിമ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വെച്ച് ഏറ്റവും മികച്ച സെക്‌സ് റേഷ്യോ ഉള്ള സംസ്ഥാനമായിട്ടും സിനിമയിലെ സെക്‌സ് റേഷ്യോ 1:30 ആണ്. സഹപ്രവര്‍ത്തക ലൈംഗിക ആക്രമണത്തിന് ഇരയായപ്പോള്‍ അമ്മ പ്രസിഡന്റ് പറഞ്ഞത് അത് കഴിഞ്ഞുപോയ കാര്യമാണെന്നും റിമ കുറ്റപ്പെടുത്തിയിരുന്നു

സിനിമ നിര്‍മ്മിക്കപ്പെടുമ്പോള്‍ സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പെടെയുള്ളവയില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രതിഫലവും കുറവാണ്. സെറ്റിലെ ഫര്‍ണ്ണിച്ചറുകള്‍ക്ക് തുല്യമായാണ് സിനിമക്കാര്‍ സ്ത്രീകളെ പരിഗണിക്കുന്നതെന്നും റിമ പറഞ്ഞിരുന്നു.

ഇതു കൂടാതെ തന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം മുന്‍നിര്‍ത്തി കുട്ടിക്കാലം മുതലേ താനെങ്ങനെ ഫെമിനിസ്റ്റായി എന്നും റിമ വിവരിച്ചിരുന്നു. ഇതിനേയും അതേ സെന്‍സില്‍ മനസിലാക്കാതെ പുരുഷ ട്രോളന്‍മാര്‍ രംഗത്തിറങ്ങിയിരുന്നു. കുട്ടിക്കാലത്ത് വീട്ടിലെ പുരുഷന്‍മാര്‍ക്ക് മാത്രം പൊരിച്ച മീന്‍ കൊടുത്തതില്‍ താന്‍ പ്രതിഷേധിച്ചതിനെക്കുറിച്ചാണ് റിമ പറഞ്ഞിരുന്നത്. ഇതിനെതിരെയുള്ള പരിഹാസം മൂത്തപ്പോള്‍ റിമയെ അനുകൂലിച്ച് നിരവധി സ്ത്രീകളും പുരുഷന്‍മാരും രംഗത്തെത്തിയിരുന്നു. പക്ഷേ സിനിമാ മേഖലയില്‍ എല്ലാവരും ലാലേട്ടനും മമ്മൂക്കയ്ക്കും ഒപ്പമാണെന്ന് തോന്നുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com