ഏതാണ് ഒരു പെണ്ണിന് അസമയം? അതളക്കുന്ന അളവുകോല്‍ ഏതാണ്?; ക്വീനിന്റെ സംവിധായകന്‍ ചോദിക്കുന്നു

ഏതാണ് ഒരു പെണ്ണിന് അസമയം? അങ്ങനെ അസമയം അളക്കുന്ന അളവുകോല്‍ ഏതാണ്? ആരാണ് ഈ അസമയങ്ങള്‍ തീരുമാനിക്കുന്നത്? എന്താണ് സദാചാരം? 
ഏതാണ് ഒരു പെണ്ണിന് അസമയം? അതളക്കുന്ന അളവുകോല്‍ ഏതാണ്?; ക്വീനിന്റെ സംവിധായകന്‍ ചോദിക്കുന്നു

തീയറ്ററുകളില്‍ നിറഞ്ഞ കയ്യടിയോടെ മുന്നേറുകയാണ് നവാഗതനായ ടിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍. പുതുമുഖ നടി,നടന്‍മാരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയെത്തിയ ഈ ചിത്രം സ്ഥിരം ക്യാമ്പസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസതമാകുന്നത് അതിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയം കൊണ്ടും അവതരണ ശൈലികൊണ്ടുമാണ്. ക്വീനിന്റെ വിശേഷങ്ങളെപ്പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ടിജോ ജോസ് ആന്റണി. 

സ്ട്രഗിള്‍ ചെയ്തതിന്റെ പ്രതിഫലം

വര്‍ഷങ്ങളുടെ സ്ട്രഗിളിന്റെ വിജയമാണ് ക്വീന്‍. പല മുന്‍ നിര താരങ്ങളേയും കഥയുമായി സമീപിച്ചു. പക്ഷേ ആരും മുന്നോട്ടു വരാന്‍ തയ്യാറായില്ല. അവസാനം നിര്‍മ്മാതാക്കള്‍ പറഞ്ഞു നമുക്ക് പുതുമുഖങ്ങളെ വച്ച് ചെയ്യാമെന്ന്. അങ്ങനെയാണ് പുതുമുഖങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. കേന്ദ്ര കഥാപാത്രങ്ങളെയെല്ലാം പുതുമുഖങ്ങളായി അവതരിപ്പിച്ച് ഇത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്യുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. വെറുമൊരു സിനിമയായി എടുത്തുപോകരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമ ഒരു സ്വപനമാണ്. അത് സാക്ഷാത്കരിക്കുന്ന സമയം അത് വെറുതെ ചെയ്യരുത്. ലോകത്ത് ഏറ്റവും കൂടുതല്‍ സംവാദന ശേഷിയുള്ള കലയാണ് സിനിമ. അതിലൂടെ കൃത്യമായ മെസ്സേജുകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കണം. അതാണ് ഇത്തരമൊരു പ്രമേയം സ്വീകരിച്ചത്. 

സ്ത്രീകേന്ദ്രീകൃത സിനിമയെന്ന വെല്ലുവിളി

ഇന്ത്യയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഒരു കൊമേഷ്യല്‍ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന് കണ്ടുമടുത്ത ചേരുകള്‍ ഉണ്ടാവരുത് എന്ന് ഉറച്ച നിര്‍ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് താര തിളക്കമുള്ള വലിയ ആര്‍ട്ടിസ്റ്റുകള്‍ ഒന്നും ഇല്ല. അതുകൊണ്ടായിരിക്കാം അത്രയും ഗൗരവത്തോടെ ഈ കണ്ടന്റ് പറയാന്‍ സാധിച്ചത്. പറയേണ്ടത്, പറയേണ്ടിടത്ത് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ചെയ്യാനുള്ള ധൈര്യം ഞങ്ങള്‍ കാണിച്ചു. ഇതിലേറെ ഗൗരവതരമായ സബ്ജക്റ്റുകള്‍ ഉണ്ടാകട്ടേയെന്നും പ്രാര്‍ത്ഥിക്കുന്നു. നായികയ്ക്ക് വളരെ പ്രാധാന്യമുണ്ട് ചിത്രത്തില്‍. ആ കഥാപാത്രവും ഒരു പുതുമുഖമാണ്. എല്ലാംകൊണ്ടും വെല്ലുവിളികള്‍ ആയിരുന്നു. പക്ഷേ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ കാണുമ്പോള്‍ ആ ടെന്‍ഷനുകളെല്ലാം മാറി. 

ടിജോയും കൂട്ടരുമുയര്‍ത്തുന്ന ചോദ്യങ്ങള്‍

ഒരു സാധാരണക്കാരന് രാജ്യത്തെ നിയമ വ്യവസ്ഥയോട്,കോടതിയോട്, ഭരണകൂടത്തിനോട് ചോദിക്കണം എന്ന് ആഗ്രഹമുള്ള ചോദ്യങ്ങളാണ് സലിം കുമാറിന്റെ കഥാപാത്രത്തിലൂടെ ഞങ്ങള്‍ ചോദിച്ചിരിക്കുന്നത്. അഡ്വ. മുകുന്ദനെ ഇവിടുത്തെ സാധാരണക്കാരന്റെ ശബ്ദമായാണ് ഞങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ചോദ്യമുണ്ട്. അതിനൊന്നും  ഉത്തരം കിട്ടിയിട്ടില്ല. ഞങ്ങള്‍ ചോദിക്കുകയാണ്, ഏതാണ് ഒരു പെണ്ണിന് അസമയം? അങ്ങനെ അസമയം അളക്കുന്ന അളവുകോല്‍ ഏതാണ്? ആരാണ് ഈ അസമയങ്ങള്‍ തീരുമാനിക്കുന്നത്? എന്താണ് സദാചാരം? പുരുഷന് ഇറങ്ങി നടക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ ഇവിടെ സ്ത്രീകള്‍ക്കും ഇറങ്ങി നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

സ്ത്രീവിരുദ്ധ ഡയലോഗുകളില്ലാതെയും ക്യാമ്പസ് കഥ പറയാം

ഇപ്പോഴുള്ള ട്രെന്റ് എന്നു പറഞ്ഞാല്‍ ക്യാമ്പസ് ചിത്രങ്ങളായാല്‍ അസഭ്യ സംഭാഷണങ്ങള്‍ വേണം, സ്ത്രീവിരുദ്ധ ഡയലോഗുകള്‍ വോണം എന്നാണ്. അതിന്റെ ആവശ്യമില്ല. ഞങ്ങളെ സംബന്ധിച്ച് ഇത് ഫാമിലി സബ്ജക്ട് ആണ്, ഫാമിലി കാണണം. അതുകൊണ്ട് അതെല്ലാം ഒഴിവാക്കിയുള്ള തമാശ മതിയെന്ന് തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com