പത്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് കര്‍ണിസേനയുടെ ആഹ്വാനം ;  സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കുമെന്ന് ഭീഷണി 

സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കും. നഷ്ടം സഹിക്കാന്‍ ഉടമകള്‍ തയാറാകണമെന്നും കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ്
പത്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് കര്‍ണിസേനയുടെ ആഹ്വാനം ;  സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കുമെന്ന് ഭീഷണി 

ന്യൂഡല്‍ഹി:  വിവാദസിനിമ 'പത്മാവത്' റിലീസ് ചെയ്യുന്ന 25ന് രജ്പുത് കര്‍ണിസേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കും. നഷ്ടം സഹിക്കാന്‍ ഉടമകള്‍ തയാറാകണമെന്നും കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് മുന്നറിയിപ്പു നല്‍കി. ബന്ദ് വിജയമാക്കാന്‍ താന്‍ മുഴുവന്‍ സമയവും മുംബൈയിലുണ്ടാകും. ഗുജറാത്തിലെ തിയറ്ററുകളൊന്നും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാവില്ലെന്നും ലോകേന്ദ്ര പറഞ്ഞു.

രജപുത്ര പൈതൃകത്തെ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സിനിമ കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഹരിയാനയിലെ അംബാലയില്‍ അടക്കം രജ്പുത് സംഘടനകള്‍ പ്രതിഷേധമാര്‍ച്ച നടത്തി. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. നേരത്തെ, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നായിക ദീപിക പദുകോണ്‍ എന്നിവര്‍ക്കെതിരെ ലോകേന്ദ്ര വധഭീഷണി മുഴക്കിയിരുന്നു. 

സംഘപരിവാര്‍ അനുകൂല സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന്, ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാന സര്‍ക്കാരുകള്‍ സിനിമ നിരോധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിലക്ക് നീക്കിയിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന സര്‍ക്കാരുകളുടെ വാദം തള്ളിയ കോടതി, പ്രശ്‌നമുണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും, അതിന് സിനിമ നിരോധിക്കുകയല്ല വേണ്ടതെന്നും അഭിപ്രായപ്പെട്ടിരുന്നു. 

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനുവരി 25 ന് പത്മാവത് രാജ്യമൊട്ടാകെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിയെയും ലംഘിക്കുന്ന തരത്തിലാണ് ഇപ്പോള്‍ സിനിമക്കെതിരെ കര്‍ണിസേന രംഗത്തുവന്നിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെക്കും ഭീഷണിയുണ്ട്. രജ്പുത് സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പത്മാവതി എന്ന പേര് പത്മാവത് എന്നാക്കി മാറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com