ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം വ്യാപിക്കുന്നു; മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

റിപ്പബ്ലിക് ദിന റാലിക്കിടെയാണ് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുന്നത്
ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം വ്യാപിക്കുന്നു; മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കസ്ഗഞ്ച് ജില്ലയിലുണ്ടായ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വ്യാപിക്കുന്നു. ആക്രമണം ശക്തമായതോടെ ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ഇന്റര്‍നെറ്റും മേഖലയില്‍ വിച്ഛേദിച്ചു. റിപ്പബ്ലിക് ദിന റാലിക്കിടെയാണ് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുന്നത്. ഇന്നലെയുണ്ടായ ആക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്വകാര്യ ബസുകളും കാറും അഗ്നിക്കിരയാക്കി. 

സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ആക്രമണം വീണ്ടും ആരംഭിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയും നഗരത്തില്‍ പലയിടത്തും ആക്രമണങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷം വ്യാപിക്കുന്നതിനാല്‍ ഇരു വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. 

ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊലീസ് സേനയെ ജില്ലിയിലെ പലഭാഗത്തും വിന്യസിച്ചു. റിപ്പബ്ലിക് ദിനത്തില്‍ തിരങ്കയാത്ര എന്ന പേരില്‍ നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com