'മലയാളത്തില്‍ അവസരം ലഭിക്കാത്തത് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതുകൊണ്ട്'; തോറ്റുകൊടുക്കാന്‍ തയാറല്ലെന്ന് രമ്യാ നമ്പീശന്‍

'നോ പറയണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത്'
'മലയാളത്തില്‍ അവസരം ലഭിക്കാത്തത് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതുകൊണ്ട്'; തോറ്റുകൊടുക്കാന്‍ തയാറല്ലെന്ന് രമ്യാ നമ്പീശന്‍

ലയാള സിനിമയില്‍ തനിക്ക് അവസരം നിഷേധിക്കപ്പെടുന്നത് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതുകൊണ്ടാണെന്ന് നടി രമ്യാ നമ്പീശന്‍. തിരക്കഥ ചോദിക്കുന്നതുകൊണ്ടും തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. നമ്മുടെ ജോലിയോ കഴിവോ അല്ല സിനിമയിലേക്ക് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം നോ പറയേണ്ടിടത്ത് നോ പറഞ്ഞതുകൊണ്ടാണ് തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതെന്നും താരം വ്യക്തമാക്കി. 

'നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കിപ്പിടിച്ചു നിന്നു കഴിഞ്ഞാല്‍ നമ്മള്‍ നല്ല കുട്ടിയാണ്. പക്ഷേ നമ്മള്‍ എന്തെങ്കിലും നോ പറഞ്ഞാല്‍, അനീതി കണ്ട് പ്രതികരിച്ചാല്‍ നമ്മള്‍ ചീത്ത കുട്ടിയാണ്. നോ പറയണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത്. നടി എന്നു പറയുമ്പോള്‍ ഇന്ന ആള് വേണമെന്നും ഇല്ല. നായകന്‍മാര്‍ ചോദിക്കുന്ന ശമ്പളത്തിലും വളരെ കുറച്ചേ നമ്മള്‍ ചോദിക്കുന്നുള്ളൂ.' രമ്യ നമ്പീശന്‍ പറഞ്ഞു. 

എന്നാല്‍ ആരോടും ശത്രുത മനോഭാവമില്ലെന്നും എന്തായാലും മലയാള സിനിമകള്‍ ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് സിനിമകള്‍ നിഷേധിക്കപ്പെട്ടേക്കാമെന്നും എന്നുവെച്ച് തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലെന്നുമാണ് താരത്തിന്റെ നിലപാട്. 

ഭയമില്ലാതെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും വരാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാകണം. നമ്മുടെ  ടീമിലേക്ക് വന്ന ചില കുട്ടികള്‍ പറഞ്ഞതു കേള്‍ക്കുമ്പോള്‍ ഞെട്ടുകയാണ്. അഡ്ജസ്റ്റ്‌മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെയുള്ള റെക്കോര്‍ഡ് കോണ്‍വര്‍സേഷനുകള്‍ വരെയുണ്ട്. പക്ഷേ അത് അങ്ങനെ അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താന്‍ പറ്റില്ലെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com