'തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ച 'തെറ്റിന്' അവര്‍ എന്റെ സിനിമ ജീവിതത്തെ കൊന്നു'; മാഫിയ സാമ്രാജ്യം കടപുഴകിയാല്‍ തിരിച്ചുവരുമെന്ന് അലി അക്ബര്‍

'ഡബ്ല്യുസിസി അഴിച്ചുവിട്ട ഈ കാറ്റില്‍ ഈ മാഫിയാ സാമ്രാജ്യങ്ങള്‍ കടപുഴകി വീഴുകയാണെങ്കില്‍ താന്‍ തിരിച്ചു വരും'
'തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ച 'തെറ്റിന്' അവര്‍ എന്റെ സിനിമ ജീവിതത്തെ കൊന്നു'; മാഫിയ സാമ്രാജ്യം കടപുഴകിയാല്‍ തിരിച്ചുവരുമെന്ന് അലി അക്ബര്‍

ടന്‍ തിലകനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്ന ഒറ്റ 'തെറ്റിന്' വര്‍ഷങ്ങളായി വിലക്ക് നേരിടുകയാണ് സംവിധായകന്‍ അലി അക്ബര്‍. സംവിധായകന്‍ എന്ന നിലയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ഫെഫ്ക അദ്ദേഹത്തെ വിലക്കുന്നത്. വിലക്ക് ഇപ്പോഴും തുടരുന്നതിനാല്‍ ഒരു സിനിമ എടുത്താല്‍ പോലും അത് തീയെറ്ററില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. ഇപ്പോള്‍ സിനിമ മേഖലയില്‍ നടക്കുന്ന മാറ്റങ്ങളെ അദ്ദേഹം പ്രതീക്ഷയോടെയാണ് കാണുന്നത്. ഡബ്ല്യൂസിസി അഴിച്ചുവിട്ട കാറ്റില്‍ മാഫിയ സാമ്രാജ്യം കടപുഴകിയാല്‍ താന്‍ തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2009 ല്‍ സംവിധാനം ചെയ്ത അച്ഛന്‍ എന്ന സിനിമയാണ് അലി അക്ബറിന്റെ ജീവിതത്തെ വിലക്കുകളിലേക്ക് തള്ളിവിട്ടത്. ഏകാന്തമായ ഒരു അച്ഛന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രമായിരുന്നു ഇത്. ഇതില്‍ അഭിനയിക്കാന്‍ തിലകനെ ക്ഷണിച്ചതാണ് ഫെഫ്കയെ പ്രകോപിപ്പിച്ചത്. 'ഞാന്‍ വീട്ടില്‍ ചെന്നു കണ്ട് അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ 'എന്നെക്കൊണ്ട് നീ പുലിവാല് പിടിക്കണ്ട. പോയി മറ്റു വല്ലവരേയും അഭിനയിപ്പിച്ചിച്ച് സിനിമ തിയേറ്ററിലെത്തിക്കാന്‍ നോക്ക് ' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.  എന്നാല്‍ തിലകന്‍ ചേട്ടനില്ലാതെ അച്ഛന്‍ എന്ന സിനിമ ഇല്ല എന്ന എന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങി. അന്നു മുതല്‍ എനിക്ക്  മലയാള സിനിമയില്‍ അപ്രഖ്യാപിതമായ വിലക്കുമായി.' അലി അക്ബര്‍ പറഞ്ഞു. 

ആദ്യം തന്നോട് സഹകരിച്ചിരുന്ന സാങ്കേതിക വിദഗ്ധരേയും നടീനടന്മാരെയും പുതിയ സിനിമകളില്‍ നിന്ന് അകറ്റിയെന്നും ഇതിനെ മറികടന്ന് പുതുമുഖങ്ങളെ വെച്ച് പടമെടുത്തപ്പോള്‍ തീയെറ്റര്‍ കിട്ടാതാക്കിയെന്നുമാണ് അദ്ദേഹം പറയുന്നത്. നിരാഹാരമിരിക്കും എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മൂന്ന് തീയെറ്ററുകളിലാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. മൂന്ന് ദിവസത്തിന് ശേഷം അവരുടെ നിര്‍ദേശപ്രകാരം അച്ഛന്‍ തീയെറ്ററില്‍ നിന്ന് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വീണ്ടും 2011 ല്‍ തിലകനെ നായകനാക്കി ഐഡ്യല്‍ കപ്പിള്‍ എന്ന സിനിമ എടുത്തതോടെയാണ് അലി അക്ബറിന് ഫെഫ്ക സസ്‌പെന്‍ഷനും ഔദ്യോഗിക വിലക്കും ഏര്‍പ്പെടുത്തുന്നത്. മൂന്ന് മാസത്തേക്കായിരുന്നു വിലക്ക്. തിലകനെ മാറ്റിയാല്‍ വിലക്ക് പിന്‍വലിക്കാമെന്ന് ഇവര്‍ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 

'എന്നാല്‍ തിലകനെ വിട്ട് സിനിമ വേണ്ട എന്ന മുന്‍ നിലപാടില്‍ ഞാന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ഫെഫ്ക ഓഫീസിലേക്ക് വിളിച്ചുവരുത്തി ബി.ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, ശാന്തിവിള ദിനേശ്, ജി.എസ്.വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്നെ കൂട്ടവിചാരണ ചെയ്തു. അന്നവിടെ ഗുണ്ടകളുടെ സാന്നിധ്യവുമുണ്ടായിരുന്നു. തിലകനെ എടുത്തതിന് മാപ്പു പറയണമെന്നായിരുന്നു അവരുടെ ആവശ്യം. ഞാനത് നിരസിച്ചു. ഒടുവില്‍ മേല് കൈവയ്ക്കും എന്ന നില വന്നപ്പോള്‍ ഞാനുറപ്പിച്ച് പറഞ്ഞു, തല്ലാണെങ്കില്‍ അത് റോഡില്‍ വച്ചാകാം. ഞാനും ഒരു കമ്യൂണിസ്റ്റുകാരനായാണ് വളര്‍ന്നത്. തല്ല് ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് മതി എന്ന്. അന്നിറങ്ങിപ്പോന്നതാണ് ഫെഫ്ക ഓഫീസില്‍ നിന്ന്.' അലി അക്ബര്‍ പറഞ്ഞു. 

തന്റെ സിനിമ ജീവിതത്തെ അവര്‍ കൊന്നുവെന്നും ജീവിച്ചിരിക്കെ തന്നെ വിലക്കിന്റെ രക്തസാക്ഷിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരെ മാഫിയ എന്ന് വിളിച്ചാല്‍ മതിയാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. നവാഗതനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള തന്റെ ജീവിതം വഴിമുട്ടിയതിന് കാരണം ഈ മാഫിയയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡബ്ല്യുസിസി അഴിച്ചുവിട്ട ഈ കാറ്റില്‍ ഈ മാഫിയാ സാമ്രാജ്യങ്ങള്‍ കടപുഴകി വീഴുകയാണെങ്കില്‍ താന്‍ തിരിച്ചു വരുമെന്നും ഇപ്പോഴത്തെ മാറ്റങ്ങളില്‍ എനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com