നിവിന്‍ പോളി മലയാളികളുടെ സ്വന്തം കള്ളനാവുമോ..!!! കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വന്‍ വരവേല്‍പ്പ്

കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ വേഷപ്പകര്‍ച്ച തീയേറ്ററില്‍ അനുഭവിക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
നിവിന്‍ പോളി മലയാളികളുടെ സ്വന്തം കള്ളനാവുമോ..!!! കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വന്‍ വരവേല്‍പ്പ്

കേരളത്തിന്റെ പ്രിയപ്പെട്ട കള്ളന്‍ കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സിനിമയുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തയ്ക്കും കാതോര്‍ക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി അഭിനയിക്കുന്നു എന്നതും ഇതിന്റെ വേറൊരു പ്രത്യേകതയാണ്. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 45 കോടി മുതല്‍മുടക്കില്‍ 161 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മലയാളിക്ക് ഏറെ പരിചിതമാണ് കായംകുളം കൊച്ചുണ്ണി എന്ന നന്‍മയുള്ള കരുത്തനായ കള്ളനെ. കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ വേഷപ്പകര്‍ച്ച തീയേറ്ററില്‍ അനുഭവിക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ കൊച്ചുണ്ണിയായുള്ള നിവിന്റെ രൂപമാറ്റം അതിശയിപ്പിക്കുന്നതാണ്. കഥാപാത്രങ്ങളുടെ ലുക്ക് എങ്ങനെയായിരിക്കണമെന്നുള്ള തീരുമാനം കൈക്കൊള്ളുന്നത് ഏറെ വെല്ലുവിളിയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് വിശദമായ കുറിപ്പാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. 

ഏറെ വൈറലായി തീര്‍ന്ന മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ ആ ലുക്കിന് പകരം മറ്റൊന്നായിരുന്നു 90 ശതമാനം അണിയറപ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടത്. മുണ്ട് ഉടുത്തുള്ള ഇത്തിക്കര പക്കിയുടെ ഒരു ലുക്ക് ഉണ്ടായിരുന്നു. പക്ഷേ മോഹന്‍ലാലിനെ മുണ്ടുടുത്ത് ഏറെ കണ്ടിട്ടുള്ളതിനാല്‍ ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പറയുന്നു. കേരളം കാത്തിരിക്കുന്ന ഒരു രഹസ്യവും ചിത്രത്തിലുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. 

തെന്നിന്ത്യന്‍ നായികയായ പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നിവിനൊപ്പം റോഷന്‍ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രീകരണം പുര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി ഉടന്‍ റിലീസിനെത്തും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.

സണ്ണി വെയ്ന്‍, ബാബു ആന്റണി, സുധീര്‍ കരമന, ഇടവേള ബാബു, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ്  ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബോബി-സഞ്ജയുടേതാണ് തിരക്കഥ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com